പൊളിച്ചടുക്കി മണവാളന്‍ വസീമും ചങ്ങായിമാരും; തല്ലുമാലക്ക് മികച്ച പ്രതികരണം
Entertainment news
പൊളിച്ചടുക്കി മണവാളന്‍ വസീമും ചങ്ങായിമാരും; തല്ലുമാലക്ക് മികച്ച പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th August 2022, 3:48 pm

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്.

ടൊവിനോ തോമസ്, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ വലിയ കയ്യടിയാണ് നേടുന്നത്. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് ആദ്യ ഷോ കണ്ടവരുടെ പ്രതികരണം.

കഥയിലേയും മേക്കിങ്ങിലെയും പുതുമയാണ് ചിത്രത്തിനെ വേറിട്ട് നിര്‍ത്തുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സംഗീതവും, ബി.ജി.എമ്മുകളും മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.

ടൊവിനോ തോമസിന്റെ ഏറ്റവും മികച്ച കളക്ഷന്‍ ലഭിക്കാന്‍ പോകുന്ന ചിത്രമാകും തല്ലുമാലയെന്നും സിനിമ കണ്ടവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആദ്യ ഷോ കഴിയുമ്പോള്‍ വലിയ ചര്‍ച്ചയാണ് തല്ലുമാലയെ സംബന്ധിച്ച് നടക്കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് ,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദര്‍ശനും എത്തുന്നുണ്ട്.

മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി,
ഡിസൈന്‍ ഓള്‍ഡ്മോങ്ക്.

Content Highlight: Tovino Thomas’s Thallumaala Movie getting Positive Response after first show