അവനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും അന്ന് ഇതുവരെ കാണാത്ത അഭിനയം സ്‌ക്രീനില്‍ കണ്ടു: അജു വര്‍ഗീസ്
Entertainment
അവനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും അന്ന് ഇതുവരെ കാണാത്ത അഭിനയം സ്‌ക്രീനില്‍ കണ്ടു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th March 2025, 9:49 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. അദ്ദേഹം അഭിനയിച്ച് ജിയോ ഹോട്‌സ്റ്റാറില്‍ എത്തിയ ഏറ്റവും പുതിയ വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. സീരീസില്‍ അജുവിന് പുറമെ ഗൗരി ജി. കിഷന്‍, നീരജ് മാധവ് തുടങ്ങി മികച്ച താരനിരയാണ് ഒന്നിച്ചത്.

ലവകുശ, അടി കപ്യാരെ കൂട്ടമണി ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് അജുവും നീരജ് മാധവും. ഇപ്പോള്‍ നീരജിനെ കുറിച്ചും ഈ വെബ് സീരീസിന്റെ അവന്റെ അഭിനയത്തെ കുറിച്ചും പറയുകയാണ് അജു വര്‍ഗീസ്.

നീരജിനൊപ്പം താന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും പക്ഷെ താന്‍ ഇന്നുവരെ കാണാത്ത ഒരു നീരജിനെയാണ് സ്‌ക്രീനില്‍ കണ്ടതെന്നും നടന്‍ പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘നീരജിന്റെ കൂടെ ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഞാന്‍ ഇന്നുവരെ കാണാത്ത ഒരു നീരജിനെയാണ് സ്‌ക്രീനില്‍ കണ്ടത്. പക്ഷെ അഭിനയിക്കുന്ന സമയത്ത് അത് എനിക്ക് അത്രയ്ക്ക് അങ്ങോട്ട് ഫീല് ചെയ്തിരുന്നില്ല. ചിലപ്പോള്‍ ഞങ്ങള്‍ ഫ്രണ്ട്‌സായത് കൊണ്ടാകാം അത്. പക്ഷെ ഡബ്ബ് ചെയ്യാന്‍ പോയപ്പോഴാണ് നീരജില്‍ പുതിയ കുറേ കാര്യങ്ങള്‍ കണ്ടത്.

അത് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ധ്യാനിനൊപ്പമുള്ള ഇന്റര്‍വ്യൂവിലാണ് പറഞ്ഞത്. അന്ന് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ നീരജിനെ വിളിച്ച് ആ കാര്യം പറഞ്ഞിരുന്നു. നീരജിന്റെ സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. ഇഷ്ടമല്ലെന്ന് ഞാന്‍ പറയില്ല. കെ.എല്‍ 10 പത്ത്, സപ്തമ ശ്രീ തസ്‌ക്കര ഉള്‍പ്പെടെ അവന്‍ ചെയ്ത സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്.

പക്ഷെ അന്ന് ഞാന്‍ നീരജിനോട് പറഞ്ഞത് ‘ഇനി മുതല്‍ നിന്റെ കഥാപാത്രങ്ങളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ടത് വിനോദ് ആയിരിക്കും’ എന്നായിരുന്നു. വളരെ പക്വതയോടെയുള്ള ഒരു നീരജിനെ അതില്‍ കാണാന്‍ പറ്റി. ജീവിതത്തില്‍ അവനെ എന്തായാലും അങ്ങനെ കാണാന്‍ പറ്റിയിട്ടില്ല (ചിരി). പക്ഷെ അത് സ്‌ക്രീനില്‍ കാണിച്ചു. ശരിക്കും അതാണ് ഒരു യഥാര്‍ത്ഥ ആക്ടര്‍,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Neeraj Madhav