ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്തറില്‍ സി.ജെ.പി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് അജിങ്ക്യ ഷിന്‍ഡെ നേതൃത്വം നല്‍കും.
സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക, രത്‌ന സിങ് എന്നിവരെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ സി.ജെ.പി ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ ദേശീയ തലസ്ഥാനത്ത് തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അഭിജിത് ദീപ്‌കെ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ദീപ്‌കെ ഈ കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധത്തിന് നേതൃത്വം നല്‍കാനുള്ള ചുമതല ഷിന്‍ഡെക്ക് ആയിരിക്കുമെന്ന് 20 സെകന്‍ഡ് ദൈര്‍ഖ്യമുള്ള ഒരു വീഡിയോയിലാണ് ദീപ്‌കെ അറിയിച്ചത്. ദീപ്‌കെ കസ്റ്റഡിയിലിരിക്കെയാണ് വീഡിയോ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പുറത്ത് വന്നത്.
താനും ദാസും രങ്കയും അറസ്റ്റിലായെന്നുംഇനി മുതല്‍ അജിങ്ക്യ പ്രസ്ഥാനത്തെ നയിക്കുമെന്നും വീഡിയോയില്‍ ദീപ്‌കെ പറയുന്നു. ഈ വീഡിയോ നേരത്തെ റെക്കോര്‍ഡ് ചെയ്തതാണെന്ന് സൂചനയുണ്ട്.
മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് പുറമെ സി.ജെ.പിയുടെ നിയമകാര്യ ചുമതലയുള്ള രത്‌ന സിങിനെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ദിപ്‌കെ, ദാസ്, രങ്ക എന്നിവരെ വിമാനത്തിനുള്ളില്‍ കയറി പൊലീസ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദല്‍ഹി പോലീസ് സംഘം ഇവരെ വിമാനത്താവളത്തില്‍ നിന്ന് അജ്ഞാതമായ ഒരിടത്തേക്ക് കൊണ്ടുപോയതായാണ് വിവരം.
മഹാരാഷ്ട്രയിലെ അലിബാഗ് സ്വദേശിയാണ് അജിങ്ക്യ ഷിന്‍ഡെ. ആം ആദ്മി പാര്‍ട്ടി മുന്‍ പ്രവര്‍ത്തകനാണ്. 2016-ലെ ഗോവ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കായി പ്രചാരണം നടത്തി. പിന്നീട് മഹാരാഷ്ട്രയിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഷിന്‍ഡെ പൂനെയിലെ ഒരു ഐ.ടി കമ്പനിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. ഈ ജോലി രാജിവെച്ച് എ.എ.പിയില്‍ ചേര്‍ന്നു.
സി.ജെ.പിയുമായി സംഘടന രൂപീകരിച്ച സമയം മുതല്‍ തന്നെ അദ്ദേഹം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. മാസങ്ങളില്‍ നീറ്റ് വിഷയത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധങ്ങളിലും പങ്കാളിയായിരുന്നു.
അതേസമയം, ദീപ്‌കെ അടക്കമുള്ളവര്‍ എവിടെയാണെന്ന് വ്യക്തമല്ലെന്ന് സി.ജെ.പി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രതികരിച്ചു. ‘വിമാനത്തില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ മൂന്നുപേരെയും തടങ്കലിലാക്കി. അതിനുശേഷം അവര്‍ എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല,’ സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
മൂന്ന് പേരുടെയും കുടുംബത്തെ ഈ കാര്യം അറിയിച്ചില്ല. അവരെ മൂന്നുപേരെയും തട്ടിക്കൊണ്ടുപോയി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ പാര്‍പിച്ചിരിക്കുകയാണ്. അവര്‍ എവിടെയാണെന്ന് വ്യക്തമല്ല. അഭിഭാഷകരെ അവര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നും സി.ജെ.പി വ്യക്തമാക്കി.
Content Highlight: Ajinkya Shinde will leadf Protest; Abhijeet Dipke untraceable- Says CJP
