അന്ന് ഞാന്‍ ആ രഹസ്യമറിഞ്ഞു; എന്നെ സെലക്ട് ചെയ്യാനുള്ള കാരണം കേട്ടതോടെ സന്തോഷം തോന്നി: അമൃത വര്‍ഷിനി
Entertainment
അന്ന് ഞാന്‍ ആ രഹസ്യമറിഞ്ഞു; എന്നെ സെലക്ട് ചെയ്യാനുള്ള കാരണം കേട്ടതോടെ സന്തോഷം തോന്നി: അമൃത വര്‍ഷിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 2:22 pm

മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ചിത്രത്തില്‍ ശോഭനയുടെയും മോഹന്‍ലാലിന്റെയും മകളായി എത്തിയത് അമൃത വര്‍ഷിനി ആയിരുന്നു.

ഇപ്പോള്‍ താന്‍ ഓഡിഷനിലേക്ക് എത്തിയതിനെ കുറിച്ചും പിന്നീട് സെലക്ടായതിനെ കുറിച്ചും പറയുകയാണ് അമൃത. തന്റെ മാമന്റെ സുഹൃത്തായിരുന്നു ബിനു പപ്പുവെന്നും ‘ഇത് അടിപൊളി പടമായിരിക്കും. നിനക്ക് വന്‍ എന്‍ട്രി ആയിരിക്കും’ എന്ന് മാമന്‍ പറഞ്ഞിരുന്നുവെന്നും നടി പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമൃത.

‘എന്റെ മാമന്‍ അശ്വിന്റെ സുഹൃത്താണ് ബിനു പപ്പു. ബിനുവേട്ടനാണ് സിനിമയിലേക്ക് 15 വയസുള്ള പെണ്‍കുട്ടിയെ തേടുന്നുണ്ടെന്ന് മാമനോട് പറയുന്നത്. സിനിമയുടെ കാര്യം എന്നോട് പറഞ്ഞപ്പോഴേ മാമന്‍ ഒരു കാര്യം പറഞ്ഞിരുന്നു.

‘ഇത് അടിപൊളി പടമായിരിക്കും. നിനക്ക് വന്‍ എന്‍ട്രി ആയിരിക്കും’ എന്നാണ് പറഞ്ഞത്. പിന്നീട് ഓഡിഷന് വിളിച്ചു. അന്ന് ഓഡീഷന് എത്തിയപ്പോള്‍ സിനിമയിലെ രണ്ട് രംഗങ്ങള്‍ എന്നോട് അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

അന്ന് ഞാന്‍ അഭിനയിച്ച് കാണിച്ചത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സാറിന് ഇഷ്ടായി. പക്ഷെ പിന്നീടാണ് ഞാനൊരു രഹസ്യമറിഞ്ഞത്. മോഹന്‍ലാല്‍ സാറിന്റെ മുഖത്തോട് ചെറിയ സാമ്യമുള്ളത് കൊണ്ടുകൂടിയാണ് എന്നെ സെലക്ട് ചെയ്തതെന്ന്. അതില്‍പരം സന്തോഷം വേറെ വേണോ,’ അമൃത വര്‍ഷിനി പറയുന്നു.

തുടരും സിനിമയുടെ പൂജയുടെ ദിവസമായിരുന്നു അമൃത മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്. എന്നാല്‍ അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ അതിശയമാണോ ആരാധനയാണോ അതോ ഇതെല്ലാമാണോ തോന്നിയത് എന്നറിയില്ലെന്നാണ് നടി പറയുന്നത്. ആ നിമിഷം മാജിക്കല്‍ ആയിരുന്നെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

Content Highlight: Amritha Varshini Talks About Why She Got Selected In Thudarum Movie