പിറന്നാളൊക്കെയല്ലേ, പവറ് വരട്ടെ; 40ാം പിറന്നാള്‍ സെര്‍ബിയയിലെത്തി കളറാക്കി അല്ലു
Entertainment news
പിറന്നാളൊക്കെയല്ലേ, പവറ് വരട്ടെ; 40ാം പിറന്നാള്‍ സെര്‍ബിയയിലെത്തി കളറാക്കി അല്ലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th April 2022, 6:38 pm

തെലുങ്ക് സിനിമാ ലോകത്ത് തന്റെതായ അഭിനയശൈലി കൊണ്ട് സ്വയം അടയാളപ്പെടുത്തിയ താരമാണ് അല്ലു അര്‍ജുന്‍. അല്ലുവിന്റെ ചിത്രങ്ങള്‍ മലയാളത്തിലേക്കടക്കം മൊഴി മാറ്റിയെത്തിയതോടെ മലയാളി ആരാധകര്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ ‘മല്ലു അര്‍ജുനാ’വുകയായിരുന്നു.

ഇതിനോടകം തന്നെ പല ഹിറ്റ് ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അല്ലു വെള്ളിയാഴ്ച തന്റെ നാല്‍പതാം പിറന്നാല്‍ ആഘോഷിക്കുകയാണ്.

സെര്‍ബിയയിലെ ബെല്‍ഗ്രേഡിലായിരുന്നു താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്. അമ്പതോളം സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് സെര്‍ബിയയിലെത്തിയ താരത്തിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ ഇതോടെ വൈറലായിരുന്നു.

View this post on Instagram

A post shared by Allu Arjun (@alluarjunonline)

അല്ലുവിന്റെ പിറന്നാളിന് നൂറ് ദിവസം മുമ്പ് തന്നെ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും സംഭാവനകളും ഭക്ഷണവും നല്‍കുകയും ചെയ്തായിരുന്നു ആരാധകരുടെ ആഘോഷം.

ഇതിന് പുറമെ അല്ലുവിന്റെ ആഗ്രഹപ്രകാരം വൃക്ഷത്തൈകള്‍ നടുകയും ചെയ്തിരുന്നു.

അതേസമയം, അല്ലുവിന്റെ ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

‘സുകുമാര്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട ചില രംഗങ്ങള്‍ ആദ്യം തന്നെ ചിത്രീകരിക്കും. പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കും,’ ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകര്‍ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ സമന്തയുടെ ഐറ്റം ഡാന്‍സും ആഘോഷിക്കപ്പെട്ടു.

കഴിഞ്ഞ ഡിസംബര്‍ 29തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.

മലയാളവും തമിഴിലുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

Content highlight: Allu Arjun celebrates his Birthday at Serbia