ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍; ശ്രീജിത്ത് കുട്ടികളെ വീടുവരെ പിന്തുടര്‍ന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍
Kerala News
ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍; ശ്രീജിത്ത് കുട്ടികളെ വീടുവരെ പിന്തുടര്‍ന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th July 2022, 12:00 pm

കൊച്ചി: നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ പരിശോധന തുടങ്ങി. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കി.

ഇതേത്തുടര്‍ന്ന് സംഘടനാ ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലായിരുന്നു ശ്രീജിത്ത് രവിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് വ്യാഴാഴ്ച രാവിലെ നടനെ അറസ്റ്റ് ചെയ്തത്.

ശ്രീജിത്ത് രവി കുട്ടികളെ വീടുവരെ പിന്തുടര്‍ന്നുവെന്നും വീടിന് മുന്നില്‍ വെച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസോട് പറഞ്ഞു. പിറ്റേ ദിവസവും ഇതേ രീതിയില്‍ ശ്രീജിത്ത് കുട്ടികളെ പിന്തുടര്‍ന്നു, നഗ്നതാ പ്രദര്‍ശനത്തിന് ശ്രമിച്ചു, എന്നാല്‍ വീട്ടുകാര്‍ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നെന്നും അച്ഛന്‍ പറഞ്ഞു.

ഇന്നലെ തൃശൂര്‍ അയ്യന്തോളില്‍ വെച്ചായിരുന്നു സംഭവം. അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി അവിടെ നിന്ന് കാറില്‍ പോവുകയായിരുന്നു.

കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചുവെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചതിനിടെ കാറിനെകുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മുന്‍പും പോക്‌സോ കേസില്‍ ശ്രീജിത്ത് രവി പ്രതിയായിട്ടുണ്ട്.

Content Highlight: AMMA president Mohanlal gives direction to collect the details of POCSO case against actor Sreejith Ravi