ദീപികയ്ക്കും പ്രഭാസിനുമൊപ്പം നാഗ് അശ്വിന്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും; ബിഗ് ബിയെ സ്വാഗതം ചെയ്ത് വൈജയന്തി മൂവീസ്
Entertainment
ദീപികയ്ക്കും പ്രഭാസിനുമൊപ്പം നാഗ് അശ്വിന്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും; ബിഗ് ബിയെ സ്വാഗതം ചെയ്ത് വൈജയന്തി മൂവീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th October 2020, 11:26 am

നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ ബിഗ് ബിയും. വൈജയന്തി മൂവീസാണ് അമിതാഭ് ബച്ചന്‍ ചിത്രത്തിലെത്തുന്നെന്ന വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാന താരം അമിതാബ് ബച്ചനെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ ഞങ്ങളുടെ യാത്ര കുറച്ച് കൂടി വലുതായി എന്നായിരുന്നു വൈജയന്തി മൂവീസിന്റെ ട്വീറ്റ്. ചിത്രത്തില്‍ അമിതാഭ് ബച്ചനെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ ടീസറും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ചിത്രത്തില്‍ പ്രഭാസിനൊപ്പം ദീപിക പദുക്കോണ്‍ നായികയായെത്തുന്ന വിവരം പുറത്ത് വന്നിരുന്നു. ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ.

വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് കുറിച്ചുക്കൊണ്ടായിരുന്നു ദീപിക വീഡിയോ പോസ്റ്റ് ചെയ്തത്.

പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തുന്നതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amitabh Bachchan joins Nag Aswin’s new Telugu movies