കുന്നംകുളം കസ്റ്റഡി മർദനം; സി.പി.ഒ ശശിധരനെതിരെ നടപടിയില്ല
Kerala
കുന്നംകുളം കസ്റ്റഡി മർദനം; സി.പി.ഒ ശശിധരനെതിരെ നടപടിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 4:56 pm

കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്‌റ്റേഷനില്‍ വെച്ച് പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ ഒത്തുകളിയെന്ന് ആരോപണം. കേസിൽ കോടതി പ്രതിചേർത്ത സി.പി.ഒ ശശിധരനെതിരെ പൊലീസ് ഇതുവരെ അച്ചടക്ക നടപടിയെടുത്തില്ല. പ്രതിചേർത്തവരിൽ മൂന്ന് പേർക്ക് എതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്.

സുജിത്തിനെ ശശിധരൻ മർദിക്കുന്നത് ദൃശ്യങ്ങളിൽ ഇല്ലെന്ന് പറഞ്ഞാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ഈ സംഭവത്തിൽ അന്വേഷണം നടത്തിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എസ്.പി.യുടെ റിപ്പോർട്ടിൽ ശശിധരനും കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ശശിധരൻ മർദിച്ചുവെന്നായിരുന്നു സുജിത്തിന്റെ ആരോപണം. അന്വേഷണ റിപ്പോർട്ടിൽ ഇത് നടക്കാൻ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്ന നേരത്ത് ശശിധരൻ പുറത്ത് നിന്ന് വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇത് നിലനില്‍ക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.

ഈ അന്വേഷണ റിപ്പോർട്ട് നിലനിൽക്കെ ശശിധരന് എതിരെ നടപടി എടുക്കാത്തതിൽ ഉന്നത രാഷ്ട്രീയ ഇടപടെലുണ്ടെന്ന് സുജിത്ത് ആരോപിച്ചു. കൃത്യമായ അന്വേഷണ റിപ്പോർട്ടുണ്ടായിട്ടും അത് മുഖവിലയ്ക്ക് എടുക്കാതെയുള്ള അച്ചടക്ക നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചൊവ്വന്നൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരും പറഞ്ഞു.

2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എസ്.ഐ നൂഹ്‌മാന്റെ നേതൃത്വത്തിലുള്ള മൂന്ന് പോലീസുകാർ ചേർന്ന് സുജിത്തിനെ ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

സംഭവദിവസം രാത്രി റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പട്രോളിങ്ങിന് എത്തിയ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്.

പൊലീസിന്റെ നടപടിക്കെതിരെ നിയമപോരാട്ടം നടത്താനുറച്ച സുജിത്ത്, ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുകയും, കഴിഞ്ഞമാസം സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്ക് എതിരെ കോടതി കേസെടുക്കുകയും ചെയ്തിരുന്നു.

സുജിത്തിന് അനുകൂലമായി കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദന വീഡിയോ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിവരാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് സുജിത്തിന് വീഡിയോ ലഭിച്ചത്.

Content Highlight: Allegation of collusion in not taking action against CPO Sasidharan in brutal beating of Youth Congress Leader VS Sujith