മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ വന്ന് 15 വര്‍ഷം കൊണ്ട് മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ കോമഡി റോളുകള്‍ മാത്രം ചെയ്ത അജു ഇപ്പോള്‍ വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളെ ഞെട്ടിക്കുകയാണ്.
സിനിമകള്‍ക്ക് പുറമെ മികച്ച വെബ് സീരീസുകളിലും അജു വര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ മൂന്ന് സീരീസിലും അജു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് സീരീസിലെ സൈക്കേ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. താന്‍ ആ കഥാപാത്രം ചെയ്തത് രോമാഞ്ചം സിനിമയിലെ അര്‍ജുന്‍ അശോകന്റെ സിനുവെന്ന സൈക്കോ കഥാപാത്രത്തെ കോപ്പിയടിച്ചാണ് എന്നാണ് നടന്‍ പറയുന്നത്.
‘ഡിസ്‌നി ഹോട്‌സ്റ്റാറില്‍ വന്ന സീരീസായിരുന്നു പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്. നിഖില വിമലും സണ്ണി വെയ്‌നും ആയിരുന്നു അതില്‍ പ്രധാനവേഷത്തില്‍ എത്തിയത്. അതില്‍ എന്റേത് ഒരു സൈക്കോ കഥാപാത്രമായിരുന്നു. ഞാന്‍ അത് അര്‍ജുന്‍ അശോകനെയാണ് കോപ്പി അടിച്ചിരുന്നത്.
രോമാഞ്ചം സിനിമയിലെ സിനുവിനെയാണ് കോപ്പിയടിച്ചത്. അതിന് ഒരു കാരണമുണ്ടായിരുന്നു. ആ സമയത്ത് തന്നെയായിരുന്നു ഞാന്‍ രോമാഞ്ചം കണ്ടിരുന്നത് (ചിരി). ആ കഥാപാത്രത്തെ കണ്ടതും ഇത് കൊള്ളാലോയെന്ന് എനിക്ക് തോന്നി.
അതല്ലാതെ എനിക്ക് ഒരു സൈക്കോ ആകാന്‍ പറ്റില്ലല്ലോ. സൈക്കോ ആയിട്ടൊന്നും എനിക്ക് അഭിനയിക്കാന്‍ ആവില്ല. ആ സീരീസിലെ ചെറിയ ഒരു കഥാപാത്രമായിരുന്നു എന്റെ സൈക്കോ വേഷം. അഞ്ചോ ആറോ സീനുകള്‍ മാത്രമേ അതില്‍ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷെ നല്ല രസമുള്ള കഥാപാത്രമായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About His Character In Perilloor Premier League Series