പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി; അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
Kerala News
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി; അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 12:03 pm

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം തള്ളി കൊച്ചി എന്‍.ഐ.എകോടതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയമവിദ്യാര്‍ത്ഥി കൂടിയായ അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ രംഗത്തെത്തിയത്.

പന്തീരാങ്കാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്‍ ഷുഐബ്, ത്വാഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതി വ്യക്തമാക്കിയത്.

സമീപകാലത്തായി അലന്‍ ഷുഐബ് ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ തീവ്രവാദ ബന്ധമുള്ളവരുടേതാണെന്നും ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം.

അലന്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ അനുചിതമാണെന്നും അലന്‍ നേരിട്ട് എഴുതുന്നവയല്ലെന്നും കോടതി വ്യക്തമാക്കി.

പാലയാട് ക്യാമ്പസില്‍ അടുത്തിടെ അലന്‍ ഷുഐബും എസ്.എഫ്.ഐയുമായി സംഘര്‍ഷം നടന്നിരുന്നു. ഇതും എന്‍.ഐ.എ ജാമ്യം റദ്ദാക്കുന്നതിനുള്ള കാരണങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Alan shuaib’s Bail will stand; NIA petition to cancel bail rejected