മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അല്‍ഫോണ്‍സ് ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അല്‍ഫോണ്‍സിന്റെ റേഞ്ച് വ്യക്തമായത് രണ്ടാമത്തെ ചിത്രമായ പ്രേമത്തിലൂടെയായിരുന്നു.
ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വിശേഷിപ്പിച്ച പ്രേമം മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായി മാറി. കേരളമൊട്ടാകെ തരംഗമായി മാറിയ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രമായ ഗോള്‍ഡ് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ഗോള്‍ഡിന് ശേഷം നാല് വര്‍ഷത്തെ ഇടവേളക്ക് പിന്നാലെ അടുത്ത പ്രൊജക്ടിലേക്ക് അല്‍ഫോണ്‍സ് കടന്നിരിക്കുകയാണ്.
അല്‍ഫോണ്‍സ് പുത്രന്‍ Photo: Cientracker/ X.com
നിവിനെ നായകനാക്കിയുള്ള പ്രൊജക്ടിന്റെ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. മറ്റൊരു പ്രേമമാണോ എന്ന ചോദ്യത്തോട് പ്രേമം പോലൊരു സിനിമ തനിക്ക് ഇനി ചെയ്യാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാഴ 2 തിയേറ്റര്‍ വിസിറ്റിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍.
‘മറ്റൊരു പ്രേമം എനിക്ക് എടുക്കാന്‍ പറ്റില്ല. കാരണം, ആ സമയത്ത് ഞങ്ങളുടെ ഒരു ടീം ആ ഒരു യങ് ഏജില്‍ ആ സമയത്തെ എനര്‍ജിയില്‍ എടുത്ത സിനിമയാണ്. ഇനി അതുപോലൊരു സിനിമയെടുക്കണമെങ്കില്‍ ഞാന്‍ വീണ്ടും ചെന്ന് പ്ലസ് ടുവും ഡിഗ്രിയും പഠിച്ച്, ഇപ്പോഴത്തെ പ്രേമങ്ങള്‍ എങ്ങനെയാണെന്ന് മനസിലാക്കണം. അത് എളുപ്പമുള്ള പരിപാടിയല്ല.
അല്‍ഫോണ്‍സ് പുത്രന്‍ Photo: Screen grab/ Media One
എന്നെക്കൊണ്ട് പറ്റുന്ന ഒരു സിനിമയാണ് ചെയ്യുന്നത്. നിങ്ങള്‍ക്കുവേണ്ടത് പ്രേമത്തെക്കാള്‍ ഇമോഷണല്‍ ടച്ചുള്ള സിനിമയല്ലേ. അത്തരമൊരു സിനിമ ചെയ്യാനായിട്ട് ഞാന്‍ ശ്രമിക്കും. നിവിനുമായിട്ടുള്ള പ്രൊജക്ട് പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. അതിന്റെ എഴുത്തും കാര്യങ്ങളുമൊക്കെ നടക്കുകയാണ്. കഴിഞ്ഞദിവസം കൂടി അതിന്റെ ഡിസ്‌കഷന്‍ നടന്നതേയുള്ളൂ. എല്ലാം കറക്ടായിട്ട് നടക്കുന്നുണ്ട്,’ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
നിവിനുമായുള്ള പ്രൊജക്ടില്‍ പ്രേമം വൈബ് ഉണ്ടാകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതിനായി താന്‍ ശ്രമിക്കുന്നുണ്ടെന്നും മനപൂര്‍വം അത്തരമൊന്ന് ചെയ്യാനാകില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടിച്ചേര്‍ത്തു. വാഴ 2ന്റെ ടീമുമായി പ്രവര്‍ത്തിച്ചത് തനിക്ക് ഗുണം ചെയ്‌തെന്നും അല്‍ഫോണ്‍സ് പറയുന്നു.
നിലവില്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന വാഴ 2ല്‍ അല്‍ഫോണ്‍സ് പുത്രന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സി.ഐ. സേവിയര്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം വേഷമിട്ടത്. വെറും മൂന്ന് സീന്‍ കൊണ്ട് ഗംഭീര ഇംപാക്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ വാഴ 2ല്‍ ഉണ്ടാക്കിയത്.
Content Highlight: Alphonse Puthren about his new movie with Nivin Pauly