ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ്. മലയാളത്തില്‍ എത്തിയ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു ഇത്. 2023 ജൂണ്‍ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
അജു വര്‍ഗീസിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച അന്ന് ഏറെ ചര്‍ച്ചയായിരുന്നു. സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോള്‍ കേരള ക്രൈം ഫയല്‍സിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അജു വര്‍ഗീസ്.
‘മുഖത്തിലെ ലാലേട്ടന്റെ കഥാപാത്രവും അന്താക്ഷരിയിലെ സൈജുവിന്റെ കഥാപാത്രവുമാണ് ഞാന്‍ കേരള ക്രൈം ഫയല്‍സിനായി റെഫര്‍ ചെയ്തത്. ക്രൈം ഫയല്‍സിലെ പൊലീസുകാരൊന്നും നമ്മള്‍ മുന്നേ കണ്ട, മസിലുപിടിച്ച പൊലീസുകാരല്ല. നമ്മുടെ ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ വ്യക്തികള്‍ പൊലീസിന്റെ ജോലി ചെയ്യുന്നു എന്നുള്ളതാണ് അത്.
മനോജ് ശ്രീധര്‍ എന്റെ കഥാപാത്രത്തിന്റെ കാര്യം പറയാന്‍ വേണ്ടി വന്നപ്പോള്‍ അഹമ്മദ് കബീര്‍ എന്നെ കണ്‍വിന്‍സ് ചെയ്തത് ഒറ്റവരിയിലാണ്. ഇദ്ദേഹം ഒരു അധ്യാപകനായിരുന്നു, അതില്‍ നിന്നാണ് പൊലീസ് ആയതെന്ന്. മനോജ് ശ്രീധര്‍ ഒരു റിയല്‍ ലൈഫ് കഥാപാത്രമാണ്. അദ്ദേഹം ഒരു മാഷായിരുന്നു. അപ്പോള്‍ എനിക്കത് വളരെ പെട്ടെന്ന് കണക്ടായി.
കാരണം, അതിന് തൊട്ട് മുമ്പ് ഞാന്‍ അഭിനയിച്ചിരുന്നത് സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയിലായിരുന്നു. ആ ചിത്രത്തില്‍ ഞാനൊരു സ്‌കൂള്‍ മാഷ് ആയിരുന്നു. സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ കഴിഞ്ഞ് ഒരു ആഴ്ചത്തെ ഗ്യാപ്പിന് ശേഷമാണ് ക്രൈം ഫയല്‍സ് പറയുന്നത്. അതുകൊണ്ടുതന്നെ മനോജ് ശ്രീധറാകാന്‍ എനിക്ക് വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നില്ല,’ അജു വര്‍ഗീസ് പറയുന്നു.