കുഞ്ഞിരാമായണത്തിലെ കുട്ടന് റെഫറന്‍സാക്കിയത് ആ നിവിന്‍ പോളി ചിത്രത്തിലെ തയ്യല്‍ക്കാരന്‍ വേഷം: അജു വര്‍ഗീസ്
Entertainment
കുഞ്ഞിരാമായണത്തിലെ കുട്ടന് റെഫറന്‍സാക്കിയത് ആ നിവിന്‍ പോളി ചിത്രത്തിലെ തയ്യല്‍ക്കാരന്‍ വേഷം: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 1:39 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. 15 വര്‍ഷത്തെ കരിയറില്‍ മലയാളികള്‍ക്ക് എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ അജു ചെയ്തിട്ടുണ്ട്. അതില്‍ ഒന്നാണ് കുഞ്ഞിരാമായണം സിനിമയിലെ കുട്ടന്‍ എന്ന കഥാപാത്രം.

ആ കഥാപാത്രത്തിനായി താന്‍ ഒരു നിവിന്‍ പോളി ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്ന് റെഫറന്‍സ് എടുത്തിട്ടുണ്ടെന്ന് പറയുകയാണ് അജു വര്‍ഗീസ്. ചെയ്യുന്ന കഥാപാത്രത്തെ ചുറ്റുമുള്ള മനുഷ്യരില്‍ നിന്ന് കണ്ടെത്താനോ അവരെ നോക്കി പഠിക്കാനോ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘സത്യസന്ധമായി പറഞ്ഞാല്‍ അത്തരം കഥാപാത്രങ്ങള്‍ എനിക്ക് വന്നിട്ടില്ല. അത്ര സ്റ്റഡിയും ഹോം വര്‍ക്കും ആവശ്യമുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടില്ല. ഒരുപക്ഷെ ഞാന്‍ അത് മനസിലാക്കാതെ പോയത് കൊണ്ടാകും.

ഞാന്‍ എപ്പോഴും റെഫറന്‍സായി എടുക്കുന്നത് മറ്റ് സിനിമകളില്‍ എന്റെ കൂടെ തന്നെയുള്ളവര്‍ ചെയ്ത കഥാപാത്രമോ എന്റെ സീനിയേഴ്‌സ് ചെയ്തിട്ടുള്ള കഥാപാത്രമോ ആണ്. കുഞ്ഞിരാമായണം എന്ന സിനിമയില്‍ അങ്ങനെയാണ് ഞാന്‍ കുട്ടനെന്ന കഥാപാത്രത്തെ ചെയ്തിരിക്കുന്നത്.

കുട്ടന് വേണ്ടിയുള്ള റെഫറന്‍സായി ഞാന്‍ എടുത്തത് 1983ലെ സഞ്ജു ശിവറാമിന്റെ കഥാപാത്രമാണ്. അവന്‍ അതില്‍ ഒരു തയ്യല്‍ക്കാരനായിട്ടാണ് ചെയ്തത്. അവിടെ നിന്നാണ് മുറുക്കാന്‍ ഉപയോഗിക്കുന്ന കാര്യം എടുത്തതും കുറച്ച് ബിഹേവിങ് എടുത്തതും.

പിന്നെ അര്‍ജുന്‍ അശോകന്റെ രോമാഞ്ചത്തിലെ സൈക്കോ സിനുവില്‍ നിന്നാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ കഥാപാത്രത്തിന് റെഫറന്‍സ് എടുത്തത്. പിന്നെ സൈജു ചേട്ടനില്‍ നിന്നും ലാല്‍ സാറില്‍ നിന്നുമൊക്കെ ചില കാര്യങ്ങള്‍ റെഫറന്‍സായി എടുത്തിട്ടുണ്ട്,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About His Character In Kunjiramayanam Movie