മദ്യപിച്ചെത്തിയ ആ മുംബൈ താരം എന്നെ പതിനഞ്ചാം നിലയില്‍ നിന്നും താഴേക്ക് തൂക്കിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍
IPL
മദ്യപിച്ചെത്തിയ ആ മുംബൈ താരം എന്നെ പതിനഞ്ചാം നിലയില്‍ നിന്നും താഴേക്ക് തൂക്കിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th April 2022, 6:01 pm

 

മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന സമയത്ത് താന്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം വെളിപ്പെടുത്തി രാജസ്ഥാന്‍ സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹല്‍. രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

അധികം ആര്‍ക്കും ഇതേ കുറിച്ച് അറിയില്ല എന്നുപറഞ്ഞുകൊണ്ടാണ് ചഹല്‍ ഇക്കാര്യം പറയുന്നത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കെ മദ്യപിച്ച് ലക്കുകെട്ട സഹതാരത്തിന്റെ ആക്രണത്തില്‍ നിന്നും താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

‘എന്റെ ഈ കഥ കുറച്ചുപേര്‍ക്കെങ്കലും അറിയാം. ഇത് ഞാന്‍ ആരുമായും മുമ്പ് പങ്കുവെച്ചിട്ടില്ല. ബെംഗളൂരുവില്‍ വെച്ച് മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന സമയമായിരുന്നു അത്.

മത്സത്തിന് ശേഷം ഒരു ഗെറ്റ് റ്റുഗദര്‍ ഉണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ട ഒരു സഹതാരം എന്നെ വിളിച്ചുകൊണ്ടുപോയി ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് തൂക്കിയിട്ടു.

കെട്ടിടത്തിന്റെ 15ാം നിലയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നത്. അപ്പോഴേക്കും മറ്റ് താരങ്ങള്‍ വന്ന് എല്ലാം നിയന്ത്രിച്ചു, എനിക്ക് കുടിക്കാന്‍ വെള്ളം തന്നു.

ചെറിയ രീതിയില്‍ ഒരു പിഴവ് സംഭവിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഉറപ്പായും താഴെ വീഴുമായിരുന്നു. ആരാണ് എന്നോടിത് ചെയ്തതെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല,’ ചഹല്‍ പറഞ്ഞു.

2013ല്‍ മാത്രമാണ് ചഹല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചത്. ഒറ്റ മത്സരം മാത്രമാണ് ആ സീസണില്‍ താരം കളിച്ചത്. അതില്‍ വിക്കറ്റൊന്നും നേടാനുമായില്ല. തുടര്‍ന്നാണ് താരം ബെംഗളൂരുവിലേക്ക് കളംമാറ്റി ചവിട്ടിയത്.

2014ല്‍ ആര്‍.സി.ബിയുടെ ഭാഗമായിരുന്ന താരം എട്ട് സീസണുകളില്‍ ആര്‍.സി.ബിക്ക് വേണ്ടി പന്തെറിഞ്ഞു. 139 വിക്കറ്റുകളാണ് ടീമിന് വേണ്ടി ചഹല്‍ നേടിയത്.

2022ല്‍ ബെംഗളൂരു നിലനിര്‍ത്താതിരുന്നതോടെ താരം മെഗാലേലത്തിന്റെ ഭാഗമാവുകയും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവുകയുമായിരുന്നു.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റുകളും ചഹല്‍ നേടിയിട്ടുണ്ട്.

Content Highlight: Rajasthan Royals star player Yuzvendra Chahal about an incident while he was playing with Mumbai Indians