ആ നിവിന്‍ പോളി ചിത്രത്തിലേത് പോലെയുള്ള അത്രയും ശുദ്ധനായ കഥാപാത്രം ചെയ്യാന്‍ ഇനി താത്പര്യമില്ല: അജു വര്‍ഗീസ്
Entertainment
ആ നിവിന്‍ പോളി ചിത്രത്തിലേത് പോലെയുള്ള അത്രയും ശുദ്ധനായ കഥാപാത്രം ചെയ്യാന്‍ ഇനി താത്പര്യമില്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th July 2025, 9:47 pm

2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

അജുവിന്റെ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് തട്ടത്തിന്‍ മറയത്ത് (അബ്ദു), ഒരു വടക്കന്‍ സെല്‍ഫി (ഷാജി) എന്നീ സിനിമകളിലേത്. എന്നാല്‍ നിലവില്‍ അവയില്‍ നിന്നെല്ലാം മാറി വളരെ സീരിയസായ വേഷങ്ങളാണ് നടന്‍ ചെയ്യുന്നത്.

ഇപ്പോള്‍ ഇരുസിനിമകളിലെയും തന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. അബ്ദു എന്ന കഥാപാത്രം ഒരിക്കലും തനിക്ക് റിപ്പീറ്റ് ചെയ്യാന്‍ തോന്നിയിട്ടുള്ള വേഷമല്ലെന്നും എന്നാല്‍ ഒരു വടക്കന്‍ സെല്‍ഫിയിലെ വേഷം റിപ്പീറ്റ് ചെയ്യാന്‍ തോന്നിയെന്നും നടന്‍ പറയുന്നു.

തട്ടത്തിന്‍ മറയത്തിലെ കഥാപാത്രം വെറും ശുദ്ധനാണെന്നും അത്രയും ശുദ്ധനായ കഥാപാത്രം ചെയ്യാന്‍ തനിക്ക് ഇനി താത്പര്യമില്ലെന്നും അജു പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ കുറച്ചു കൂടെ പക്വതയുള്ള സീരിയസായ വേഷങ്ങളാണ് ചെയ്യുന്നത്. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകളില്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ പോലുള്ളവ ഇപ്പോള്‍ ഞാന്‍ ചെയ്യാറില്ല. ചിലപ്പോള്‍ കുറേവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത്തരം റോളുകള്‍ ഇനിയും ചെയ്യാമായിരുന്നുവെന്ന് എനിക്ക് തോന്നിയേക്കാം.

അതുകൊണ്ടാകാം വിവരമുള്ളവര്‍ എന്നോട് ‘ഇപ്പോള്‍ ഇങ്ങനെ ശരീരത്തിന് വണ്ണം കൂട്ടല്ലേ. കുറച്ച് കൂടി ഫിറ്റായിട്ട് ഇരിക്കൂ’വെന്നൊക്കെ പറയുന്നത്. പിന്നെ എനിക്ക് ഇപ്പോള്‍ വണ്ണം കുറക്കാനൊക്കെ കുറച്ച് മടിയുണ്ട്. കുറച്ചല്ല, നല്ല മടിയുണ്ട്.

പക്ഷെ അത്തരം വേഷങ്ങള്‍ മാത്രം ചെയ്യുമ്പോള്‍ നമുക്ക് അതിനോടുള്ള എക്‌സൈറ്റ്‌മെന്റ് പോകില്ലേ. തട്ടത്തിന്‍ മറയത്ത് പോലെ ഒന്നേയുള്ളൂ. ഒരിക്കലും ഒരു വടക്കന്‍ സെല്‍ഫി അല്ല തട്ടത്തിന്‍ മറയത്ത്. അത് ഒരിക്കലും എനിക്ക് റിപ്പീറ്റ് ചെയ്യാന്‍ തോന്നിയിട്ടുള്ള വേഷമല്ല.

എന്നാല്‍ ഒരു വടക്കന്‍ സെല്‍ഫി അത്തരമൊരു വേഷമാണ്. അവനൊരു കള്ളത്തരമുണ്ട്, കൂട്ടുകാരനെ നന്നായി പ്രോത്സാഹിപ്പിക്കുന്ന ആളാണ്. തട്ടത്തിന്‍ മറയത്തിലെ കഥാപാത്രം വെറും ശുദ്ധനാണ്. അത്രയും ശുദ്ധനായ കഥാപാത്രം ചെയ്യാന്‍ എനിക്ക് ഇനി താത്പര്യമില്ല,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Thattathin Marayathu