13 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ ഓപ്പണിങ്ങോടെ ആമീര്‍ ഖാന്‍ ചിത്രം; ലാല്‍ സിങ് ചദ്ദയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ പുറത്ത്
Film News
13 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ ഓപ്പണിങ്ങോടെ ആമീര്‍ ഖാന്‍ ചിത്രം; ലാല്‍ സിങ് ചദ്ദയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th August 2022, 4:04 pm

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആമിര്‍ ഖാന്‍ തിരിച്ചെത്തിയ ലാല്‍ സിങ് ചദ്ദ ഓഗസ്റ്റ് 11ന് റിലീസ് ചെയ്തിരിക്കുകയാണ്. കരീന കപൂര്‍ നായികയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.  റിലീസ് ചെയ്ത് ഒന്നാം ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

ആദ്യദിനം 12 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഒപ്പം റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധനെക്കാളും ഫസ്റ്റ് ഡേ കളക്ഷന്‍ ലാല്‍ സിങ് ചദ്ദക്ക് ലഭിച്ചെങ്കിലും ഇത് അണിയറപ്രവര്‍ത്തകര്‍ക്ക് അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. 13 വര്‍ഷത്തിന് ശേഷം ഒരു ആമീര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ചെറിയ കളക്ഷനാണിതെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമീര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ പരാജയചിത്രങ്ങളിലൊന്നായ തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആദ്യ ദിനത്തില്‍ 52 കോടിയാണ് നേടിയത്. അത് ഇപ്പോള്‍ ലാല്‍ സിങ് ചദ്ദ തിരുത്തി കുറിച്ചിരിക്കുകയാണ്. 15 കോടിയായിരുന്നു ആദ്യദിനം ചിത്രം ലക്ഷ്യം വെച്ചിരുന്നത്. അവധിദിവസങ്ങളുള്ള ആഴ്ചയിലെ റിലീസായതിനാലും പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്.

കൊവിഡ് ലോക്ഡൗണിന് ശേഷം ബോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് പ്രതീക്ഷകളോടെ ലാല്‍ സിങ് ചദ്ദയെത്തിയത്. എന്നാല്‍ ആദ്യദിനത്തിലെ പ്രതീക്ഷയില്ലാത്ത തുടക്കം ബോളിവുഡിനെ വീണ്ടും നിരാശയിലാഴ്ത്തുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തിയില്ലെങ്കില്‍ 2022 ലെ പരാജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു സൂപ്പര്‍ താര ചിത്രവും കൂടി പ്രവേശിക്കും.

ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് ലാല്‍ സിങ് ചദ്ദ. 14.1 കോടി നേടിയ ബൂല്‍ബുലയ്യ 2 ഒന്നാമതും 13.2 കോടി നേടിയ ബച്ചന്‍ പാണ്ഡേ രണ്ടാമതുമാണ്. 10.7 കോടി നേടിയ സാമ്രാട്ട് പൃഥ്വിരാജ് നാലാമതും 10.5 കോടി നേടിയ ഗംഗുഭായി കത്യാവാടി അഞ്ചാമതും 10.2 കോടി നേടിയ ഷംശേര ആറാമതുമാണ്.

Content Highlight: ameer khan movie lala singh chaddha has collected 12 crores on the first day