തൃശൂരില്‍ താമസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 11 വോട്ട് ചേര്‍ത്തു; സുരേഷ് ഗോപിക്കെതിരെ ആരോപണം
Kerala
തൃശൂരില്‍ താമസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 11 വോട്ട് ചേര്‍ത്തു; സുരേഷ് ഗോപിക്കെതിരെ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 6:19 pm

തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ 11 വോട്ട് ചേര്‍ത്തെന്നാണ് ആരോപണം.

തെരഞ്ഞടുപ്പിന് വേണ്ടി മാത്രമായി സുരേഷ് ഗോപി പങ്കാളിയുടെയും മക്കളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ തൃശൂരില്‍ ചേര്‍ത്തെന്നും തൃശൂരില്‍ താമസമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വോട്ട് ചെയ്തതെന്നും ഡി.സി.സി അധ്യക്ഷന്‍ ആരോപിച്ചു.

വിലാസത്തിന് വേണ്ടി മാത്രമായി ഒരു വീടെടുത്തുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീട് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. 1016 മുതല്‍ 1026വരെയുള്ള 11 വോട്ടുകള്‍ സുരേഷ് ഗോപി ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ ചേര്‍ക്കുകയായിരുന്നു. സഹോദരന്റെ കുടുംബവും വോട്ട് ചേര്‍ത്തത് ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ്.

മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരെ എത്തിച്ച് ബി.ജെ.പി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്നുള്ളതിന് ഉദാഹരണമാണ് ഇതെന്നും 45 പേരുടെ ഐ.ഡി കാര്‍ഡ് സഹിതം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഡി.സി.സി അധ്യക്ഷന്‍ ആരോപിച്ചു.

Content Highlight: Allegations against Suresh Gopi for adding 11 votes by misleading that they reside in Thrissur