ടീമിനെ വിജയിപ്പിക്കാനായി അവന്‍ ഒരു ഇന്നിങ്സ് പോലും കളിച്ചിട്ടില്ല: വിമര്‍ശനവുമായി ആകാശ് ചോപ്ര
Cricket
ടീമിനെ വിജയിപ്പിക്കാനായി അവന്‍ ഒരു ഇന്നിങ്സ് പോലും കളിച്ചിട്ടില്ല: വിമര്‍ശനവുമായി ആകാശ് ചോപ്ര
Sudev A
Tuesday, 21st April 2026, 5:17 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സില്‍ ഓള്‍ ഔട്ടായി.

സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ നേടിയത്. മത്സരത്തില്‍ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് തിലക് തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്‌സ്. തിലകിന് പുറമെ നമന്‍ ധീര്‍ 45 റണ്‍സും നേടി മുംബൈക്ക് മികച്ച ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 15 റണ്‍സ് വീതവും നേടി.

മത്സരത്തില്‍ മുംബൈ വിജയിച്ചെങ്കിലും ഈ സീസണിലെ ഹര്‍ദിക്കിന്റെ മോശം ബാറ്റിങ് പ്രകടനങ്ങളെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിമര്‍ശിച്ചു. ഈ സീസണില്‍ വെറും 96 റണ്‍സ് മാത്രമാണ് ഹര്‍ദിക് നേടിയത്. ഹര്‍ദിക് കുറച്ചു നാളുകളായി മുംബൈക്ക് വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ കളിച്ചിട്ടില്ലെന്നാണ് മുന്‍ മുംബൈ താരത്തിന്റെ വിമര്‍ശനം.

”കുറച്ചു നാളുകളായി മുംബൈക്കായി മാച്ച് വിന്നിങ്‌സ് ഇന്നിങ്സ് ഹര്‍ദിക് കളിച്ചിട്ടില്ല. ഇവിടെയും അദ്ദേഹം ബുദ്ധിമുട്ടി. കഴിഞ്ഞ മത്സരത്തിലും അങ്ങനെ തന്നെയാണ് കാണാനായത്. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി ഉടനെ തന്നെ കണ്ടെത്തണം. ഷെര്‍ഫാനെയെ കൂടുതല്‍ സമയം ഡഗൗട്ടില്‍ തന്നെ നിര്‍ത്തണം” ആകാശ് ചോപ്ര എക്സില്‍ കുറിച്ചു.

അതേസമയം ഗുജറാത്തിനെതിരായ മത്സരത്തില്‍ മുംബൈ ബൗളിങ്ങില്‍ അശ്വിനി കുമാര്‍ നാല് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് നിര തകരുകയായിരുന്നു. അല്ലാഹ് ഗസന്‍ഫര്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഹര്‍ദിക്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടിയപ്പോള്‍ ഗുജറാത്തിന്റെ പതനം പൂര്‍ത്തിയായി.

26 റണ്‍സ് നേടിയ വാഷിങ്ങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഏപ്രില്‍ 23ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Akash Chopra Talks About Hardik Pandya Batting Performance in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.