കേരള ക്രൈം ഫയല്‍സ്; ഇത്ര നന്നായി ആ നടന്‍ ഇംഗ്ലീഷ് പറയുമെന്ന് അറിയില്ലായിരുന്നു, ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു: അഹമ്മദ് കബീര്‍
Entertainment
കേരള ക്രൈം ഫയല്‍സ്; ഇത്ര നന്നായി ആ നടന്‍ ഇംഗ്ലീഷ് പറയുമെന്ന് അറിയില്ലായിരുന്നു, ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു: അഹമ്മദ് കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 8:51 am

 

ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ്. മലയാളത്തില്‍ എത്തിയ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു ഇത്. 2023 ജൂണ്‍ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഈ സീരീസിന്റെ രണ്ടാം ഭാഗമാണ് കേരള ക്രൈം ഫയല്‍സ് – ദ സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജു. അര്‍ജുന്‍ രാധാകൃഷ്ണന്‍ നായകനായി എത്തിയ ഈ സീസണില്‍ അജു വര്‍ഗീസ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ഇപ്പോള്‍ അജുവര്‍ഗീസിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് അഹമ്മദ് കബീര്‍. കുറഞ്ഞ സ്‌ക്രീന്‍ ടൈമായതിനാലാണ് അജു വര്‍ഗീസിന് കൂടുതല്‍ അപ്രിസിയേഷന്‍ കിട്ടുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്ന് അഹമ്മദ് കബീര്‍ പറയുന്നു. സീസണ്‍ ടൂവിന്റെ ട്രെയ്‌ലര്‍ വന്നപ്പോള്‍ ഈ സീസണില്‍ അജു വര്‍ഗീസ് ഇല്ലേ എന്ന പല കമന്റകളും താന്‍ കണ്ടിരുന്നുവെന്നും എന്നാല്‍ സീരിസ് ഇറങ്ങിയതിന് ശേഷം ആരും അങ്ങനെ പറഞ്ഞ് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സീരീസ് കണ്ടവര്‍ക്ക് അറിയാം അജു വര്‍ഗീസ് അതില്‍ പ്രധാനപ്പെട്ട റോള്‍ തന്നെയാണ് ചെയ്തതെന്നും അഹമ്മദ് കബീര്‍ കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റില്‍ ഒരുപാട് ഇംഗ്ലീഷ് ഡയലോഗുകളുണ്ടായിരുന്നുവെന്നും ഇതെങ്ങനെ അജു വര്‍ഗീസിനോട് പറയുമെന്ന് താന്‍ വിചാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അജു തങ്ങളെ എല്ലാവരെയും ഞെട്ടിച്ചെന്നും ഇത്ര മനോഹരമായി അദ്ദേഹത്തിന് ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അഹമ്മദ് കബീര്‍ കൂട്ടിച്ചേര്‍ത്തു. റെഡ്.എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറച്ച് സ്‌ക്രീന്‍ ടൈം ആയതുകൊണ്ടാണ് അജു വര്‍ഗീസിന് അപ്രിസിയേഷന്‍ കിട്ടുന്നത് എന്ന് തോന്നുന്നു. ട്രെയ്‌ലറൊക്കെ ഇറങ്ങിയ സമയത്ത് താഴെ കുറച്ച് കമന്റസ് കണ്ടു. അജു ചേട്ടന്‍ ഈ സീസണില്‍ ഇല്ലേ, എന്നൊക്കെ. പക്ഷേ ഇത് ഇറങ്ങി കഴിഞ്ഞപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. പിന്നെ സീരിസ് കണ്ടാല്‍ അറിയാം അദ്ദേഹം ഇതില്‍ മേജറായ റോള്‍ തന്നെയാണ് ചെയ്യുന്നത്. പിന്നെ ബാഹുലിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇംഗ്ലീഷ് ഡയലോഗും കന്നഡയൊക്കെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി.

അജു ചേട്ടന്റെ അടുത്ത് ഞാന്‍ ഇതെങ്ങനെ പറയും എന്ന് ഓര്‍ത്തു. കാരണം പുള്ളി ഇത്രയും നന്നായി ഇംഗ്ലീഷ് പറയുമെന്ന് ശരിക്കും എനിക്കറിയില്ലായിരുന്നു. പക്ഷേ അദ്ദേഹം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. അജു ചേട്ടന്‍ വളരെ നിഷ്പ്രയാസമായിട്ടാണ് അത് പറയുന്നത്. ഇതിനൊരു പ്രീമേയര്‍ ഷോ ഉണ്ടായിരുന്നു. ആറ് എപ്പിസോഡും തിയേറ്ററില്‍ കാണിച്ചിരുന്നു. അപ്പോള്‍ അജു ചേട്ടനെ കാണിച്ചപ്പോള്‍ കയ്യടിയായിരുന്നു. ഒരു തിയേറ്റര്‍ മൊമെന്റായിരുന്നു അത്,’അഹമ്മദ് കബീര്‍ പറയുന്നു.

Content Highlight: Ahammed Khabeer talks about Aju Varghese’s performance in kerala crime files season two