ദുല്‍ഖര്‍ ചേട്ടന്റെ അച്ഛനും പ്രണവിന്റെ അച്ഛനും സൂപ്പര്‍ സ്റ്റാര്‍സാണെന്ന് അവന്‍ പറഞ്ഞു, എത്ര ശ്രമിച്ചിട്ടും എനിക്ക് തിരുത്താനായില്ല: മുകേഷ്
Entertainment news
ദുല്‍ഖര്‍ ചേട്ടന്റെ അച്ഛനും പ്രണവിന്റെ അച്ഛനും സൂപ്പര്‍ സ്റ്റാര്‍സാണെന്ന് അവന്‍ പറഞ്ഞു, എത്ര ശ്രമിച്ചിട്ടും എനിക്ക് തിരുത്താനായില്ല: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 11:22 am

മകനുമൊത്തുള്ള പഴയ ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. എന്തുകൊണ്ടാണ് സൂപ്പര്‍ സ്റ്റാറാകാത്തത് എന്ന് തന്റെ മകന്റെ സുഹൃത്തുക്കള്‍ ഒരിക്കല്‍ ചോദിച്ചുവെന്നും തനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് സൂപ്പര്‍ സ്റ്റാറാകാത്തതെന്ന് മകന്‍ മറുപടി പറഞ്ഞുവെന്നും മുകേഷ് പറഞ്ഞു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും അവാര്‍ഡ് കിട്ടിയതുകൊണ്ടാണ് അവരെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതെന്നും അച്ഛന്‍ ആദ്യം നാഷണല്‍ അവാര്‍ഡ് മേടിക്കണമെന്നും അത് കഴിയുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മുകേഷെന്ന് വിളിക്കുമെന്നും തന്റെ മകന്‍ തേജസ് പറഞ്ഞുവെന്ന് മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെ നടന്‍ പറഞ്ഞു.

‘സിനിമയിലേക്ക് വരുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. നടന്മാര്‍ മാത്രമല്ല സംവിധായകരും അങ്ങനെ തന്നെയാണ്. സൂപ്പര്‍ ഡയറക്ടര്‍ എന്ന് പറയിക്കാനാണ് അവരെല്ലാം തന്നെ ശ്രമിക്കുന്നത്. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവരും ഇത്തരത്തില്‍ സൂപ്പര്‍ എന്ന് പറയിക്കാനാണ് നോക്കുന്നത്.

എന്റെ മകന് നാലോ അഞ്ചോ വയുള്ളപ്പോഴാണ് ഒരു സംഭവം നടക്കുന്നത്. തേജസ് എന്നാണ് അവന്റെ പേര്. ഒരു വൈകുന്നേരം ആയപ്പോള്‍ അവന്‍ കുറച്ച് കൂട്ടുകാരുമായി വീട്ടിലേക്ക് വന്നു. ഞാന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. ഇന്ന് എന്തായാലും ചോദിക്കാമെന്നൊക്കെയാണ് അവര്‍ പറയുന്നത്. അകത്തിരുന്ന് അത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.


എന്തോ ചോദിക്കാന്‍ വേണ്ടിയാണ് എല്ലാവരും കൂടി വന്നിരിക്കുന്നത്. എന്നാല്‍ എന്നെ കണ്ടപ്പോള്‍ വിഷയം മാറ്റി. കുറച്ച് കഴിഞ്ഞ് അവരിലൊരാള്‍ മുമ്പോട്ട് വന്ന് പറഞ്ഞു, മുകേഷ് അങ്കിള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം ചോദിക്കാനുണ്ടെന്ന്. അങ്കിള്‍ എന്തുകൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍ ആകാത്തത് എന്നാണ് അവന്‍ എന്നോട് ചോദിച്ചത്. ആര് പറഞ്ഞു ഞാന്‍ സൂപ്പര്‍ സ്റ്റാറല്ലെന്ന്, ഞാന്‍ അവരോട് ചോദിച്ചു.

അതിന് സൂപ്പര്‍ സ്റ്റാര്‍ മുകേഷ് എന്നല്ലല്ലോ പറയുന്നതെന്ന് അവര്‍ എന്നോട് തിരിച്ച് ചോദിച്ചു. ഇതൊക്കെ കേട്ട് തേജസ് മിണ്ടാതെ നില്‍ക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, നാഷണല്‍ അവാര്‍ഡ് കിട്ടാത്തത് കൊണ്ടാണ് അച്ഛന്‍ സൂപ്പര്‍ സ്റ്റാകാത്തതെന്ന്. അവാര്‍ഡ് കിട്ടിയ ദുല്‍ഖര്‍ ചേട്ടന്റെ അച്ഛന്‍ സൂപ്പര്‍ സ്റ്റാറാണ്, പ്രണവിന്റെ ഫാദര്‍ സൂപ്പര്‍ സ്റ്റാറാണ്. അപ്പോള്‍ അച്ഛന്‍ ആദ്യം നാഷണല്‍ അവാര്‍ഡ് വാങ്ങിക്കണം. എന്നിട്ട് ഉറപ്പായും സൂപ്പര്‍ സ്റ്റാറാകും. അങ്ങനെ ഒരു ദിവസം കൊണ്ടൊന്നും സൂപ്പര്‍ സ്റ്റാറാകാന്‍ പറ്റില്ലന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. എന്നിട്ടൊന്നും അവനെ തിരുത്താന്‍ കഴിഞ്ഞില്ല,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh share funny experience with his son and friends