'താക്കോല്‍ദ്വാരം പോലുമില്ലാത്ത ജയിലറയില്‍ നിന്നും സവര്‍ക്കര്‍ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു'; വിവാദമായി കര്‍ണാടകയിലെ പാഠപുസ്തകം
national news
'താക്കോല്‍ദ്വാരം പോലുമില്ലാത്ത ജയിലറയില്‍ നിന്നും സവര്‍ക്കര്‍ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു'; വിവാദമായി കര്‍ണാടകയിലെ പാഠപുസ്തകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 8:04 am

ബെംഗളൂരു: ഹിന്ദുത്വ ഐഡിയോളജിസ്റ്റ് വി.ഡി. സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ പാഠപുസ്തക ഭാഗങ്ങള്‍ വിവാദത്തില്‍.

രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള ‘ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റി’ തയ്യാറാക്കിയ ഹൈസ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഒരു ചാപ്റ്ററാണ് വിവാദമായിരിക്കുന്നത്.

എട്ടാം ക്ലാസിലെ കന്നഡ 2 പാഠപുസ്തകത്തിലാണ് ‘ബ്ലഡ് ഗ്രൂപ്പ്’ എന്ന പാഠഭാഗത്തിന് പകരമായി കെ.ടി. ഗട്ടിയുടെ ‘കലവന്നു ഗെദ്ദവരു’ (Kalavannu Geddavaru) എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വി.ഡി. സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിനെക്കുറിച്ചാണ് യാത്രാവിവരണമായ ഈ പാഠഭാഗത്തില്‍ എഴുത്തുകാരന്‍ പറയുന്നത്.

‘താക്കോല്‍ദ്വാരം പോലുമില്ലാത്ത ജയിലറയില്‍ നിന്നും സവര്‍ക്കര്‍ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചിരുന്നു’, എന്ന തരത്തിലാണ് പാഠപുസ്തകത്തില്‍ സവര്‍ക്കറെ അമാനുഷികമായ രീതിയില്‍ ‘വര്‍ണിച്ചിരിക്കുന്നത്’. ഹിന്ദുത്വ നേതാവായ സവര്‍ക്കറെ ഗ്ലോറിഫൈ ചെയ്യുന്നതിനുള്ള കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പാഠഭാഗം വിമര്‍ശിക്കപ്പെടുന്നത്.

”സവര്‍ക്കറെ തടവിലടച്ചിരുന്ന സെല്ലില്‍ ഒരു താക്കോല്‍പഴുതിന്റെ ദ്വാരം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ബുള്‍ബുള്‍ പക്ഷികള്‍ ആ സെല്‍ സന്ദര്‍ശിക്കുമായിരുന്നു.

സവര്‍ക്കര്‍ ഈ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലിരുന്ന് പറന്നുപോകുകയും എല്ലാ ദിവസവും തന്റെ മാതൃരാജ്യം സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു,” എന്നാണ് പാഠപുസ്തകത്തിലെ ഒരു പാരഗ്രാഫില്‍ പറയുന്നത്.

സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ടുള്ള ഈ പാഠഭാഗത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയരുന്നുണ്ട്.

പാഠഭാഗങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ കര്‍ണാടക ടെക്‌സ്റ്റ്ബുക്ക് സൊസൈറ്റിക്ക് (കെ.ടി.ബി.എസ്) നിരവധി പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

”സവര്‍ക്കര്‍ മഹാനായ ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നു. അദ്ദേഹത്തെ എത്ര തന്നെ പുകഴ്ത്തി പറഞ്ഞാലും അതെല്ലാം അദ്ദേഹം ചെയ്ത ത്യാഗങ്ങള്‍ക്ക് പകരമാവില്ല,” എന്നാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി.സി. നാഗേഷ് ദ ഹിന്ദുവിനോട് പ്രതികരിച്ചത്.

നേരത്തെ, ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ഒരു പ്രസംഗവും സമാനമായ രീതിയില്‍ കര്‍ണാടകകയില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

Content Highlight: Karnataka textbook lesson glorifying Hindutva leader VD Savarkar draws controversy