മലയാള സിനിമയിലെ ഹാസ്യ-സ്വഭാവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അജു, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറി.
നായകന്റെ ഉറ്റസുഹൃത്തായി എത്തി, സ്വന്തം ശരീരഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുക എന്നതാണ് അജുവിന്റെ പ്രധാന സവിശേഷത. വിനീത് ശ്രീനിവാസൻ, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പമുള്ള അജുവിന്റെ കോമ്പിനേഷൻ രംഗങ്ങൾ എക്കാലത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ സിനിമയിൽ നില നിൽക്കുന്നതിൽ തന്റെ സുഹൃത്തുക്കൾ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് തുറന്നു സംസാരിക്കുകയാണ് അജു വർഗീസ്.

തട്ടത്തിൻ മറയത്ത്.Photo:IMDB
‘കോവിഡ് സമയത്തൊക്കെ ഞാൻ വലിയ പ്രതിസന്ധിയിലായിരുന്നു. ആ സമയത്ത് ബാങ്കിൽ എഫ്.ഡി ഒന്നും ഉണ്ടായിരുന്നില്ല. വലിയ നടൻ എന്നൊരു പേരുമില്ല, വെറുമൊരു അഭിനേതാവ് മാത്രം. കേരളത്തിൽ നമ്മളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നത് ശരിയാണ്, എങ്കിലും പറയത്തക്ക നിലയിലുള്ള ഒരു നടനുമല്ല, കയ്യിൽ കാശുമില്ലാത്ത അവസ്ഥയായിരുന്നു.
പത്തുവർഷം സിനിമ ചെയ്തിട്ടും പേരും പണവും ഇല്ലാത്ത ഒരു അവസ്ഥ. നമ്മൾ ഒരിക്കലും പണത്തിന് പുറകെ പായരുത് എന്നാണ് ഞാൻ മനസിലാകുന്നത്. പകരം നമ്മുടെ ജോലിയിൽ ആത്മാർത്ഥമായി ശ്രദ്ധ കേന്ദ്രീകരിക്കുക, നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുക. എനിക്ക് ഏറ്റവും ഇഷ്ടമുള്ള തൊഴിലാണ് അഭിനയം. ആ ജോലി ചെയ്യാൻ കഴിയുന്ന കാലത്തോളം അതിനോട് പൂർണമായി നീതി പുലർത്താൻ ഞാൻ ശ്രമിക്കും.

അജു വർഗീസ്.Photo: samayam malayalam
കുറച്ചുനാൾ മുമ്പ് വരെ, നമ്മളെ കാണാൻ ടിക്കറ്റെടുത്തു വരുന്ന പ്രേക്ഷകരോട് എനിക്കൊരു ഉത്തരവാദിത്തക്കുറവ് ഉണ്ടായിരുന്നു. ഏത് റോൾ ചെയ്യാൻ വിളിച്ചാലും ഞാൻ പോകുമായിരുന്നു. എന്നാൽ പിന്നീട് കഥാപാത്രങ്ങൾ കുറച്ചുകൂടി നോക്കി തെരഞ്ഞെടുക്കാൻ തുടങ്ങി. എന്റെ അഭിനയമികവ് എന്തെങ്കിലും രീതിയിൽ കാണിക്കാൻ കഴിയുന്ന തരത്തിലുള്ള വേഷങ്ങളാണ് പിന്നീട് സ്വീകരിച്ചത്. എന്നാൽ അപ്പുറത്ത് ഇ.എം.ഐയുടെ (EMI) പ്രശ്നങ്ങളുമുണ്ടായിരുന്നു. ഏതൊരാൾക്കും ഫിനാൻഷ്യൽ ഡിസിപ്ലിൻ ആവശ്യമാണ്. എനിക്കാണെങ്കിൽ അത് പൂജ്യമായിരുന്നു, എന്നാൽ ഇപ്പോൾ അതിലൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്.
ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്ന നിരവധി സംവിധായകരും എഴുത്തുകാരുമുണ്ട്. ഞാൻ ഏറ്റവും കൂടുതൽ ഒന്നിച്ച് വർക്ക് ചെയ്ത സംവിധായകൻ രഞ്ജിത്ത് ശങ്കറാണ്. രഞ്ജിത്തേട്ടനാണ് എനിക്ക് ‘കമല’, ‘ഹെലൻ’ എന്നീ സിനിമകളിൽ വേഷങ്ങൾ തന്നത്. അരുൺ ചന്ദു ‘സാജൻ ബേക്കറി’യും വിഷ്ണു ‘മേപ്പടിയാ’നും തന്നു. ആ സമയത്താണ് ‘മിന്നൽ മുരളി’യിലും ഒരു ചെറിയ വേഷം ലഭിക്കുന്നത്. ഇങ്ങനെയൊക്കെ എന്റെ സുഹൃത്തുക്കൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

സർവം മായ.Photo:Malayalam Tv 9
കഴിഞ്ഞ ദിവസം ഞാൻ ഒരു കമന്റ് കണ്ടിരുന്നു’വിനീത് ശ്രീനിവാസൻ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നൊരു ജീവി’ എന്നായിരുന്നു അത്. പക്ഷേ, അത് സത്യമാണ്. ഞാൻ എന്റെ സുഹൃത്തുക്കൾ കാരണമാണ് സിനിമയിൽ ജീവിച്ചുപോകുന്നത്. ‘കറുപ്പ്’ എന്ന സിനിമയുടെ സംവിധായകൻ ബാലാജി എന്റെ സുഹൃത്തായതുകൊണ്ടാണ് എനിക്ക് അതിൽ വേഷം ലഭിച്ചത്. ‘വാഴ’ എന്ന സിനിമ കിട്ടിയത് ബിപിൻ എന്റെ സുഹൃത്തായതുകൊണ്ടാണ്. ‘ആട്’ സിനിമയുടെ സംവിധായകൻ മിഥുൻ എന്റെ സുഹൃത്താണ്. ‘സർവം മായ’ എന്ന സിനിമയിൽ നിവിൻ പറഞ്ഞതുകൊണ്ടാണ് എനിക്ക് ആ വേഷം കിട്ടിയത്. അത്തരത്തിൽ ഞാൻ ഇപ്പോഴും സിനിമയിൽ നിലനിൽക്കുന്നത് എന്റെ സുഹൃത്തുക്കൾ കാരണം തന്നെയാണ്,’ അജു വർഗീസ് പറയുന്നു.
Content Highlight: Aju Varghese agreed with comments stating he survived only because of Vineeth Sreenivasan
