എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിട്ടാലും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവില്ല
Interview
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിട്ടാലും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവില്ല
അനുപമ മോഹന്‍
Wednesday, 4th May 2022, 9:12 pm
സമുദായ മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം നോക്കുകയാണെങ്കില്‍ ദളിത് പ്രാതിനിധ്യം കാണാനേ സാധിക്കുകയില്ല. ഇത്തരം മേഖലകളില്‍ നടക്കുന്ന അഴിമതി മാത്രമല്ല ഈ അനീതിക്ക് കാരണം, അധികാരികളുടെ ജീര്‍ണിച്ച ജാതിബോധം കൂടിയാണെന്ന് വ്യക്തമാക്കുകയാണ് അംബേദ്കറൈറ്റും എഴുത്തുകാരനുമായ അനന്തു രാജ്. എയ്ഡഡ് കോളേജുകളില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അവഗണനയെക്കുറിച്ചും പി.എസ്.സിയിലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ കുറിച്ചും അനന്തു രാജ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

 

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി. എസ്. സി ഏറ്റെടുക്കുന്നത് ജോലികളിലേക്ക് പ്രവേശനം ലഭിക്കാതെ കാലങ്ങളായി പുറത്തു നില്‍ക്കുന്ന മനുഷ്യര്‍ക്കുള്ള തുറസ്സാകില്ലേ?

കാലങ്ങളായി എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ യാതൊരുവിധ പ്രാതിനിധ്യവുമില്ലാതെ നില്‍ക്കുന്ന വിഭാഗമാണ് എസ്. സി/ എസ്. ടി. റിസര്‍വേഷന്‍ എന്ന ആശയത്തെ തന്നെ പരസ്യമായി എതിര്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. സംവരണത്തെ കുറിച്ച് സോഷ്യല്‍ എജ്യുക്കേഷന്‍ ലഭിക്കാത്ത, സോഷ്യല്‍ ജസ്റ്റിസിനെ കുറിച്ച് ധാരണയില്ലാത്ത സമൂഹത്തിനകത്തെ ഒരു പ്രശ്നമായാണ് ഇതിനെ കാണേണ്ടത്.

വിദ്യാഭ്യാസ മേഖലയുടെ പ്രശ്നമായല്ല , മറിച്ച് ജാതീയയുടെ പ്രവർത്തനമായാണ് ഇത് കണക്കിലാക്കേണ്ടത്. മാറി വന്ന കാലത്തിനകത്തും ജാതി എങ്ങനെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി കാണാന്‍ സാധിക്കും. ജാതിയുടെ പേരില്‍ ഒരു വിഭാഗം മനുഷ്യരെ എങ്ങനെയൊക്കെ പുറന്തള്ളാം, ഔട്ട് കാസ്റ്റുകളാക്കാം എന്ന ചിന്ത നമ്മുടെ സമൂഹത്തിനകത്ത് നിലനില്‍ക്കുന്നുണ്ട്.

ഒരു വ്യക്തി ജോലിക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ അവരുടെ ജാതിയും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഫേക്ക് ആയിട്ടുള്ള ഒരു സര്‍വ്വേ നടത്തിയിരുന്നു. റിക്രൂട്മെന്റിന് വേണ്ടിയുള്ള കത്തുകളയക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതൊക്കെ മാനദണ്ഡം ഉപയോഗിച്ചാണ് ജോലി നല്‍കുന്നതെന്ന് അറിയാനുള്ള സര്‍വ്വേ ആയിരുന്നു അത്.

ആ സര്‍വേയില്‍ അവര്‍ ചെയ്യുന്ന കാര്യം വളരെ മാര്‍ക്ക് കുറഞ്ഞ ഒരാളുടെ പേരില്‍ ബ്രാഹ്മണന്‍ എന്ന ജാതി വെച്ച് ഒരു ഫോം അയക്കുന്നു. ഉയര്‍ന്ന മാര്‍ക്കോട് കൂടി പിന്നാക്ക വിഭാഗത്തിന്റെ ഐഡന്റിറ്റിയില്‍ വേറെ ഫോമുകളും അയക്കുന്നു. ഈ പറഞ്ഞ ബ്രാഹ്മണ ഐഡന്റിറ്റിയുള്ള ഒരാള്‍ക്ക് വളരെ പെട്ടെന്ന് തന്നെ റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള കാള്‍ ലെറ്റര്‍ വരികയാണ്. ഇത്തരത്തിലുള്ള സോഷ്യല്‍ എക്സ്പെരിമെന്റുകള്‍ നടത്തുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിനകത്ത് നിലനില്‍ക്കുന്ന ജാതി പ്രിവിലേജുകള്‍ പ്രകടമാകുന്നുണ്ട്.

1800 കളുടെ അവസാനത്തില്‍ മലയാളി മെമ്മോറിയലില്‍ പോലും ഇപ്പോള്‍ നടക്കുന്ന ഇന്‍ക്ലൂഷനെ പറ്റിയുള്ള ചര്‍ച്ചയാണ് കൊണ്ടുവന്നിരുന്നത്. മലയാളി ഐഡിന്റിറ്റിയിലുള്ള ഞങ്ങള്‍ക്കും ജോലി തരണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും അത്തരത്തിലുള്ള ഒരു പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണിത്. കേരളരൂപീകരണത്തിനു ശേഷമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏതു നിലയിലാണ് സാമൂഹിക വിഭജനത്തെ ഉപയോഗിച്ചതെന്ന് മനസ്സിലാക്കാന്‍ പറ്റും.

ഇന്ത്യയില്‍ നവീകരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ച കാലത്ത് രാഷ്ട്രീയ നവീകരണ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസും, സാമൂഹ്യ നവീകരണ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യല്‍ കോണ്‍ഫറന്‍സും ഉണ്ടാവുകയുണ്ടായി. ക്രമേണെ ഈ സോഷ്യൽ കോൺഫറൻസ് തകർന്നുപോയി. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയപരമായ മാറ്റം കൊണ്ട് മാത്രം നമ്മുടെ സമൂഹത്തെ മാറ്റാന്‍ പറ്റുമോ എന്ന ഒരു ചോദ്യം അംബേദ്കര്‍ ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യത്തിന് അക്കാലം മുതലേ കോണ്‍ഗ്രസിന് ഉത്തരമില്ലായിരുന്നു. പിന്നീട്, കമ്യൂണിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തികപരമായി തന്നെ ജാതിയെ പരിഗണിക്കേണ്ടതില്ല എന്ന സാഹചര്യം ഉണ്ടാക്കിയപ്പോള്‍ അതിനെ കോണ്‍ഗ്രസ് അനുകൂലിക്കുകയായിരുന്നുവെന്നും കാണാവുന്നതാണ്.

വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ നേരിടുന്ന സോഷ്യോളജിക്കലും, ആന്ത്രപ്പോളജിക്കലും, സാംസ്‌കാരികപരവുമായ വേര്‍തിരിവുകളെ കുറിച്ചുള്ള ധാരണയില്ലായ്മ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടികള്‍ക്കകത്തും ഉണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം അതുകൊണ്ടാണല്ലോ 1958ല്‍ ഭരണപരിഷ്‌കരണ ചെയര്‍മാനായി ഇ.എം.എസ് വന്ന സമയത്ത് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടത്.

ഇത്തരത്തിലുള്ള ഒരു സോഷ്യല്‍ ഐഡിയക്കകത്തു നിന്നാണ് മനുഷ്യന്‍ ഉണ്ടാകുന്നതെന്നും അതിനകത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ധാരണയാണ് നമുക്ക് വേണ്ടത്. കേരളത്തിനകത്ത് സ്ഥാപനവത്കൃതമായ സമൂഹങ്ങള്‍ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിനകത്ത് ഈ സമുദായ സംഘടനകളുടെ ഒരു വലിയ പ്രബലത നമുക്ക് കാണാന്‍ സാധിക്കും. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, മുസ്ലിം സമുദായങ്ങള്‍, എസ്. എന്‍. ട്രസ്റ്റ്, ക്രിസ്ത്യന്‍ സഭകള്‍ ഇതില്‍ ഏതും ആയിക്കോട്ടെ ഇവര്‍ക്കെല്ലാം ഒരു തരത്തിലുള്ള പ്രബലത ഇതിനകത്തുണ്ട്.

ഗവണ്‍മെന്റിന്റെ ഗ്രാന്റ് വാങ്ങിയിട്ടാണ് ഈ പറയുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഗ്രാന്റ് വാങ്ങുകയാണെങ്കില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ ആക്ട് പാലിക്കേണ്ടതുണ്ട്. 1956 ലെ സെക്ഷന്‍ 20/1 പ്രകാരം ഗ്രാന്റ് വാങ്ങുന്ന സ്ഥാപനങ്ങള്‍ റിസര്‍വേഷന്‍ നടത്തണമെന്നുള്ള ഒരു മാനദണ്ഡമുണ്ട്. അതിനെതിരായാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ മാനേജ്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍.എസ്.എസിന്റെ കാര്യം നോക്കുകയാണെങ്കില്‍ 90 ശതമാനവും ഇവിടെ കമ്യൂണിറ്റിക്ക് അകത്തുള്ള ആള്‍ക്കാരെ മാത്രമാണ് നിയമിക്കുന്നത്. ഭൂമിയും സ്വത്തുക്കളും സാമൂഹികപരമായിട്ടുള്ള ഉയര്‍ച്ചകളുമുള്ളവര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കും. എന്നിട്ട് അവരുടെ വിഭാഗത്തിലുള്ളവരെ നിയമനം നടത്തുകയും ചെയ്യും. ഭൂമിയുടെ പേരിലുള്ള അധികാരമോ ഇക്കണോമിക്കല്‍ ക്യാപിറ്റലോ ഇല്ലാതെ പോയ എസ്. സി /എസ്. ടി വിഭാഗത്തിലുള്ളവര്‍ക്കൊന്നും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. അവരുടേതായിട്ടുള്ള സംഭാവനകളൊന്നും അതിനകത്തു കൊണ്ടുവരാനും സാധിച്ചില്ല. ഇതവരുടെ കുറ്റമല്ല. മറിച്ച് സ്റ്റേറ്റ് ആണ് ഇതിനുള്ള കാരണക്കാരന്‍. സ്റ്റേറ്റ് ആണ് ഇവര്‍ക്ക് പ്രാതിനിധ്യം ഇല്ലാതിരിക്കാനുള്ള കാരണക്കാരന്‍.

ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത് വളരെ വ്യക്തമാണ്. സ്റ്റേറ്റിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനാധിപത്യവല്‍ക്കരിമ്പോള്‍ പിന്നാക്ക വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യത്തിലാണ് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോവുന്നത്.

എയ്ഡഡ് കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരും അനധ്യാപകരുടെയും എണ്ണം ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ്. ഇതിനകത്ത് എസ്. സി/ എസ്. ടി വിഭാഗത്തിന്റെ പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല. ഏകദേശം അഞ്ഞൂറോ അഞ്ഞൂറ്റി അമ്പതോ ആളുകള്‍ മാത്രമാണ് ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. റിസര്‍വേഷന്‍ വരികയാണെങ്കില്‍ 20000 പേരെങ്കിലും ഈ ജോലിസ്ഥലങ്ങളില്‍ എത്തും. റിസര്‍വേഷന്‍ കാറ്റഗറിയിലുള്ളവരെ മാത്രം കയറ്റണമെന്നല്ല നമ്മള്‍ പറയുന്നത്, റിസര്‍വേഷന്‍ എങ്കിലും വെച്ചിരുന്നെങ്കില്‍ ഈ വെറും അഞ്ഞൂറ് പേര്‍ക്ക് പകരം കുറച്ചധികം പേരെങ്കിലും വരുമായിരുന്നു എന്നാണ്.

 

എയ്ഡഡ് കോളേജുകളില്‍ ദളിതര്‍ക്ക് നിയമനം ലഭിക്കാത്തതിന് അഴിമതി മാത്രമല്ലല്ലോ കാരണം ? കൃത്യമായ ജാതിബോധം ഇത്തരം സ്ഥാപനങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നില്ലേ?

 

ഇത് കാശിന്റെ പ്രശ്നം മാത്രമല്ല.  ഏതൊരു പ്രബല സമുദായത്തിന്റെ സ്ഥാപനത്തിനകത്തും ഒരാള്‍ക്ക് ജോലി വേണമെങ്കില്‍ ലക്ഷകണക്കിന് രൂപയാണ് കൊടുക്കേണ്ടി വരിക. ജോലിയെടുക്കുന്നത് എയ്ഡഡ് കോളേജിലാണെങ്കിലും ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണ്. ശമ്പളത്തില്‍ നിന്നും ഇപ്പറഞ്ഞ തുക മാനേജ്‌മെന്റുകള്‍ക്ക് ഈടാക്കാവുന്നതാണ്. അങ്ങനെ വേണമെങ്കിലും അവര്‍ക്ക് മറ്റാളുകൾക്ക് വേണ്ട പ്രാധിനിത്യം നൽകാം . അതുകൊണ്ടാണ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത് അഴിമതി മാത്രമല്ല എന്ന് പറയുന്നത് .

ബ്രാഹ്മണിക്കലായ ചിന്തകളും വിവേചനങ്ങളും ഈ സ്ഥാപനങ്ങള്‍ക്കകത്ത് നടക്കുന്നുണ്ട്. അത് കേവലം ബ്രാഹ്മണരിലോ നായന്മാരിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അതെല്ലാ മനുഷ്യരിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിലെ മനുഷ്യര്‍ക്ക് മാത്രം ചില പ്രത്യേക കഴിവുകള്‍ ഉണ്ടെന്നും അതേസമയം ഈ കഴിവുകളൊന്നും പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് ഉണ്ടാകില്ലെന്നും ചിലര്‍ക്ക് തോന്നുന്നതും ഈ ബോധത്തിന്റെ തുടര്‍ച്ചയാണ്.

ഈ അസ്വാഭാവികമായ തോന്നലില്‍ നിന്നാണ് നിയമനങ്ങളിലെ അനീതിയും നടക്കുന്നത്. പഠിക്കാന്‍ പോകുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മെറിറ്റിലാണ്. കഴിഞ്ഞ വര്‍ഷം എറണാകുളം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ സംവരണത്തെ സംബന്ധിക്കുന്ന ഒരു ചര്‍ച്ച നടത്തിയിരുന്നു. ഞാനും സണ്ണി എം. കപിക്കാടുമായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. അന്ന് അവരില്‍ ചിലര്‍ പറഞ്ഞത് റിസര്‍വേഷനിലൂടെ കടന്നു വരുന്ന ഒരു വ്യക്തി ഡോക്ടര്‍ ആയി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് പേടിയാണെന്നാണ്.

ഈ തെറ്റിദ്ധാരണയാണ് ആദ്യം മാറേണ്ടത്. എന്‍ട്രന്‍സിന് മാത്രമാണല്ലോ റിസര്‍വേഷന്‍ വരുന്നത്. എല്ലാവരെയും പോലെ പഠിച്ച് പാസ്സായിട്ടാണ് അവരും ഡോക്ടര്‍ ആകുന്നത്. ഒരു വ്യക്തി എന്നതിനപ്പുറം ഒരു ജാതിയുടെ പ്രതിനിധിയായാണ് മനുഷ്യരെ സമൂഹം കണക്കാക്കുന്നത്. ഒരു പ്രത്യേക ജാതിയില്‍ നിന്നും വിഭാഗത്തില്‍ നിന്നും വരുന്നവര്‍ക്ക് മാത്രം വിലകല്പിക്കാനും അതിലുള്‍പ്പെടാത്തവരെ പുറന്തള്ളാനുമാണ് കാലങ്ങളായി സമൂഹം പരിശീലിപ്പിക്കുന്നത്.

തൂപ്പുജോലി, സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്ന ജോലി എന്നിവയിലേക്ക് സ്ഥിരമായി ദളിതരെ മാത്രം നിയമിക്കുന്ന രീതി നിലനില്‍ക്കുന്നില്ലേ?

 

പഠിക്കാത്തതുകൊണ്ടും കഴിവില്ലാത്തതു കൊണ്ടുമാണ് ദളിതര്‍ക്ക് നിയമനം ലഭിക്കാത്തതെന്ന തെറ്റായ ഒരു പൊതുധാരണയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല ഇത്തരം അനീതികള്‍ തുടരുന്നത്. റെയില്‍വേയുടെ കക്കൂസ് മാലിന്യമെടുക്കുന്ന ജോലിക്കാര്‍ ദളിതരാണ്. ഇന്ത്യയില്‍ ഏകദേശം 64000 കിലോമീറ്റര്‍ ഓടുന്ന ട്രെയിനുകളില്‍ പതിനായിരത്തിനു മുകളിലുള്ള ട്രെയിനുകളില്‍ ബയോ ടോയ്ലറ്റുണ്ടെന്ന് പറയുന്നുണ്ട്.

പ്രധാനമന്ത്രിയൊക്കെ പറയുന്ന സ്വച്ഛ് ഭാരത് പ്രകാരം എല്ലാ ട്രെയിനിലും ബയോ ടോയ്ലറ്റ് ഉണ്ടാക്കുമെന്നാണ്. എന്നാല്‍ ആയിരം എണ്ണത്തില്‍ പോലും ഈ സംവിധാനമില്ല. മനുഷ്യര്‍ തന്നെയാണ് ഈ മാലിന്യമൊക്കെ വൃത്തിയാക്കുന്നത്.  ഇവിടേക്ക് പലായനം ചെയ്ത് എത്തുന്ന ദളിതരെയാണ്  ഇത്തരം ജോലികള്‍ ചെയ്യുന്നത്. ഈ ജോലികള്‍ പൊതുസേവനമായല്ലേ കണക്കാക്കേണ്ടത് .

അങ്ങനെയാണെങ്കില്‍ മറ്റു ഗവണ്മെന്റ് ജോലികളും പൊതുസേവനം തന്നെയാണ്. എന്നാല്‍ ഈ ജോലികള്‍ക്ക് മാത്രം പി.എസ്.സിയില്ല. പി. എസ്.സിയില്ല എന്നു മാത്രമല്ല അവരെ റിക്രൂട്ട് ചെയ്യുന്നത് ഗവണ്മെന്റ് നേരിട്ടല്ല, കരാര്‍ വഴിയാണ്. അവരുടെ ജോലി സമയബന്ധിതമല്ല. അവര്‍ക്ക് 8 മണിക്കൂര്‍ ജോലിയുടെ കണക്കല്ല. ജോലി കഴിഞ്ഞാലേ ഇവര്‍ക്ക് പോകാന്‍ പറ്റൂ. പ്രത്യേകിച്ച് ദളിത് സ്ത്രീകളാണ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്.

ദളിത് വിഭാഗങ്ങളിലെ സ്ത്രീകളും ചെറിയ ശതമാനം പുരുഷന്മാരും ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. ഈ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നുമില്ല. സ്റ്റേറ്റിനോ ഗവണ്‍മെന്റിനോ ഇതൊന്നും പ്രശ്നമേയല്ല. ഒരു ഹിന്ദു മര്‍ദ്ദക വ്യവസ്ഥക്കകത്ത് അടിമ എങ്ങനെ ആയിരിക്കുമോ അതുപോലെയാണ് ഈ സമൂഹത്തിനകത്ത് ദളിതരെ കൊണ്ട് പണിയെടുപ്പിക്കുന്നത്.

യാതൊരു പരിഗണനയും നല്‍കാതെ അവരെ കൊണ്ട് പണിയെടുപ്പിക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദു മര്‍ദ്ദക രൂപം തന്നെയാണ്. ഒരു ബ്രാഹ്മണിക്കല്‍ സിസ്റ്റം തന്നെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഐ.ഐ.ടിയില്‍ ഒരു മലയാളി അധ്യാപകന്‍ നേരിട്ട വിവേചനം അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ ഐ.ഐ.ടിയില്‍ പഠിപ്പിക്കാനെത്തിയ ആ അധ്യാപകന്റെ മെറിറ്റിനെ ഈ സ്ഥാപനങ്ങളിലെ കെട്ടികിടക്കുന്ന ബ്രാഹ്മണ്യം ചോദ്യം ചെയ്യുകയായിരുന്നു. ജാതിയില്‍ അധിഷ്ഠിതമായ സമൂഹത്തിനകത്ത് ഇത്തരം അടിച്ചമര്‍ത്തലുകള്‍ പുതിയ കാഴ്ചയല്ല.

 

കോളേജുകളിലെ നിയമനത്തിന്റെ കാര്യത്തിലേക്ക് തിരിച്ചു വരികയാണെങ്കില്‍, എയ്ഡഡ് കോളേജുകളിലെ നിയമനം പി. എസ്.സിക്ക് വിട്ടു കൊടുക്കാന്‍ എല്ലാ സമുദായ മാനേജ്‌മെന്റുകളും തയ്യാറാകുമെന്ന് തോന്നുണ്ടോ?

 

യഥാര്‍ത്ഥത്തില്‍ പി.എസ്.സിയുടെ ഇന്നത്തെ പ്രവർത്തനരീതിയോട് തന്നെ എനിക്ക് വിയോജിപ്പുകളുണ്ട്. സിസ്റ്റമാറ്റിക്കലായ ഒരുപാട് പ്രശ്നങ്ങള്‍ അതില്‍ കാണാന്‍ സാധിക്കും. ഉയര്‍ന്ന മാര്‍ക്കുള്ള റിസര്‍വേഷന്‍ വിഭാഗത്തിലുള്ള  മനുഷ്യനെ പൊതു കാറ്റഗറിയില്‍ ഇടാതെ റിസര്‍വേഷനില്‍ തന്നെയിടുകയും ആ വിഭാഗത്തിലെ റിസര്‍വേഷന്‍ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു പരിപാടി പി.എസ്.സിക്കകത്തു തന്നെയുണ്ട്.

പി.എസ്.സി വരുന്നതുകൊണ്ട് എല്ലാ പ്രശ്നങ്ങളും മാറുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. സാംസ്‌കാരികപരമായും സാമൂഹികപരമായും നിലനില്‍ക്കുന്ന അസമത്വത്തിന്റെ തുടര്‍ച്ച തന്നെയാണ് പി.എസ്.സിയിലും നടക്കുന്നത്. ഈ വ്യവസ്ഥയെ നമ്മള്‍ ചോദ്യം ചെയ്യുകയും അതിനോട് നിരന്തരമായി കലഹിക്കുകയും ചെയ്യാതെ ഇതു മാറുമെന്ന് ഞാന്‍ കരുതുന്നില്ല.

എയ്ഡഡ് കോളേജുകളിലെ നിയമനം പി.എസ്.സി ഏറ്റെടുത്താലും നിലവിലെ സ്ഥിതി മുഴുവനായി മാറുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് യഥാര്‍ത്ഥത്തില്‍ കാസ്റ്റ് സിസ്റ്റത്തിനോടും പ്രത്യേക തരം പ്രിവിലേജുകളോടുമുള്ള കലഹമാണ്. അതുകൊണ്ട് തന്നെ മറ്റു സമുദായക്കാര്‍ ഇത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഇന്ത്യയിലെ സാമൂഹികാവസ്ഥ രണ്ടോ മൂന്നോ തട്ടില്‍ നില്‍ക്കുന്ന കാസ്റ്റ് സിസ്റ്റമല്ല. ഇതൊരു ശ്രേണീകൃത അസമത്വമാണ്. ഇതില്‍ ഒരുപാട് സുഖങ്ങളും പ്രിവിലേജുകളും അവകാശങ്ങളും സാധ്യതകളും വലിയ രീതിയില്‍ സവര്‍ണ സമുദായങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനെയെല്ലാം ഉപേക്ഷിച്ചുകൊണ്ട് ദളിതരായ മനുഷ്യരെ ഉള്‍കൊള്ളാന്‍ ഈ സമുദായങ്ങള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതിനുതകുന്ന സാമൂഹിക വിദ്യാഭ്യാസം അവര്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പരിഷ്‌കരണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനുഷ്യരൊക്കെയുണ്ട്. എന്നാല്‍ ഈ പരിഷ്‌കരണം നടപ്പിലാക്കാന്‍ പറ്റുന്ന സാമൂഹിക വിദ്യാഭ്യാസം നേടിയ ഒരു തലമുറ ഇവിടെ അധികമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ എയ്ഡഡ് സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി നിയമനം നടപ്പിലാകുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്.

 

Content Highlight: Ananthu Raj about  on Aided school- College appointments by Kerala PSC