ഒരു 'തള്ളയും പെണ്ണുമാണ്' പരാതിക്കാര്‍; ശങ്കര്‍ മോഹനന് എന്ത് കേരളത്തിലെ ജാതി, അയാള്‍ ദല്‍ഹിക്കാരന്‍: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ അടൂര്‍
Kerala News
ഒരു 'തള്ളയും പെണ്ണുമാണ്' പരാതിക്കാര്‍; ശങ്കര്‍ മോഹനന് എന്ത് കേരളത്തിലെ ജാതി, അയാള്‍ ദല്‍ഹിക്കാരന്‍: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ അടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 4:12 pm

കൊച്ചി: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂര്‍ പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

‘ഡയറക്ടര്‍ ശങ്കര്‍ മോഹനന് എന്താണ് കേരളത്തിലെ ജാതി സിസ്റ്റമെന്ന് പോലും അറിയില്ല. കാരണം ദല്‍ഹിയിലാണ് അയാള്‍ ജീവിച്ചിരുന്നത്. ഇവിടെ വന്നപ്പോഴാണ് അദ്ദേഹം ഈ ജാതി പ്രശ്‌നം ഒക്കെ കേള്‍ക്കുന്നത്. ശങ്കരമോഹനന്‍ പോയാല്‍ പിന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.

ശങ്കര്‍ മോഹനന്റെ ഭാര്യക്കെതിരെ വരെ ആരോപണം ഉയര്‍ന്നു. ഇതിനെതിരെ അവര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തേക്കുമെന്നാണ് അറിവ്,’ അടൂര്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യുന്ന വദ്യാര്‍ത്ഥികള്‍ക്കെതിരെയും അദ്ദേഹം സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാവരും സമരം ചെയ്യുന്നില്ലെന്നും കുറച്ചുപേര്‍ നേതൃത്വം നല്‍കി എല്ലാവരെയും അതിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അടൂര്‍ പറഞ്ഞു.

‘എല്ലാ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഇല്ല. കുറച്ച് കുട്ടികള്‍ മാത്രമാണ് പ്രശ്നം.
വൈകുന്നേരം വരെ ഹോസ്റ്റലില്‍ കിടന്നുറങ്ങി മദ്യപിക്കുകയാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍.

വൈകുന്നേരം വരെ ഹോസ്റ്റലില്‍ കിടന്ന് ഉറങ്ങി മദ്യപിക്കുകയാണ് അവര്‍. ഗേറ്റിലെ സെക്യൂരിറ്റിക്കാരനാണ് മദ്യം കൊണ്ടുനല്‍കുന്നത്. ഇത് നാട്ടിലെ പലരും കണ്ടു. ഇയാളെ മാറ്റിയതിലുള്ള ദേഷ്യമാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.

ഒരു പ്രായമായ സ്ത്രിയും പെണ്ണുമാണ് പരാതിക്കാര്‍, ഈ ‘തള്ളയെയും പെണ്ണിനെയും’ പറഞ്ഞയച്ചത് സെക്യൂരിറ്റിക്കാരനാണ്. സെലിബ്രിറ്റിയാകാന്‍ വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നത്. ഡബ്ല്യൂ.സി.സി ആളുകള്‍ വന്നു അവരുടെ കൂടെ ചിത്രമെടുത്തു. അവര് സ്റ്റാര്‍ ആയല്ലോ.

അവരെക്കൊണ്ട് പറഞ്ഞു പഠിപ്പിച്ചതാണ് അവര്‍ ടി.വിയില്‍ വന്ന് പറഞ്ഞത്. ഇവര്‍ ആകെ പറഞ്ഞത് ജോലിയുടെ കാര്യത്തെക്കുറിച്ചാണ്. ശങ്കരമോഹന്റെ വീട്ടിലെ പണി എടുക്കുന്നതിന് ഒരു മണിക്കൂര്‍ മതി, ആ ദിവസം മറ്റ് പണികള്‍ അവര്‍ എടുക്കേണ്ടതില്ല, അവിടെ നിന്ന് ഭക്ഷണവും മറ്റും നല്‍കും എന്നിട്ടാണ് നന്ദി ഇല്ലാതെ അവര്‍ ഇങ്ങനെ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി എന്നിവര്‍ക്കെതിരെയും അടൂര്‍ രംഗത്തെത്തി. ആഷിഖ് അബു, രാജീവ് രവി തുടങ്ങിയ നിരവധി യുവ സംവിധായകര്‍ ഈ വിഷയത്തില്‍ നിങ്ങളെ വിമര്‍ശിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ആഷിഖ് അബുവൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നത്. മെഡിറ്റേഷനിലൂടെ ഉണ്ടാവേണ്ടതാണ് സിനിമ അല്ലാതെ ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് തമ്മില്‍ തമ്മില്‍ പറഞ്ഞ് ഉണ്ടാവേണ്ടതല്ല. ആഷിഖ് അബുവില്‍ നിന്ന് അവര്‍ എന്താണ് പഠിക്കാന്‍ പോകുന്നത്,’ അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Adoor Gopalakrishnan has reiterated his statement that there is no caste discrimination at KR  Narayanan Film Institute