'നിയമമില്ല, നിയന്ത്രണം മാത്രം'; താലിബാന് കീഴില്‍ അതിജീവന പോരാട്ടത്തില്‍ മാധ്യമങ്ങള്‍
World News
'നിയമമില്ല, നിയന്ത്രണം മാത്രം'; താലിബാന് കീഴില്‍ അതിജീവന പോരാട്ടത്തില്‍ മാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 2:01 pm

കാബൂള്‍: താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്ഥാപനങ്ങള്‍ അതിജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്നു.

അഫ്ഗാന്‍ നാഷണല്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയനുമായി (എ.എന്‍.ജെ.യു) സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് (ഐ.എഫ്.ജെ) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് അടച്ചുപൂട്ടപ്പെടുന്ന മാധ്യമങ്ങളുടെ കണക്കുകള്‍ പറയുന്നത്.

താലിബാന്‍ അഫ്ഗാന്റെ ഭരണം കയ്യടക്കിയതിന് തൊട്ടുപിന്നാലെ രാജ്യത്തെ 400ലധികമുള്ള മാധ്യമ സ്ഥാപനങ്ങളില്‍ 160ലേറെ എണ്ണം അടച്ചുപൂട്ടേണ്ടി വന്നതായും ഇതില്‍ 100 എണ്ണത്തോളം റേഡിയോ സ്‌റ്റേഷനുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവില്‍ പ്രവര്‍ത്തിക്കുന്നവക്ക് തന്നെ, ‘എന്തൊക്കെ പ്രസിദ്ധീകരിക്കാം, എന്തൊക്കെ പ്രസിദ്ധീകരിക്കാന്‍ പാടില്ല,’ എന്നത് സംബന്ധിച്ച് കൃത്യമായ ചട്ടക്കൂടുകള്‍ താലിബാന്‍ അധികാരികള്‍ ‘കല്‍പിച്ച് നല്‍കിയിട്ടുണ്ട്’.

ഭരണമേറി ആദ്യത്തെ 100 ദിവസം പിന്നിട്ടപ്പോഴേക്കും 250ലധികം പത്രങ്ങളും റേഡിയോകളും ടി.വി സ്‌റ്റേഷനുകളുമാണ് താലിബാന്‍ ഭരണത്തിന് കീഴില്‍ അടച്ചുപൂട്ടപ്പെട്ടത്. 70 ശതമാനത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്‍ ഭരണത്തിന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ ജോലി നഷ്ടമായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഇതില്‍ തന്നെ 70 ശതമാനവും സ്ത്രീകളാണ്. 120 മാധ്യമപ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനമായ കാബൂളില്‍ മാത്രം ജയിലിലടക്കപ്പെടുകയും ചെയ്തു.

അതേസമയം, മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതി സംബന്ധിച്ച് കൃത്യമായ ഒരു നിയമം രാജ്യത്ത് അനിവാര്യമാണെന്നും അത് ഇല്ലാത്തതുകൊണ്ടാണ് താലിബാന്‍ നേതാക്കള്‍ അവരുടെ ‘താല്‍പര്യ’ത്തിനനുസരിച്ച് മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ മൂക്കുകയറിടുന്നതെന്നും ജേര്‍ണലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

”ഒരു മാധ്യമ നിയമം ഈ രാജ്യത്ത് ആവശ്യമാണ്. അല്ലാത്തപക്ഷം അതിര്‍വരമ്പുകള്‍ നിര്‍വചിക്കുക ബുദ്ധിമുട്ടായിരിക്കും,” അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസിന്റെ ഡയറക്ടര്‍ ഖ്‌പോല്‍വാക് സപായ് (Khpolwak Sapai) പറഞ്ഞു.

വനിതാ മാധ്യമപ്രവര്‍ത്തകരും രാജ്യത്ത് വലിയ നിയന്ത്രണങ്ങളും ‘അലിഖിത നിയമ’ങ്ങളും നേരിടുകയാണ്.

2021 ഓഗസ്റ്റിലായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു ഇത്.

ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്തീകളുടെ വിദ്യാഭ്യാസ- യാത്രാ- ജോലി സ്വാതന്ത്ര്യങ്ങള്‍ക്ക് മേലും മാധ്യമ സ്വാതന്ത്ര്യത്തിന് മേലും വലിയ നിയന്ത്രണങ്ങളായിരുന്നു താലിബാന്‍ ഭരണകൂടം കൊണ്ടുവന്നത്.

Content Highlight: Afghanistan media struggles to survive as Taliban gov completes one year