പൈസ ഉണ്ടാക്കാൻ വേണ്ടിയല്ല അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
Entertainment
പൈസ ഉണ്ടാക്കാൻ വേണ്ടിയല്ല അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th January 2024, 10:08 am

ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഒരുപോലെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ.

സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്ത ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനും മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ആകാംക്ഷയായിരുന്നു എല്ലാവർക്കും. പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്‌ടിച്ച ചിത്രമാണ് വാലിബൻ.

 

താര സമ്പന്നമായ ചിത്രത്തിൽ ഹരീഷ് പേരടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലിനൊപ്പം മുഴുനീള കഥാപാത്രമായി എത്തുന്ന ഹരീഷ് മോഹൻലാലിനെ കുറിച്ച് പറയുകയാണ്.

രാവിലെ എഴുന്നേൽക്കാൻ മടി കാണിക്കുന്ന ആളുകളാണ് നമ്മൾ എല്ലാവരുമെന്നും എന്നാൽ മോഹൻലാൽ വാലിബനായി മാറാൻ ശരീരത്തിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും ഹരീഷ് പേരടി പറയുന്നു.

മോഹൻലാലിന് ഇനി പൈസ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും എന്നിട്ടും ഇപ്പോഴും കഷ്ടപ്പെടുന്നത് കഥാപാത്രത്തോടുള്ള കമ്മിറ്റ്മെന്റ് കൊണ്ടാണെന്നും ഹരീഷ് സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘ലാലേട്ടൻ എന്നെക്കാൾ പ്രായമുള്ള ആളാണ്. അദ്ദേഹത്തിന്റെ ബോഡി അദ്ദേഹം മാറ്റിയെടുത്താണ്, വാലിബനായി മാറിയത്. ഇതിനൊക്കെ വല്ലാത്ത മെനകേടുണ്ട്. രാവിലെ ഒന്ന് നേരത്തെ എഴുന്നേൽക്കാൻ തന്നെ മടി കാണിക്കുന്ന ആളുകളാണ് നമ്മൾ. പക്ഷെ അതെല്ലാം മാറ്റി വെച്ച് അധ്വാനിച്ച് കൊണ്ടിരിക്കുകയാണ്. എന്തിന് വേണ്ടി?

പൈസയൊക്കെ അദ്ദേഹത്തിന്റെ കയ്യിൽ നന്നായിട്ടുണ്ടല്ലോ. ഇനിയിപ്പോൾ പൈസ ഉണ്ടാക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ അതല്ല, അതിനപ്പുറം ആ കഥാപാത്രത്തോടുള്ള ആ കമ്മിറ്റ്മെന്റ് ആണത്. അതിനെ നമ്മൾ അംഗീകരിച്ചേ പറ്റു. അങ്ങനെയൊരു വാലിബൻ ആയത് കൊണ്ടാണ് നമുക്കിത് ആസ്വദിക്കാനും പറ്റുന്നത്,’ഹരീഷ് പേരടി പറയുന്നു.

Content Highlight: Hareesh Peradi Talk About Hard Work Of Mohanlal