'വാക്‌സിന്‍ നിര്‍മാണ ടെക്‌നോളജി കോപ്പിയടിച്ചു'; ഫൈസറിനും ബയോണ്‍ടെക്കിനുമെതിരെ നിയമപോരാട്ടത്തിന് മൊഡേണ
World News
'വാക്‌സിന്‍ നിര്‍മാണ ടെക്‌നോളജി കോപ്പിയടിച്ചു'; ഫൈസറിനും ബയോണ്‍ടെക്കിനുമെതിരെ നിയമപോരാട്ടത്തിന് മൊഡേണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 11:53 am

ന്യൂയോര്‍ക്ക്: പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറിനും (Pfizer) ബയോണ്‍ടെക്കിനുമെതിരെ (BioNTech) നിയമപോരാട്ടത്തിനൊരുങ്ങി മൊഡേണ (Moderna).

വാക്‌സിന്‍ നിര്‍മാണത്തില്‍ ഫൈസറിന്റെ ജര്‍മന്‍ പാര്‍ട്ണര്‍ കൂടിയാണ് ബയോണ്‍ടെക്.

കൊവിഡ് മഹാമാരിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ തങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഫൈസറും ബയോണ്‍ടെക്കും നിയമവിരുദ്ധമായി പകര്‍ത്തിയെന്നാണ് മൊഡേണയുടെ ആരോപണം. കൊവിഡ് വാക്‌സിന്‍ നിര്‍മാണ ടെക്‌നോളജിയിലെ തങ്ങളുടെ പേറ്റന്റ് ഫൈസറും ബയോണ്‍ടെക്കും ലംഘിച്ചുവെന്നും കേസില്‍ പറയുന്നു.

യു.എസിലെ മസാചുസെറ്റ്‌സിലെ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

”ഫൈസറും ബയോണ്‍ടെക്കും ഈ ടെക്‌നോളജി കോപ്പി ചെയ്തു, അതും മൊഡേണയുടെ അനുമതി ഇല്ലാതെ,” മൊഡേണ കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

”തങ്ങളുടെ അടിസ്ഥാന എം.ആര്‍.എന്‍.എ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിക്കൊണ്ട് 2010നും 2016നുമിടയില്‍ മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ ഫൈസറിന്റെയും ബയോണ്‍ടെക്കിന്റെയും കൊവിഡ്19 വാക്സിന്‍ കോമിര്‍നാറ്റി (Comirnaty) ലംഘിക്കുന്നെന്നാണ് മോഡേണ വിശ്വസിക്കുന്നത്,” ആരോപണത്തിന്മേല്‍ ബയോണ്‍ടെക് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

പരാതി സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു കേസ് ഞെട്ടലുണ്ടാക്കിയെന്നുമാണ് ഫൈസറും ബയോണ്‍ടെകും വിഷയത്തില്‍ പ്രതികരിച്ചത്.

യു.എസില്‍ അംഗീകാരം ലഭിച്ച ആദ്യത്തെ കൊവിഡ്19 വാക്‌സിന്‍ വികസിപ്പിച്ചതിനാണ് മൊഡേണക്ക് പേറ്റന്റുള്ളത്.

കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വാക്‌സിന്റെ മുന്‍നിര നിര്‍മാതാക്കളായ ഫൈസറിനും മൊഡേണക്കും ബയോണ്‍ടെക്കിനുമിടയില്‍ ഉടലെടുത്ത നിയമപോരാട്ടം വാക്‌സിന്‍ നിര്‍മാണ രംഗത്തെ ഏത് തരത്തില്‍ ബാധിക്കുമെന്ന ആശങ്കയും ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്.

Content Highlight: Covid vaccine maker Moderna filed lawsuit against rivals Pfizer and BioNTech