ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന്റെ റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍; ഫിഫക്കെതിരെ വീണ്ടും വിവാദം
FIFA World Cup 2026
ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന്റെ റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍; ഫിഫക്കെതിരെ വീണ്ടും വിവാദം
സുദേവ് എ
Thursday, 9th July 2026, 2:52 pm

2026 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. ആദ്യ പോരാട്ടത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സും ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയുമാണ് ഏറ്റുമുട്ടുന്നത്.

ഈ മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പേരുകളും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫ്രാന്‍സ്-മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും അര്‍ജന്റീനക്കാരാണ്. റഫറിമാരുടെ പേരുകള്‍ ഫിഫ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ക്കടിയില്‍ ഒത്തുകളി ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഫക്കുണ്ടോ ടെല്ലോയാണ് ഈ മത്സരം നിയന്ത്രിക്കുന്നത്. 2022 ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ-പോര്‍ച്ചുഗല്‍ മത്സരം നിയന്ത്രിച്ച റഫറിയാണ് ഫക്കുണ്ടോ. ഇപ്പോള്‍ വീണ്ടും മൊറോക്കോയുടെ മത്സരത്തില്‍ തന്നെ ഫക്കുണ്ടോ റഫറിയായി എത്തിയിരിക്കുകയാണ്.

അസിസ്റ്റന്റ് റഫറിമാരായി യുവാന്‍ പാബ്ലോ ബെലാറ്റിയും ഗബ്രിയേല്‍ ചാഡെയുമാണ് ഫിഫ ചുമതപ്പെടുത്തിയിട്ടുള്ളത്. നാലാം റഫറിയായി ഡാരിയോ ഹെരേര എത്തുമ്പോള്‍ റിസര്‍വ് അസിസ്റ്റന്റ് റഫറിയായി ക്രിസ്റ്റ്യന്‍ നവാരോ പ്രവര്‍ത്തിക്കും. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരേ രാജ്യത്തുള്ള അഞ്ച് റഫറിമാര്‍ ഒരു മത്സരം നിയന്ത്രിക്കുന്നത്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അര്‍ജന്റീനയുടെ കടുത്ത എതിരാളിയായിരുന്നു ഫ്രാന്‍സ്. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ വീഴ്ത്തിയായിരുന്നു അര്‍ജന്റീന കിരീടം ചൂടിയിരുന്നത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഫ്രഞ്ച് പടയെ പരാജയപ്പെടുത്തിയിരുന്നു അര്‍ജന്റീനയുടെ കിരീട നേട്ടം. ഫൈനലില്‍ വലിയ വെല്ലുവിളിയായിരുന്നു ഫ്രാന്‍സ് അര്‍ജന്റീനക്കെതിരെ ഉയര്‍ത്തിയിരുന്നത്.

2018 റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടായിരുന്നു അര്‍ജന്റീന പുറത്തായത്. പ്രീക്വാര്‍ട്ടറില്‍ 4-3നായിരുന്നു ഫ്രാന്‍സ് അര്‍ജന്റീനയെ തകര്‍ത്തിരുന്നത്. ഈ സഹചര്യത്തില്‍ ഫ്രാന്‍സിന്റെ മത്സരത്തില്‍ റഫറിമാരെല്ലാം അര്‍ജന്റീനയില്‍ നിന്നുള്ളവരായത് മത്സരത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

അതേസമയം പ്രീക്വാര്‍ട്ടറിലെ അര്‍ജന്റീന-ഈജിപ്ത് പോരാട്ടം വലിയ വിവാദമായിരുന്നു. ഈജിപ്തിനെതിരെ 3-2ന് അര്‍ജന്റീന വിജയിച്ചെങ്കിലും മത്സരത്തിലെ റഫറിയിങ്ങിലെ തീരുമാനങ്ങള്‍ വലിയ വിവാദമായിരുന്നു. മത്സരത്തിലെ ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ചതും ഈജിപ്തിന് അനുകൂലമായ ലഭിച്ച പെനാല്‍റ്റി റഫറി നല്‍കാതിരുന്നതും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മത്സരശേഷം റഫറിയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോയും പരിശീലകന്‍ ഹൊസം ഹസനും മുന്നോട്ട് വന്നിരുന്നു. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സരശേഷം പറഞ്ഞത്.

മത്സരത്തിലെ വിജയം ഈജിപ്തിന് അര്‍ഹതപ്പെട്ടതായിരുന്നെന്നും എന്നാല്‍ മൈതാനത്ത് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ഫിഫ ശ്രമിച്ചതെന്നുമാണ് ഈജിപ്ഷ്യന്‍ പരിശീലകന്‍ വ്യക്തമാക്കിയത്.

 

Content Highlight: All referees officiating the France-Morocco match in the 2026 FIFA World Cup are Argentines; Controversy again against FIFA

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.