യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചിരുന്ന ജോയ് മാത്യുവും സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തി. ‘കാട്ടാന വന്നു. ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു. ജനം ക്ഷമിച്ചു, കടുവ വന്നു. ജനം ക്ഷമിച്ചു, കാട്ടുപോത്ത് വന്നു. ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു. ജനം പ്രതികരിച്ചു’ എന്നായിരുന്ന ഫലം വന്നതിന് പിന്നാലെ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് പുറമെ ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ സ്തുതി പാഠകരുടെ പരാജയം എന്ന തലക്കെട്ടില്‍ ഒരു ലേഖനവും എഴുതിയിട്ടുണ്ട്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളായും നിരവധി പേര്‍ സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തക പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപം തുടരുകയാണ്. ‘റിസള്‍ട്ട് വന്നതോട് കൂടി മീര ബങ്കറില്‍ ഒളിച്ചെന്നാണ് കേട്ടത്. നിലമ്പൂര്‍ ആയിഷ കാട്ടിലും’ എന്നാണ് ബിന്ദു ജേക്കബ് എന്ന പ്രൊഫൈലില്‍ നിന്നും കമന്റ് ചെയ്തിരിക്കുന്നത്. ‘അടിയന്തരാവസ്ഥയില്‍ നിലമ്പൂര്‍ ആയിഷ ഒളിച്ചിട്ടില്ല, എന്നിട്ടല്ലേ ഇപ്പോള്‍’ എന്ന് ഒ.വി. സുരേഷ്, എന്ന മാധ്യമപ്രവര്‍ത്തകന്‍ ഈ കമന്റിന് മറുപടി നല്‍കി.
‘ആര്യാടന്‍ ഷൗക്കത്ത് സ്വരാജിനെ തോല്‍പ്പിച്ചു എന്ന് ഞാന്‍ വിചാരിക്കുന്നില്ല. കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരെ മൊത്തം നിലമ്പൂരിലെ സാധാരണക്കാരായ ജനം ഒരുമിച്ച് നിന്ന് അടപടലം ചാമ്പി എന്ന് വിചാരിച്ചാല്‍ മതി’ എന്നാണ് അജാസ് കെ. സൈദു എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കെ.ആര്‍. മീരയുടെ ഫോട്ടോ കൂടി ചേര്‍ത്താണ് ഈ കമന്റ്. സാംസ്‌കാരിക നായകര്‍ അല്ല, സര്‍ക്കാറിന്റെ എച്ചിലിന് വേണ്ടി വാ പൊളിച്ചു നില്‍ക്കുന്ന സാംസ്‌കാരിക ‘നായകള്‍’ ആണെന്നാണ് സാദിഖ് കായക്കൊടി എന്ന വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്.
ജോയ് മാത്യു മാതൃഭൂമിയില്‍ എഴുതിയ ലേഖനവും ഫേസ്ബുക്ക് പോസ്റ്റും
സംഘപരിവാര്‍ അനുകൂല യുട്യൂബറും പ്രതിപക്ഷനേതാവിന്റെ വിരുന്നുകളിലെ സ്ഥിര സാന്നിധ്യവും നിരവധി കേസുകളില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന ഷാജന്‍ സ്‌കറിയയും എല്‍.ഡി.എഫിനെ പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തകരെ പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ വൈശാഖന്‍, സംവിധായകന്‍ കമല്‍, ടി.ഡി. രാമകൃഷ്ണന്‍, നിലമ്പൂര്‍ ആയിഷ തുടങ്ങിയവരുടെ ചിത്രങ്ങല്‍ പങ്കുവെച്ച് കൊണ്ടുള്ള പോസ്റ്റില്‍ സാംസ്‌കാരിക നായകള്‍ക്ക് സ്തുതിയായിരിക്കട്ടെ എന്നാണ് ഷാജന്‍ സ്‌കറിയ കുറിച്ചിരിക്കുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ സാംസ്‌കാരി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. കെ.ആര്‍. മീര, നിലമ്പൂര്‍ ആയിഷ, വൈശാഖന്‍, ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചപ്പോള്‍ കല്‍പ്പറ്റ നാരായണന്‍, ജോയ് മാത്യു തുടങ്ങിയവര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പിന്തുണച്ചു. ഷാജന്‍ സ്‌കറിയയെ പോലുള്ള സംഘപരിവാര്‍ അനുകൂലികളും ശ്രീജിത് പണിക്കരെ പോലുള്ള തീവ്ര വലതുപക്ഷവാദികളും സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തകരെ അധിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഫലം വന്നതിന് ശേഷവും നടക്കുന്ന ഈ തര്‍ക്കങ്ങള്‍.
content highlights: Allegations against cultural activists who supported Swaraj continue on social media.