AMMA തെരഞ്ഞെടുപ്പ്; ശ്വേത മേനോന് സാധ്യതയേറുന്നു, നടൻ രവീന്ദ്രന്‍ പിന്‍മാറി
AMMA
AMMA തെരഞ്ഞെടുപ്പ്; ശ്വേത മേനോന് സാധ്യതയേറുന്നു, നടൻ രവീന്ദ്രന്‍ പിന്‍മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th July 2025, 7:50 am

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ AMMAയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നടൻ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ചു. ജഗദീഷും പിന്‍വലിച്ചേക്കുമെന്നാണ് സൂചന.

പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ അവശേഷിക്കുന്നത് ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ്. ഇതോടെ ശ്വേത മേനോന് വിജയസാധ്യതയേറി.

ഇത്തവണ വനിത ഭാരവാഹി മതിയെന്നാണ് സംഘടനയിലെ പൊതുവികാരം. വനിതാ പ്രസിഡന്റ് വരട്ടെയെന്ന തരത്തില്‍ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു.
എല്ലാവരും നോമിനേഷനുകള്‍ പിന്‍വലിച്ച് ശ്വേതയെ വിജയിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്വേത വിജയിക്കുകയാണെങ്കില്‍ AMMAയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവി ശ്വേത മേനോന് സ്വന്തമാകും.

മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച് മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. ഇവര്‍ അനുവദിച്ചാല്‍ പത്രിക പിന്‍വലിക്കുമെന്ന് ജഗദീഷ് പറഞ്ഞു. വനിത അധ്യക്ഷ വരട്ടെയെന്നും അങ്ങനെയെങ്കില്‍ താന്‍ പിന്‍മാറാമെന്നും ജഗദീഷ് വ്യക്തമാക്കി. കെ. ബി. ഗണേഷ് കുമാറും വനിത അധ്യക്ഷ സ്ഥാനത്തെ പിന്തുണച്ചു.

പത്രിക പിന്‍വലിച്ച രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്.

കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

എന്നാല്‍, ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നടി മല്ലിക സുകുമാരന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

ആരോപണം വന്നവരോട് തെറ്റ് ചോദ്യം ചെയ്യുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിന്റെ ചരിത്രം നമുക്ക് അറിയാമെന്നും മല്ലിക പറഞ്ഞിരുന്നു. നേതൃസ്ഥാനത്തേക്ക് വനിത വന്നാല്‍ പിന്‍മാറാന്‍ തയ്യാറാണെന്ന് ജഗദീഷ് പറഞ്ഞു.

ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് പലതവണ പറഞ്ഞയാളാണ് താനെന്നും അതുകൊണ്ട് പിന്‍മാറാന്‍ തയ്യാറാണെന്നും ജഗദീഷ് പറഞ്ഞു. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനു മുമ്പ് തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഇപ്പോള്‍ പിന്‍മാറാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ഒരു വനിത അധ്യക്ഷ വരണമെന്നാണ് ആഗ്രഹമെന്നും എന്നെ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടാത്തവരുമുണ്ടെന്നും പറഞ്ഞ ജഗദീഷ്, എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും തന്നെക്കുറിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Content Highlight: AMMA elections; Swetha Menon’s chances increase, Jagadish will withdraw nomination