| Wednesday, 15th October 2025, 8:34 pm

തുടരൂ അനസ്... ഇസ്രഈല്‍ കൊന്നുകളഞ്ഞ ഗസയുടെ ശബ്ദം

ആര്യ. പി

ഇസ്രഈല്‍ ഉപരോധം മൂലം ഗസയിലുണ്ടായ പട്ടിണിയെക്കുറിച്ച് 2025 ജൂലൈയില്‍ അല്‍ ജസീറയ്ക്ക് വേണ്ടി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെ 28കാരനും രണ്ടുകുട്ടികളുടെ പിതാവും കൂടിയായ അനസ് അല്‍ ഷെരീഫ് പൊട്ടിക്കരഞ്ഞുപോയി.

‘തുടരൂ അനസ്, നീ ഞങ്ങളുടെ ശബ്ദമാണ്,’ എന്ന് അവിടെയുണ്ടായിരുന്ന ഒരു ഫലസ്തീനിയന്‍ അനസിനോട് പറയുന്നത് ആ വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ‘ഗസയുടെ ആ ശബ്ദം’ എന്നെന്നേക്കുമായി നിശബ്ദമാക്കപ്പെട്ടിരിക്കുന്നു.

2025 ഓഗസ്റ്റ് 11ന്, ഇസ്രഈല്‍ സൈന്യം അല്‍-ഷിഫ ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന മീഡിയ ടെന്റിന് നേരെ ബോംബെറിഞ്ഞ്.
അനസ് അല്‍-ഷെരീഫിനേയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നാല് മാധ്യമപ്രവര്‍ത്തകരേയും കൊന്നുകളഞ്ഞു.

രാത്രിയിലായിരുന്നു ആക്രമണം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇസ്രഈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് അവര്‍ ഒരു ന്യായീകരണവും പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ഹമാസിന്റെ പ്രവര്‍ത്തകര്‍ ആയിരുന്നുവെന്ന്.

ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിന്റെ ആദ്യ ദിവസം മുതല്‍ വടക്കന്‍ ഗസയില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു അല്‍-ഷെരീഫ്.

ഗസയിലെ സാധാരണ ജനങ്ങളെ ഇസ്രഈല്‍ സേന കൂട്ടത്തോടെ കുടിയിറക്കുന്നതിനെ കുറിച്ചും അവര്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും പട്ടിണിയെ കുറിച്ചുമെല്ലാം അനസ് വിവിധ റിപ്പോര്‍ട്ടുകളിലൂടെ ലോകത്തെ അറിയിച്ചു.

ഇസ്രഈലി ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം പകര്‍ത്തിയ അവസാന വീഡിയോ ഇസ്രഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാരെക്കൊണ്ട് നിറഞ്ഞ ആശുപത്രിയില്‍ നിന്നുള്ളതായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള, നഗ്നവും മുന്‍കൂട്ടി തയ്യാറാക്കിയതുമായ ആക്രമണമാണ് ഇതെന്ന് അല്‍ ജസീറ പ്രസ്താവനയില്‍ വ്യക്തമാക്കി. അനസ് അല്‍ ഷെരീഫിനെ ‘ഗസയിലെ ഏറ്റവും ധീരനായ പത്രപ്രവര്‍ത്തകരില്‍ ഒരാള്‍‘ എന്ന് വിശേഷിപ്പിച്ചു.

ഗസയിലെ അധിനിവേശത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഇസ്രഈലിന്റെ തീവ്രശ്രമമായിരുന്നു അനസിന് നേരെയുണ്ടായ ആക്രമണം.

അല്‍ ജസീറ അറബിക്കിന് വേണ്ടി അല്‍ ഷെരീഫ് നടത്തിയ നിര്‍ഭയമായ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ ഗസയിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാക്കി മാറ്റിയിരുന്നു. മാധ്യമ ലോകം അദ്ദേഹത്തെ ‘ഗസയുടെ ശബ്ദം’ എന്ന് വിശേഷിപ്പിച്ചു.

2023 ഒക്ടോബര്‍ മുതല്‍, തീവ്രമായ ഇസ്രഈലി ആക്രമണങ്ങള്‍ക്ക് വിധേയമായ വടക്കന്‍ ഗസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് അനസ് കഴിഞ്ഞിരുന്നത്.

ഗസ അഖ്‌സ യൂണിവേഴ്‌സിറ്റിയല്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ അനസ് റേഡിയോ, ടെലിവിഷന്‍ എന്നിവയിലും വൈദഗ്ദ്ധ്യം നേടിയിരുന്നു.

ഗസയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് 2018-ല്‍ ഫലസ്തീനിലെ മികച്ച യുവ പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.

ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹം പുലര്‍ത്തിയ അസാധാരണമായ പ്രതിരോധശേഷിയും, ധൈര്യവും, പത്രസ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധയും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം, ആംനസ്റ്റി ഇന്റര്‍നാഷണല്‍ മനുഷ്യാവകാശ സംരക്ഷക അവാര്‍ഡ് അദ്ദേഹത്തിന് നല്‍കി ആദരിച്ചിരുന്നു.

ഭാര്യയും രണ്ട് കുട്ടികളുമുള്ള അനസിന് യുദ്ധപശ്ചാത്തലത്തില്‍ അവരെ കാണാനോ അവരോടൊത്ത് സമയം ചിലവഴിക്കാനോ കഴിഞ്ഞിരുന്നില്ല.

മാത്രമല്ല 2023 ഡിസംബറില്‍ ജബാലിയയിലെ വീട്ടില്‍ കഴിയവേ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അനസിന്റെ പിതാവ് കൊല്ലപ്പെട്ടിരുന്നു.

മാത്രമല്ല അനസ് കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ്, കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സി.പി.ജെ) അനസിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

അനസ് അല്‍-ഷെരീഫിനെതിരെ ഇസ്രഈലി സൈനിക വക്താവ് അവിചയ് അദ്രായി ആവര്‍ത്തിച്ച് നടത്തുന്ന ഭീഷണികളില്‍ തങ്ങള്‍ ആശങ്കാകുലരാണാണെന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നെന്നും സി.പി.ജെ റീജിയണല്‍ ഡയറക്ടര്‍ സാറ ഖുദ പറഞ്ഞിരുന്നു.

അല്‍ ഷെരീഫിനെ ഇസ്രഈല്‍ സൈന്യം ലക്ഷ്യമിടുന്നത് ഇതാദ്യമായിരുന്നില്ല. ഗസയിലെ പട്ടിണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അനസ് ലൈവില്‍ പൊട്ടിക്കരഞ്ഞത് ലോകം ശ്രദ്ധിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ അനസിനെതിരായ നീക്കങ്ങള്‍ ശക്തമാക്കിയത്.

ഗസയിലെ മാധ്യമ പ്രവര്‍ത്തകര്‍ വളരെ മോശം സാഹചര്യങ്ങളിലാണ് അക്ഷീണം ജോലി ചെയ്തു കൊണ്ടിരുന്നത്. നിരന്തരമായ ബോംബാക്രമണം, നാടുകടത്തല്‍, യുദ്ധായുധമായ പട്ടിണി എന്നിവ സഹിച്ചുകൊണ്ടാണ് ഇവരുടെ പോരാട്ടമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

ജീവന് ഭീഷണിയുണ്ടെങ്കിലും, മാസങ്ങളായി ഇസ്രാഈല്‍ ആക്രമണം തുടരുന്ന വടക്കന്‍ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനസ് തുടര്‍ന്നു.

മരണത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ്, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കിട്ടു. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഇസ്രഈലിന്റെ ബോംബാക്രമണ ശബ്ദങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു..

‘കഴിഞ്ഞ രണ്ടുമണിക്കൂറായി തുടര്‍ച്ചയായ ബോംബാക്രമണം നടക്കുന്നു. ഗസ നഗരത്തിന് നേരെ ഇസ്രഈല്‍ ആക്രമണം ശക്തമാക്കുകയാണ്’ എന്നായിരുന്നു അദ്ദേഹം എഴുതിയത്.

ലോകത്തോടുള്ള തന്റെ അവസാന സന്ദേശമെന്ന നിലയില്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ഇങ്ങനെ എഴുതി.

‘നിങ്ങള്‍ ഈ വാക്കുകള്‍ വായിക്കുന്നുണ്ടെങ്കില്‍, എന്നെ കൊല്ലുന്നതിലും എന്റെ ശബ്ദം നിശബ്ദമാക്കുന്നതിലും ഇസ്രഈല്‍ വിജയിച്ചു എന്ന് മനസ്സിലാക്കുക. ഒരു ജനതയുടെ വേദന ഞാന്‍ നേരിട്ടുകണ്ടു. അവരോടൊപ്പം ജീവിച്ചു. പല നഷ്ടങ്ങളും സംഭവിച്ചു. എന്നിട്ടും വളച്ചൊടിക്കലിന് തയ്യാറാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ലോകത്തെ സത്യം അതേപടി അറിയിക്കാന്‍ ഞാന്‍ ഒരിക്കല്‍ പോലും മടിച്ചിട്ടില്ല.

എന്നാല്‍ ഇവിടെ നടക്കുന്നതിനോട് നിശബ്ദത പാലിച്ചവര്‍, ഈ കൊലപാതകങ്ങളെ അംഗീകരിച്ചവര്‍, നമ്മെ ശ്വാസം മുട്ടിച്ചവര്‍, നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും ചിതറിക്കിടക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ട് ഹൃദയം തകരാത്തവര്‍, ഒന്നര വര്‍ഷത്തിലേറെയായി നമ്മുടെ ജനങ്ങള്‍ നേരിടുന്ന കൂട്ടക്കൊല തടയാന്‍ ഒന്നും ചെയ്യാത്തവര്‍.. ഇവരോടെല്ലാം അള്ളാഹു പൊറുക്കട്ടെ..

ഫലസ്തീനെ നിങ്ങളെ ഏല്‍പ്പിക്കുന്നു… അവിടുത്തെ ജനങ്ങള്‍… അടിച്ചമര്‍ത്തപ്പെട്ട കുട്ടികള്‍… എന്റെ കണ്ണിലെ കൃഷ്ണമണിയായിരുന്നു എന്റെ പൊന്നു മകള്‍… എന്റെ പ്രിയപ്പെട്ട മകന്‍… എന്റെ പ്രിയപ്പെട്ട അമ്മ… എന്റെ പങ്കാളി, നിങ്ങള്‍ അവരുടെ പിന്തുണയ്ക്കായി ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.. ഗസയെക്കുറിച്ച് മറക്കരുത്…

സെെത്തൂണിന്‍റെ മക്കള്‍

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി

ഭാഗം മൂന്ന്: ഡോ. അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍

ഭാഗം അഞ്ച്: വാഇല്‍-അല്‍-ദഹ്ദൂഹ്; മാധ്യമപ്രവര്‍ത്തകന്‍, ഗസയിലെ പോരാളി

ഭാഗം ആറ്: അവ്‌നി എല്‍ ദൗസ്: മരണശേഷം ലോകമറിഞ്ഞ ഗസയിലെ യൂട്യൂബര്‍

ഭാഗം എട്ട്റീമും താരിഖും, ഗസയുടെ മുത്തച്ഛന്റെ റൂഹായ പൊന്നുമക്കള്‍

ഭാഗം ഒമ്പത്: ഇസ്രഈല്‍ കൊലപ്പെടുത്തിയ ‘ഫലസ്തീന്‍ പെലെ’; സുലൈമാന്‍ അല്‍ ഉബൈദ്

ഭാഗം പത്ത്: ഡോ. മര്‍വാന്‍ അല്‍-സുല്‍ത്താന്‍; ഗസയുടെ ഹൃദയസൂക്ഷിപ്പുകാരന്‍

ഭാഗം പതിനൊന്ന്: ഡോ. ഗസ്സാന്‍ അബു-സിത്ത; ഇസ്രഈല്‍ പ്രാകൃതത്വത്തിന് നേര്‍സാക്ഷിയായ സര്‍ജന്‍

Content Highlight: Anas al Sharif: Journalist known as Voice of Gaza

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.