ചെണ്ട കലാകാരനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തി; വഞ്ചിയൂര്‍ എസ്.ഐ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതി
kERALA NEWS
ചെണ്ട കലാകാരനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തി; വഞ്ചിയൂര്‍ എസ്.ഐ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതി
ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2019, 6:53 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാദ്യകലാകാരനെ രാത്രി മണിക്കൂറുകളോളം ഉടുതുണിയുരിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതായി പരാതി. ചെണ്ട കലാകാരന്‍ സതീഷിനെയാണ് വഞ്ചിയൂര്‍ എസ്.ഐ ഷബീര്‍ രാത്രി സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മണിക്കൂറുകള്‍ നിര്‍ത്തിയത്.

ഇത് ചൂണ്ടിക്കാട്ടി സതീഷും കുടുംബവും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.

രാത്രി പൊതുവഴിയില്‍ സിഗരറ്റ് വലിച്ചു എന്ന കുറ്റത്തിനാണ് സതീഷിനെ വഞ്ചിയൂര്‍ എസ്.ഐ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയായ സതീഷ്, 48 മണിക്കൂര്‍ നിര്‍ത്താതെ ചെണ്ട വായിച്ചു ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കലാകാരനാണ്.

ഞായറാഴ്ച വൈകിട്ട് ശ്രീവരാഹം മഹാഗണപതി ക്ഷേത്രത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞു മടങ്ങവെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പെട്രോള്‍ തീര്‍ന്ന് വഴിയിലായി. കൂടെയുണ്ടായിരുന്നയാള്‍ പെട്രോള്‍ വാങ്ങാന്‍ പോയ സമയത്ത് സതീഷ് വഴിയോരത്ത് മാറി നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. ഇതേസമയം നൈറ്റ് പെട്രോളിങ്ങിനെത്തിയ എസ്.ഐയും സംഘവും സതീഷിനോട് അപമര്യാദയായി പെരുമാറുകയായുരുന്നു എന്ന് പരാതിയില്‍ പറയുന്നു.

താമസിക്കുന്നത് ചെങ്കല്‍ച്ചൂളയിലാണെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നും ദലിത് വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തെ ജാതി പറഞ്ഞ് അപമാനിക്കുകയായിരുന്നു എന്നും സതീഷിന്റെ ഭാര്യ ധനുജ പറഞ്ഞു. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘200 രൂപ പെറ്റിയടക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. കയ്യില്‍ പണമുണ്ടായിരുന്നില്ല. പെട്രോള്‍ വാങ്ങി വരുന്നയാള്‍ വന്നതിന് ശേഷം ഫൈനടക്കാമെന്ന് പറഞ്ഞു. താമസിക്കുന്ന സ്ഥലം രാജാജി നഗര്‍ ആണെന്ന് പറഞ്ഞപ്പോള്‍, ചെങ്കല്‍ച്ചൂള എന്നു പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് എസ്.ഐ ആക്രോശിച്ച് തെറിവിളിച്ചു. കലാകാരനാണ് എന്ന് പറഞ്ഞപ്പോള്‍ ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത് ആക്ഷേപിച്ചു. അതിനുശേഷം സ്റ്റേഷനില്‍ കൊണ്ടുപോയി’- ധനുജ പറയുന്നു.

‘കോളനിയുടെ പേര് പറഞ്ഞായിരുന്നു കൂടുതല്‍ അധിക്ഷേപം. മദ്യപിക്കാത്ത വ്യക്തിയാണ് അദ്ദേഹം. മദ്യപിച്ച് ബഹളുമുണ്ടാക്കിയതിനുള്ള വകുപ്പായ സെക്ഷന്‍ 180 ചുമത്തിയാണ് വിട്ടയച്ചത്’ ധനുജ പറഞ്ഞു.

നിസാര കേസുകള്‍ക്ക് രാത്രിയില്‍ ആളുകളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.