1993ൽ രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയറാം–ശോഭന ചിത്രം ‘മേലേപ്പറമ്പിൽ ആൺവീട്’ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കുടുംബ ചിത്രങ്ങളിലൊന്നാണ്.
ജയറാം, ശോഭന, നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാർ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന ക്ലാസിക്കുകളിലൊന്നായി തുടരുകയാണ്.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷമുള്ള ‘മേലേപ്പറമ്പിൽ ആൺവീട്’ എങ്ങനെയായിരിക്കുമെന്ന ചിന്തയിൽ തയ്യാറാക്കിയ ഒരു എ.ഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘മേലേപ്പറമ്പിലെ വർഷങ്ങൾക്ക് ശേഷമുള്ള പുതിയ വിശേഷങ്ങൾ! സന്തോഷവും സ്നേഹവും കുടുംബബന്ധങ്ങളും നിറഞ്ഞ കഥയുടെ പുതിയ അധ്യായം… ഇത് ഒരു ആൺവീടിന്റെ കഥയാണ്’ എന്ന ക്യാപ്ഷനോടെയാണ് സിജു ആർസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ പറയുന്നതനുസരിച്ച്, ത്രിവിക്രമൻ മുതലാളിയും ഭാനുമതിയും ഇല്ലാതായതിന് ശേഷം വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അമ്മാവൻ കണ്ണപ്പനാണ്.
പവിഴം മലയാളം നന്നായി പഠിച്ച് ഹരികൃഷ്ണനൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. കൃഷിയുമായി മുന്നോട്ട് പോകുന്ന ജയകൃഷ്ണനും ഗോപികൃഷ്ണനും അവരുടെ ഭാര്യമാരുമായി സന്തോഷകരമായ ജീവിതം നയിക്കുന്നതായും വീഡിയോയിൽ കാണിക്കുന്നു.
മേലേപ്പറമ്പിലെ കുടുംബം ഇന്നും ഒരുമയോടെ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന ആശയത്തിലാണ് വീഡിയോ അവസാനിക്കുന്നത്. എന്തായാലും അവസാനം എല്ലാവരും നന്നായി ജീവിക്കുന്നുണ്ടല്ലോ, ജയകൃഷ്ണൻ ഒടുവിൽ അവരെത്തന്നെ കെട്ടിയല്ലോ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നു.
ചിത്രത്തിൽ ജയകൃഷ്ണനായി എത്തിയ ജഗതി ശ്രീകുമാർ പറഞ്ഞ ‘പച്ചത്തക്കാളി വരട്ടേ’ എന്ന പെണ്ണുകാണൽ സീൻ ഇന്നും ആരാധകർ ഓർത്തുപറയുന്ന രംഗങ്ങളിലൊന്നാണ്. ആ രംഗത്തിൽ കാണിച്ച സ്ത്രീയെ തന്നെയാണ് പിന്നീട് ജയകൃഷ്ണൻ വിവാഹം കഴിച്ചതെന്ന രീതിയിൽ വീഡിയോ ഒരുക്കിയിരിക്കുന്നത് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നുണ്ട്.
രാജസേനൻ സംവിധാനം ചെയ്ത ‘മേലേപ്പറമ്പിൽ ആൺവീട്’ ജയറാം, ശോഭന എന്നിവരോടൊപ്പം നരേന്ദ്ര പ്രസാദ്, മീന, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, വിജയരാഘവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ വലിയ താരനിരയോടെയാണ് പുറത്തിറങ്ങിയത്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പല തമാശകളും സമ്മാനിച്ച ചിത്രമാണ് മേലേപ്പറമ്പിൽ ആൺവീട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.