എല്ലാവരും പൊട്ടിച്ചിരിക്കുമ്പോഴും എനിക്ക് ആ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം വേദനയാണ്: അംബിക
Entertainment
എല്ലാവരും പൊട്ടിച്ചിരിക്കുമ്പോഴും എനിക്ക് ആ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം വേദനയാണ്: അംബിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 10:27 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അംബിക. 1976 മുതല്‍ 1989 വരെ ഒരു ദശാബ്ദത്തിലേറെക്കാലം അവര്‍ സൗത്തിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു. 1976ല്‍ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അംബിക തന്റെ കരിയര്‍ ആരംഭിക്കുന്നത്.

സീത എന്ന മലയാള ചിത്രത്തിലാണ് നടി ആദ്യമായി നായികയാകുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 200ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു. 1980കളില്‍ കമല്‍ ഹാസന്‍, രജിനീകാന്ത്, വിജയകാന്ത്, സത്യരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍, എന്‍.ടി.ആര്‍, രാജ്കുമാര്‍, അംബരീഷ്, ചിരഞ്ജീവി തുടങ്ങിയ മുന്‍നിര നടന്മാരോടൊപ്പമെല്ലാം നിരവധി സിനിമകള്‍ ചെയ്യാന്‍ അംബികക്ക് സാധിച്ചു.

ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് നടി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം എന്ന സിനിമയ്ക്ക് വേണ്ടി തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ മറ്റ് ഭാഷകളില്‍ തിരക്കായത് കാരണം അതില്‍ അഭിനയിക്കാനായില്ലെന്നും അംബിക പറയുന്നു.

ചിത്രം സിനിമ കാണുമ്പോള്‍ എല്ലാവരും പൊട്ടിച്ചിരിക്കുമെങ്കിലും തനിക്ക് ആ സിനിമ വേദനയാണെന്നും മോഹന്‍ലാലിനൊപ്പം കോമഡി ചെയ്യാന്‍ പറ്റിയ നല്ല ഒരു അവസരമാണ് തനിക്ക് നഷ്ടപെട്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ രണ്ട് ചിത്രങ്ങളിലും ഞാനായിരുന്നു നായിക. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയും പ്രേക്ഷകര്‍ ഇന്നും ആരാധനയോടെ നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളാണ്.

‘എപ്പോള്‍ വേണമെങ്കിലും നാന്‍സിക്ക് പിരിഞ്ഞു പോകാം. ഒന്നാലോചിച്ചാല്‍ പിരിഞ്ഞു പോകുന്നതാണ് നല്ലത്. മനസില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ രാജാവിന്റെ മകനില്‍ ലാല്‍ എന്നോട് പറയുന്ന ഈ ഡയലോഗിന് ഇന്നും പത്തരമാറ്റിന്റെ തിളക്കമുണ്ട്.

കാരണം ആ ഡയലോഗ് പ്രസന്റേഷന്‍ ലാലിന്റേതായത് കൊണ്ടുമാത്രമാണ്. രാജാവിന്റെ മകനിലെ നാന്‍സിയും ഇരുപതാം നൂറ്റാണ്ടിലെ അശ്വതിയും ലാലെന്ന കരുത്തനായ നായകന് ഒപ്പം നിന്ന നായികാകഥാപാത്രങ്ങളാണ്.

അതുപോലെ ലാല്‍ ആദ്യമായി ഡ്യുയറ്റ് പാടിയത് എന്നോടൊപ്പമാണ്. ചിത്രം കേള്‍ക്കാത്ത ശബ്ദം. ലാലിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് നിരാശ തോന്നിയ ഒരു സംഭവവുമുണ്ടായിട്ടുണ്ട്. പ്രിയദര്‍ശന്റെ ചിത്രം സിനിമയ്ക്ക് വേണ്ടി എന്നെ ക്ഷണിച്ചിരുന്നു.

എന്നാല്‍ മറ്റ് ഭാഷകളില്‍ തിരക്കായത് കാരണം എനിക്കതില്‍ അഭിനയിക്കാനായില്ല. ചിത്രം സിനിമ കാണുമ്പോള്‍ എല്ലാവരും പൊട്ടിച്ചിരിക്കുമെങ്കിലും എനിക്ക് ആ സിനിമ വേദനയാണ്. കാരണം ലാലിനൊപ്പം കോമഡി ചെയ്യാന്‍ പറ്റിയ നല്ല ഒരു അവസരമാണ് എനിക്ക് നഷ്ടപെട്ടത്,’ അംബിക പറയുന്നു.

Content Highlight: Ambika Talks About Chithram And Mohanlal