'ട്രെയിനിങ് നല്‍കിയിട്ടേ ഇനി അടൂരിനെ പൊതുവേദികളില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ'; വ്യാപക വിമര്‍ശനം
Kerala
'ട്രെയിനിങ് നല്‍കിയിട്ടേ ഇനി അടൂരിനെ പൊതുവേദികളില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ'; വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd August 2025, 7:28 pm

കണ്ണൂര്‍: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനം. അധ്യാപകരും ചിന്തകരുമായ മാളവിക ബിന്നി, ടി.എസ്. ശ്യാംകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അടൂരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പുതുമുഖങ്ങളായ സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സിനിമ നിര്‍മിക്കുന്നതിനുള്ള സഹായമായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരായ അടൂരിന്റെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനം. ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂർ വിവാദപരമായ പ്രസ്താവന നടത്തിയത്.

2023ല്‍ കെ.ആര്‍. നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ച ജാതീയത സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ല എന്ന ചോദ്യത്തോട് കൂടിയാണ് മാളവിക ബിന്നിയുടെ പ്രതികരണം. കെ.ആര്‍. നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് വളരെ വൃത്തിക്കെട്ട സമരമാണെന്ന അടൂരിന്റെ പ്രസ്താവനയെ മുന്‍നിര്‍ത്തി കൂടിയാണ് മാളവിക ബിന്നി പ്രതികരിച്ചത്.

‘ആദ്യം അടൂരിനെ മൂന്ന് മാസമെങ്കിലും സാമൂഹ്യ നീതിയെക്കുറിച്ചും സാമൂഹിക മൂലധനത്തെക്കുറിച്ചും പാട്രിയാര്‍ക്കിയെക്കുറിച്ചും ‘ഇന്റന്‍സീവ് ട്രെയിനിങ്’ കൊടുത്തതിനുശേഷം മാത്രമേ പൊതുവേദികളില്‍ സംസാരിക്കാനും പൊതു പദവികള്‍ അലങ്കരിക്കാനും അനുവദിക്കാവൂ,’ മാളവിക ബിന്നി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാളവിക ബിന്നിയുടെ വിമര്‍ശനം.

അടൂര്‍ ഗോപാലകൃഷ്ണന്റെ ജാതിവെറി ഇതിനകം തന്നെ പൊതുസമൂഹത്തില്‍ വെളിപ്പെട്ടിട്ടുള്ളതാണെന്ന് ടി.എസ്. ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ കാര്യത്തിലില്ലാത്ത പരിശീലനം, പട്ടികജാതിക്കാര്‍ക്ക് കൊടുക്കണമെന്ന അടൂരിന്റെ പരാമര്‍ശം തന്നെ മേല്‍ക്കോയ്മാ ജാതി ബോധ്യത്തില്‍ നിന്നുളവാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എത്ര മഹാനായ കലാകാരനായാലും മനസില്‍ നിറഞ്ഞിരിക്കുന്ന നൂറ്റാണ്ടുകളുടെ ദുര്‍ഗന്ധം വമിക്കുന്ന സവര്‍ണ ജാതി ബോധ്യം ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് കാര്യമെന്നും ടി.എസ് ശ്യാംകുമാര്‍ ചോദിച്ചു.

‘കേരളത്തില്‍ സവര്‍ണതക്ക് കൈയടി കിട്ടുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു?! പുരോഗമനമൊക്കെ ഒരു മുഖം മൂടിയല്ലേ… പുറത്ത് മാര്‍ക്‌സും അകത്ത് പൂന്താനവുമായിട്ടാണ് പുരോഗമനക്കാര്‍ ജീവിക്കുന്നത്,’ മറ്റൊരു പോസ്റ്റില്‍ ശ്യാംകുമാര്‍ കുറിച്ചു.

അടൂരിന്റെ വിവാദപ്രസ്താവനയെ വേദിയിലിരുന്ന ഒരു കൂട്ടം ആളുകള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കണ്ടപ്പോള്‍ ദുഃഖം തോന്നിയെന്ന് ഗായിക പുഷ്പാവതി പൊയ്പ്പാടത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്യാംകുമാറിന്റെ വിമര്‍ശനം.

Content Highlight: Adoor Gopalakrishnan’s controversial statement has drawn widespread criticism