മലയാള സിനിമ കാണാറുണ്ടോ എന്ന ചോദിച്ചവനോട് 'പോ മോനേ ദിനാശാ' എന്ന് പറഞ്ഞ് റോക്കി ഭായ്
Film News
മലയാള സിനിമ കാണാറുണ്ടോ എന്ന ചോദിച്ചവനോട് 'പോ മോനേ ദിനാശാ' എന്ന് പറഞ്ഞ് റോക്കി ഭായ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th April 2022, 5:17 pm

തെന്നിന്ത്യയൊന്നാകെ കാത്തിരിക്കുന്ന മാസ് മസാല ചിത്രമാണ് യഷ് നായകനാവുന്ന കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ 2. കാര്യമായ പ്രതീക്ഷകളില്ലാതെയെത്തിയ ചിത്രത്തിന്റെ ഒന്നാം ഭാഗം മലയാളമടക്കമുള്ള ഭാഷകളില്‍ സൂപ്പര്‍ ഹിറ്റായതോടെ യഷ് എന്ന നടന്റെ വിപണി മൂല്യവും ആരാധകരുടെ എണ്ണവും വാനോളമുയരുകയായിരുന്നു.

ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൊച്ചിയിലെത്തിയതിനും എല്ലാവരേയും കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും മലയാളത്തില്‍ പറഞ്ഞതോടെ കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയായിരുന്നു.

മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ ചിത്രമായ നരസിംഹത്തിലെ ‘പോ മോനേ ദിനേശാ’ എന്നായിരുന്നു താരത്തിന്റെ മറുപടി. മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലും ‘ചാമ്പിക്കോ’ എന്ന ഡയലോഗ് കൂടെ ആയതോടെ കാണികള്‍ ആവേശത്തിലായി.

മലയാള സിനിമകള്‍ താന്‍ ഫോളോ ചെയ്യാറുണ്ടെന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ പൃഥ്വിരാജിനേയും ടൊവിനോ തോമസിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 14ന് വിജയ് ചിത്രം ബീസ്റ്റിനൊപ്പം ക്ലാഷ് റിലീസായാണ് കെ.ജി.എഫ് 2 എത്തുന്നത്.

കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയതുമുതല്‍ ആരാധകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും, രമിക സെന്നും ഇനായത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തിന്റെ പ്രമേയം.

കൊവിഡ് മൂലം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content highlight: Yash says Po Mone Dinesha dialog from Narasimham as promotion of KGF 2