മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അജു വർഗീസ്. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ അജുവിന് സാധിച്ചിരുന്നു.
ഇപ്പോൾ വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്. വിനീത് എന്നും തനിക്ക് ഗുരു തുല്യനാണെന്നും തനിക്ക് വിനീതിനോട് സ്നേഹത്തേക്കാളുപരി ബഹുമാനമാണെന്നും അജു വർഗീസ് പറയുന്നു. താൻ ആഗ്രഹിച്ച ഓരോ സമയത്തും വിനീത് ശ്രീനിവാസന്റെ അദൃശ്യമായ സ്പർശം തനിക്ക് വിജയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനീതിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ ഇപ്പോഴും തനിക്ക് ടെൻഷൻ ആണെന്നും ഓരോ ഷോട്ട് എടുത്താലും ശരിയാകുമോ എന്ന ഭയമുണ്ടാകുമെന്നും അജു കൂട്ടിച്ചേർത്തു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.
‘വിനീത് എന്നും എൻ്റെ ഗുരുവാണ്. ആദ്യദിവസം ഒന്നാം ക്ലാസിൽ നമ്മളെ കൈ പിടിച്ചു കയറ്റുന്ന അധ്യാപകരില്ലേ. അവർ നമുക്കെന്നും വിലപ്പെട്ടതാണ്. വിനീതിനോട് സ്നേഹത്തേക്കാളുപരി എനിക്ക് ബഹുമാനമാണ്. ഞാൻ ആഗ്രഹിച്ച ഓരോ സമയത്തും വിനീതിന്റെ അദൃശ്യമായ സ്‌പർശങ്ങൾ എനിക്ക് വിജയം തന്നിട്ടുണ്ട്.
ഇപ്പോഴും വിനീതിൻ്റെ പടത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനാണ്. ഓരോ ഷോട്ടും എടുത്തു കഴിയുമ്പോൾ ശരിയായോ എന്നൊരു പേടി. കട്ട് പറയേണ്ട താമസം ഞാൻ വേഗം സ്‌ഥലം വിടും. മാറി നിന്ന് വിനീതിനെ ശ്രദ്ധിക്കും. സീൻ പ്ലേ ചെയ്യുമ്പോൾ വിനിതിന്റെ മുഖത്തുണ്ടാകും ‘ഓക്കെ’ ആണോ അല്ലയോ എന്ന്,’ അജു വർഗീസ് പറയുന്നു.