തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ചിത്രമായി പുറത്തിറങ്ങിയ ഉജ്ജ്വലന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാനിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമീന്‍ അല്‍, നിഹാല്‍ എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഡിറ്റക്ടീവ് ഉജ്ജ്വലന്‍ തിയേറ്ററില്‍ നിന്ന് കണ്ട ശേഷം താന്‍ നരിവേട്ടയും കണ്ടിരുന്നെന്ന് അമീന്‍ പറഞ്ഞു. ഇതിന് പിന്നാലെ ധ്യാന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സിനിമ ഇഷ്ടമായെന്ന് പറഞ്ഞാല്‍ തല്ലുമെന്നും താന്‍ ആളെ വിട്ട് തല്ലിക്കുമെന്നുമാണ് ധ്യാന്‍ അമീനോട് പറഞ്ഞത്. ഉണ്ണി മുകുന്ദന്‍ തന്റെ മാനേജരെ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാനിന്റെ കൗണ്ടര്‍. ഇതിനോടകം പല സോഷ്യല്‍ മീഡിയ പേജുകളിലും ധ്യാനിന്റെ മറുപടി ഏറ്റെടുത്തു. തമാശയായാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞതെന്ന് അഭിമുഖത്തിലൂടെ വ്യക്തമാണ്.
സ്വന്തം ടീമിന്റെ സിനിമ കാണാതെ നരിവേട്ട കണ്ടു എന്ന് പറഞ്ഞാല്‍ ഇടി കിട്ടുമെന്ന് സിജു വില്‍സണും റോണി ഡേവിഡും തമാശ രൂപത്തില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ വര്‍ഷത്തെ വിഷു ക്ലാഷിന് ആവേശത്തെക്കുറിച്ചും ധ്യാന്‍ ഇത്തരത്തില്‍ തമാശരൂപത്തില്‍ സംസാരിച്ചത് വൈറലായിരുന്നു.
നവാഗതരായ ഇന്ദ്രനീല്‍ ജി.കെ, രാഹുല്‍ ജി, എന്നിവര്‍ ചേര്‍ന്നാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ സംവിധാനം ചെയ്തിരിക്കുന്നത്. പ്ലാച്ചിക്കാവ് എന്ന സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന സൈക്കോ കില്ലറുടെയും അയാളെ പിടിക്കാന്‍ ശ്രമിക്കുന്ന ഉജ്ജ്വലന്‍ എന്ന ഡിറ്റക്ടീവിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ധ്യാന്‍ ശ്രീനിവാസന് പുറമെ കോട്ടയം നസീര്‍, സിജു വില്‍സണ്‍, റോണി ഡേവിഡ്, സീമ ജി. നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോമഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത സിനിമയെക്കുറിച്ച് സൂചന നല്‍കുന്ന പോസ്റ്റ് ക്രെഡിറ്റ് സീനും ചിത്രത്തിലുണ്ട്.
Content Highlight: Ameen Al and Dhyan Sreenivasan funny conversation during Detective Ujjwalan movie promotion become viral