എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക എന്നത് കേരളത്തെ ജനാധിപത്യവത്കരിക്കാന്‍ കെല്‍പുള്ള മുദ്രാവാക്യം
DISCOURSE
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക എന്നത് കേരളത്തെ ജനാധിപത്യവത്കരിക്കാന്‍ കെല്‍പുള്ള മുദ്രാവാക്യം
അനുപമ മോഹന്‍
Tuesday, 3rd May 2022, 6:49 pm
52 വര്‍ഷമായി ഈ അനീതി നടന്നിട്ടും കേരളത്തില്‍ ദളിതര്‍ അല്ലാതെ വേറെ ആരും ഇത് ചോദ്യം ചെയ്തിട്ട് പോലുമില്ല. കേരളത്തിലെ ബുദ്ധിജീവികള്‍, കവികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ എന്നിവരില്‍ പലരും ഈ വൃത്തികേടിന് കൂട്ടുനിന്ന് ശമ്പളം വാങ്ങിച്ചവരാണ്. ഇവരില്‍ കുറച്ചു പേര്‍ മാത്രമേ ഗവണ്മെന്റ് കോളേജില്‍ ജോലി ചെയ്യുന്നുള്ളൂ. ഇതൊരു അനീതിയാണെന്ന് അവര്‍ക്ക് തോന്നുന്നില്ല. ആ അനീതിയെ മറികടക്കാനും കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനും കെല്‍പ്പുള്ള പ്രധാനപ്പെട്ട മുദ്രാവാക്യമാണ് എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടുകൊടുക്കണമെന്നത്...സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു...

എയ്ഡഡ് കോളേജുകളിലെ നിയമനം പി.എസ്.സി ഏറ്റെടുത്താല്‍ വിദ്യാഭ്യാസ മേഖലയിലെ ജാതി, മത മേല്‍ക്കോയ്മ ഇല്ലാതാവില്ലേ?

എയ്ഡഡ് മേഖല എന്ന് നമ്മള്‍ വിളിക്കുന്ന, സര്‍ക്കാര്‍ ഫണ്ടിലൂടെ നിലനില്‍ക്കുന്ന സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയായാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിമുടി ജാനാധിപത്യവല്‍ക്കരിക്കപ്പെടുന്ന ഒരു പ്രക്രിയയ്ക്കായിരിക്കും നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

കേരളത്തിലെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായിട്ടല്ല ഇതിനെ സമീപിക്കേണ്ടത്. വര്‍ഷങ്ങളായി സര്‍ക്കാര്‍ ഗ്രാന്റ് സ്വീകരിക്കുകയും അതോടൊപ്പം തന്നെ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ കൊടുക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

നിയമം അനുസരിച്ച് ഗ്രാന്റ്  കൊടുക്കുമ്പോള്‍ എങ്ങനെയാണ് നിയമനം നടക്കേണ്ടത് എന്നും പറയുന്നുണ്ട്. മാത്രവുമല്ല കുട്ടികളുടെ 20 ശതമാനം എസ്.സി/ എസ്.ടി വിഭാഗത്തില്‍ നിന്നായിരിക്കണമെന്നും പറയുന്നുണ്ട്. എന്നുവെച്ചാല്‍ സംവരണം അവര്‍ മറന്നു പോയതൊന്നുമല്ല. ചര്‍ച്ച നടക്കുന്ന സമയത്ത് സംവരണത്തിന്റെ കാര്യങ്ങള്‍ എല്ലാം അതില്‍ പറയുന്നുണ്ട്.

അതായത് ഈ സ്ഥാപനങ്ങളില്‍ നിയമമനുസരിച്ചു നോക്കിയാല്‍ 50 ശതമാനമേ കമ്മ്യൂണിറ്റിക്ക് അവകാശപ്പെട്ടതുള്ളൂ. ബാക്കി 50 ശതമാനം ഓപ്പണ്‍ മെറിറ്റില്‍ കാള്‍ ഫോര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി ഇന്റര്‍വ്യൂ നടത്തി നിയമിക്കണമെന്നാണ് അതിന്റെ ഘടന. 100 ശതമാനവും ഒരു സമുദായവും എടുത്തോട്ടെ എന്ന നിയമമില്ല. പക്ഷെ ഇവര്‍ ചെയ്യുന്നത് 100 ശതമാനം സീറ്റിലും സ്വന്തം സമുദായത്തിലുള്ളവരെ നേരിട്ട് നിയമനം നടത്തുകയാണ്.

 

റിക്രൂട്ടിങ് ബോഡിയില്‍ ഗവണ്‍മെന്റ് പ്രതിനിധി, വിഷയ വിദഗ്ധന്‍ എന്നിവര്‍ ഉണ്ടായിരിക്കണം. എന്നാല്‍ അവര്‍ക്ക് ഏറാന്‍ മൂളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കിട്ടാന്‍ അത്ര പാടൊന്നും ഇല്ല. എന്തെങ്കിലും അവസരം വെച്ചു നീട്ടിയാല്‍ മതി, കേരളത്തിലെ വിപ്ലവം പറയുന്ന ആളുകള്‍ പോലും ഇത്തരം ഹീന കര്‍മങ്ങള്‍ ചെയ്യും എന്നത് നിരന്തരം തെളിയിക്കപ്പെടുന്ന കാര്യമാണ്.

അതുകൊണ്ടു തന്നെ എത്ര അപേക്ഷകര്‍ വന്നാലും അവരുടെ സമുദായത്തില്‍ നിന്ന് തന്നെ വീണ്ടും ആളുകളെയെടുക്കുന്നു. ഒറ്റ നോട്ടത്തില്‍ ഒരു സമുദായം നടത്തുന്ന ആ സമുദായത്തിലെ അംഗങ്ങള്‍ മാത്രം പണിയെടുക്കുന്ന, ആ സമുദായത്തിലെ അംഗങ്ങള്‍ക്ക് മാത്രം വരുമാനമുള്ള ഒരു തരം ജാതി കോളനിയായാണ് അക്കാദമികള്‍  നിലനില്‍ക്കുന്നത്. ഒ. പി രവീന്ദ്രന്‍ എഴുതിയ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനമാണിത്.

എയ്ഡഡ് കോളേജുകളിലെ നിയമനം പി.എസ്.സിക്ക് വിട്ടാല്‍ സംഭവിക്കാന്‍ പോകുന്നത് റിസര്‍വേഷന്‍ കൊടുക്കാന്‍ അവര്‍ ബാധ്യസ്ഥരാകും എന്നതാണ്. പഴയ 50 ശതമാനത്തിനു പകരം 100 ശതമാനവും കൊടുക്കേണ്ടി വരും. ഓപ്പണ്‍ മെറിറ്റിലൂടെ ബാക്കിയുള്ള  ക്രിസ്ത്യാനി, ഹിന്ദു, മുസ്‌ലിം, പട്ടിക ജാതി, പട്ടിക വര്‍ഗം തുടങ്ങി എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും പഠിപ്പിക്കാന്‍ കയറും. ഒരു മുസ്ലിം മാനേജ്മന്റ് സ്‌കൂളില്‍ നായന്മാരും ക്രിസ്ത്യാനികളും പട്ടികജാതി വര്‍ഗ്ഗക്കാരുമെല്ലാം അധ്യാപനം നടത്തുന്ന തികച്ചും ജനാധിപത്യപരമായ ഒരു അന്തരീക്ഷമാണ് പി. എസ്.സിക്കു കൊടുത്താല്‍ ഉണ്ടാകാന്‍ പോകുന്നത്.

 

എയ്ഡഡ് കോളേജുകളില്‍ ദളിതരുടെ പ്രതിനിധാനം വളരെ കുറവാണ്. അതുകൊണ്ട് തന്നെ നിയമനം പി.എസ്.സി വഴിയാകുമ്പോള്‍ ദളിതര്‍ക്ക് ഇത്തരം ഇടങ്ങളില്‍ ഇടപെടാനുള്ള വഴി കൂടെയല്ലേ തുറക്കുന്നത്?  

ദളിതരുടെ നിയമനങ്ങളുടെ ചരിത്രം നോക്കുകയാണെങ്കില്‍ പ്രതിനിധാനം വളരെ കുറവാണ്. ഇല്ല എന്ന് തന്നെ വേണം പറയാന്‍. പി.എസ്.സിക്കു വിട്ടുകഴിഞ്ഞാല്‍ ഏതു മഹാനായാലും പത്തു ശതമാനം റിസര്‍വേഷന്‍ പാലിച്ചേ പറ്റൂ.
ദളിതര്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണം നല്‍കികൊണ്ട് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. പി.എസ്.സിക്ക് വിട്ടാല്‍ റിസര്‍വേഷന്‍ എന്ന കാര്യം നടപ്പിലാകും. അത് നടപ്പിലായാല്‍ കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നു പോലും പ്രതിനിധാനം ഉണ്ടാകും.

എല്ലാ മതത്തില്‍ നിന്നും എല്ലാ സമുദായത്തില്‍ നിന്നും പ്രതിനിധാനം ഉണ്ടാകും. നമ്മുടേത് പോലെ വൈവിധ്യങ്ങളായ സമുദായങ്ങളും മതങ്ങളും ഭാഷകളും ഉള്ള ഒരു സമൂഹത്തിനകത്തു ജനാധിപത്യത്തിന്റെ കാതല്‍ എന്ന് പറയുന്നത് എല്ലാവരുടെയും പ്രതിനിധാനം ഉണ്ടായിരിക്കുക എന്നതാണ്.

ജനാധിപത്യത്തിന്റെ പ്രാഥമികമായ അര്‍ത്ഥം അതാണ്. എന്നാല്‍ മാത്രമേ നീതിയെ കുറിച്ചു സംസാരിക്കാന്‍ പറ്റൂ. ആദ്യം അവര്‍ അവിടെ എത്തട്ടെ എന്നിട്ട് മാത്രമേ നീതിയെ കുറിച്ചു സംസാരിക്കുവാന്‍ സാധിക്കൂ. ഇത്തരത്തില്‍ കേരളത്തെ അടിമുടി ജനാതിപത്യവല്‍ക്കരിക്കണം.

52 വര്‍ഷമായി ഈ അനീതി നടന്നിട്ടും കേരളത്തില്‍ ദളിതര്‍ അല്ലാതെ വേറെ ആരും ഇത് ചോദ്യം ചെയ്തിട്ട് പോലുമില്ല. കേരളത്തിലെ ബുദ്ധിജീവികള്‍, കവികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ എന്നിവരില്‍ പലരും ഈ വൃത്തികേടിന് കൂട്ടുനിന്ന് ശമ്പളം വാങ്ങിച്ചവരാണ്. ഇവരില്‍ കുറച്ചു പേര്‍ മാത്രമേ ഗവണ്മെന്റ് കോളേജില്‍ ജോലി ചെയ്യുന്നുള്ളൂ. ഇതൊരു അനീതിയാണെന്ന് അവര്‍ക്ക് തോന്നുന്നില്ല. ആ അനീതിയെ മറികടക്കാനും കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനും കെല്‍പ്പുള്ള പ്രധാനപ്പെട്ട മുദ്രാവാക്യമാണ് എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടുകൊടുക്കണമെന്നത്.

 

എയ്ഡഡ് കോളേജുകളിലെ നിയമനം ഒരു ബിസിനസ് അല്ലേ? അതുകൊണ്ട് പണം കൊടുക്കാന്‍ ഇല്ലാത്തവര്‍ കാലങ്ങളായി പുറത്തു നില്‍ക്കേണ്ടിവരികയല്ലേ?

ഇത് അഴിമതിയാണ്. അതായത് ഒരു നിയമനത്തിന് എത്ര രൂപ വാങ്ങണമെന്ന് തീരുമാനിക്കാന്‍ മാനേജ്‌മെന്റിന് വലിയൊരു നെറ്റ്‌വര്‍ക്ക് ഉണ്ട്. റിക്രൂട്ടിങ് ഏജന്‍സിയുണ്ട്. അവര്‍ മുഖേനെയാണ് മാനേജ്‌മെന്റിന്റെ ചെവിയില്‍ ഈ ആള് വരും, ഇത്ര ലക്ഷം രൂപ തരാന്‍ തയ്യാറാണ് എന്ന വിവരം എത്തിക്കുന്നത്.

അതിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആള്‍ക്കാര്‍ കേരളത്തിലുണ്ട്. ഈ അഴിമതി എങ്ങനെ ഇല്ലാതാക്കാമെന്നത് മറ്റൊരു പ്രശ്‌നമായാണ് ചര്‍ച്ച ചെയ്യേണ്ടത്. അഴിമതി നടത്താന്‍ പ്രാപ്തിയില്ലാത്തവര്‍ എന്ത് ചെയ്യും?  65 ലക്ഷമോ  75 ലക്ഷമോ കൊടുക്കാന്‍ അവരുടെ കയ്യിലില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് പുറത്തു നില്‍ക്കേണ്ടി വരികയാണ്.

ഗാന്ധി ദളിതരെ കുറിച്ചു പണ്ട് പറഞ്ഞൊരു കാര്യം ‘അവര്‍ ശുദ്ധ മനുഷ്യരാണ്. അവര്‍ക്ക് അധികാര കൊതിയോ അധികാര മോഹമോ ഒന്നുമില്ല.  പ്രസിഡന്റും പ്രധാന മന്ത്രിയുമാക്കി അവരെ നിങ്ങള്‍ അധികാര കൊതിയന്മാരാക്കി നശിപ്പിക്കരുത് എന്നാണ്.’ അവന്‍ പുറത്തു നില്‍ക്കട്ടെ എന്നാണ് അതിനര്‍ത്ഥം. ഗാന്ധിയുടെ മഹത്വമല്ലത്. ഗാന്ധി പറയുന്ന പോലെ മാട പ്രാവുകളാണോ ദളിതര്‍? വെറുതെ പറയുന്നതാണ്.

 

ദളിത് മാനേജ്‌മെന്റിന് കീഴിലുള്ള കോളേജുകളില്‍ നിന്നും ദളിതര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേ?  

കേരളത്തില്‍ ഒരു ദളിത് മാനേജ്മന്റ് നടത്തുന്ന കോളേജ്, പണം കിട്ടാനായി  പ്രധാനപ്പെട്ട തസ്തികകളിലേക്ക് മറ്റു സമുദായക്കാരെ റിക്രൂട്ട് ചെയ്‌തെന്ന ആക്ഷേപമുള്ള ഇടമാണ് കേരളം. അതായത് കേരളത്തിലെ ദളിതരില്‍ നിന്നും പൈസ പിരിച്ചുണ്ടാക്കിയ കോളേജുകളില്‍ നായന്മാര്‍ പണിയെടുക്കുന്നു. ചോദിക്കുമ്പോള്‍ പറയും കാശില്ല എന്ന്. എന്നാല്‍ പിന്നെ കാശ് ഉണ്ടാക്കിയിട്ട് കോളേജ് തുറന്നാല്‍ പോരെ? പിന്നെന്തിനാണ് പുലയനും പറയനും വേണ്ടിയാണെന്ന് പറഞ്ഞു കാശ് മുടക്കി ഈ സ്ഥാപനങ്ങള്‍ നിര്‍മിച്ചതെന്ന് അറിയില്ല.

ദളിതന് വേണ്ടിയാണ്  ഉണ്ടാക്കിയതെന്ന് പറഞ്ഞു നായന്മാരെയാണ് അവിടെ റിക്രൂട്ട് ചെയ്യുന്നത്. എയ്ഡഡ് മാനേജ്‌മെന്റില്‍ മാത്രം ജനകീയമായൊരു കേരളം ഉണ്ടാകാന്‍ പോകുന്നില്ല. അഴിമതി, സമൂഹത്തെ നോക്കി ചിരിക്കുന്ന ഒരു സംഗതിയാണ്. ഏത് പുതിയ സംരംഭം ഉണ്ടാകുമ്പോഴും അതിന്റെ കൂടെ തന്നെ അഴിമതി സാധ്യത കൂടി ഉണ്ടാകുന്നുണ്ട്. ഈ സാധ്യത കണ്ടെത്തുന്നവനാണ് ബുദ്ധി കൂടുതല്‍. ആ സ്ഥാപനം ഉണ്ടാക്കിയവനെക്കാള്‍ ബുദ്ധിയായിരിക്കും അഴിമതിക്കുള്ള സാധ്യത കണ്ടുപിടിക്കുന്നവന്. ഒരു സംഗതി വരുമ്പോള്‍ തന്നെ ഇതില്‍ നിന്നും എങ്ങനെ തട്ടിപ്പ് നടത്താന്‍ സാധിക്കുമെന്ന് ചിന്തിക്കുന്ന ബുദ്ധി രാക്ഷസന്മാരാണ് പലരും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഴിമതിയില്‍ നിന്നും മോചനം നേടിയാല്‍  എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ പ്രതിനിധാനം ഉറപ്പാവുമോ?

ഇതിനു വേണ്ടി ഒരു കാര്യം നമുക്ക് ചെയ്യാന്‍ പറ്റും, റിക്രൂട്ട്‌മെന്റുകള്‍ സുതാര്യമാക്കുക എന്നത്. റിക്രൂട്ട്‌മെന്റില്‍ ആണല്ലോ അഡ്ജസ്റ്റ്‌മെന്റുകള്‍ മൊത്തം നടക്കുന്നത്. കുട്ടികളുടെ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുകയും കുട്ടികളെ ഇന്റര്‍വ്യൂ ചെയ്യുന്നത് വീഡിയോ ആക്കുകയും വേണം. അങ്ങനെ മുഴുവന്‍ പക്രിയകളും സുത്യാര്യമാക്കണം.

ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൊടുക്കാന്‍ ബാധ്യസ്ഥമായിരിക്കുകയും വേണം. വീട്ടിലേക്ക് ജോലിക്കാരെയല്ലല്ലോ തിരഞ്ഞെടുക്കുന്നത്, കോളേജിലേക്ക് അധ്യാപകരെയല്ലേ. അവള്‍ അല്ലെങ്കില്‍ അവന്‍ മെറിറ്റോറിയസ് ആണോ അല്ലേ എന്നതാണ്  മാനദണ്ഡം. വേറൊന്നും അല്ല. അവനോ അവള്‍ക്കോ ആളുകളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ശേഷിയുണ്ടോ എന്നതാണ് നോക്കേണ്ടത്.

ഒരു കാര്യം പറഞ്ഞു കൊടുക്കാന്‍ അറിയുമോ എന്നാണ് നോക്കേണ്ടത്. ഈ ഉദ്യോഗം കിട്ടിയിട്ട് കാര്യം പറഞ്ഞുകൊടുക്കാന്‍ സാധിക്കാതിരുന്നിട്ട് കാര്യമുണ്ടോ? കമ്മ്യൂണിക്കേഷന്‍ സ്‌കില്ലില്‍ ഉദ്യോഗാര്‍ത്ഥിക്ക് കിട്ടിയ മാര്‍ക്കുകളും, വിഷയത്തിലുള്ള അറിവുമാണ് പരിശോധിക്കേണ്ടത്. അത് നമ്മള്‍ തുറന്നു വെക്കുകയും വേണം. അപ്ലിക്കേഷന്‍ മുതല്‍ അപ്പോയിന്മെന്റ് വരെ നടക്കുന്ന കാര്യങ്ങള്‍ മുഴുവനും സുതാര്യമാക്കണം.

ജെ.എന്‍.യു യൂണിവേഴ്‌സിറ്റിയില്‍ ചില അഡ്വാന്‍സ്ഡ് സയന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും അഡ്മിഷന്‍ കിട്ടാതിരിക്കാനുള്ള സാങ്കേതിക വിദ്യ തന്നെ അവര്‍ വികസിപ്പിച്ചിട്ടുണ്ട്.

ജാതി അക്കാദമിയില്‍ അത്രത്തോളം ക്ലിയര്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും ജാതിവാദികളുള്ള സ്ഥലവും അക്കാദമിയാണ്. അവിടെ ഇവര്‍ ചെയ്യുന്ന പണിയെന്താണെന്നു വെച്ചാല്‍ എഴുത്തു പരീക്ഷക്ക് 75  മാര്‍ക്ക് കിട്ടിയ വ്യക്തിക്ക് ഇന്റര്‍വ്യൂവില്‍ 100 ഇല്‍ പൂജ്യം മാര്‍ക്കാവും. എഴുത്തു പരീക്ഷയില്‍ 30 മാര്‍ക്ക് കിട്ടിയ ആള്‍ക്ക് ഇന്റര്‍വ്യൂവില്‍ 100 ഇല്‍ 100 മാര്‍ക്ക്. അവരുടെ ഇഷ്ടത്തിനാണ് ഉദ്യോഗാര്‍ത്ഥികളെ എടുക്കുന്നത്.  ആരോട് ചോദിക്കും? ഇന്റര്‍വ്യൂ ബോര്‍ഡ് ആ കുട്ടിയോട് എന്താണ് ചോദിച്ചതെന്ന് ആരും കാണുന്നില്ല, കുട്ടി എന്താണ്  പറഞ്ഞതെന്നും ആരും കാണുന്നില്ല.

ഇതില്ലാതാക്കാന്‍ നമ്മുടെ മുന്നിലുള്ള സാങ്കേതികമായ വഴി അത് നോട്ടിഫൈ ചെയ്യുന്നത് മുതല്‍ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കയ്യില്‍ കൊടുക്കുന്നത് വരെ റെക്കോര്‍ഡഡ് ആയിരിക്കുക, സുതാര്യമായിരിക്കുക എന്നതാണ്. ആര്‍ക്കും ഈ കാര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട് എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പിന്നെ അഴിമതിക്ക് യാതൊരു സാധ്യതയുമില്ല.

എന്‍.എസ്.എസുകാരും പള്ളീലച്ചന്മാരും പിണങ്ങും എന്നതാണ് അധികാരികളുടെ പ്രശ്‌നം. അവര്‍  പിണങ്ങി കഴിഞ്ഞാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് കരുതുന്നത്. അവര് പിണങ്ങിയാല്‍ കേരളത്തില്‍ ഒരു ചുക്കും സംഭവിക്കില്ല. അവര്‍ പിണങ്ങിയാല്‍ പിണങ്ങട്ടെ എന്ന് കരുതിയിരിക്കാനുള്ള ഒരു പൊളിറ്റിക്കല്‍ കപ്പാസിറ്റി ഭരിക്കുന്നവര്‍ക്ക് വേണം. അതില്ലാത്തവര്‍ അവരുടെ പിണക്കം വലിയ പ്രശ്‌നമാക്കും.

തൊഴില്‍ എന്നത് ചിലര്‍ക്ക്  ജീവിക്കാനുള്ള ഉപായമാണ്. ബാക്കിയുള്ളവര്‍ക്ക് തൊഴില്‍ എന്നത് മാന്യതയുടെ ലക്ഷണമാണ്. 7 കോടി രൂപ എന്റെ ബാങ്ക് അക്കൌണ്ടില്‍ ഉണ്ടെന്നു പറയുന്നതിന്റെ കൂടെ ഞാന്‍ കോളേജ് അധ്യാപകന്‍ ആണെന്ന് പറയുന്നതും ഒരു ഗമയാണ്. അങ്ങനെയാണ് ഒരു വിഭാഗം ഇവിടെ ജീവിക്കുന്നത്. അവരാണീ കോഴയൊക്കെ കൊടുക്കുന്നത്.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടുക എന്നത്, ഈ മേഖലയില്‍ ചെറിയൊരു പരിഷ്‌കാരം  നടത്താന്‍ പറ്റുന്ന മുദ്രാവാക്യമാണ്. സമുദായങ്ങളുടെ ധാര്‍ഷ്ട്യത്തോടുള്ള ഒരു വെല്ലുവിളി കൂടിയാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ തുറസ്സ് ഈ മുദ്രാവാക്യത്തിലുണ്ട്.

Content Highlight: Interview with Sunny M. Kapicadu on Aided school- College appointments by Kerala PSC