അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത മോദിയെ സ്വാതന്ത്ര്യസമര നേതാവായി കരുതുന്നവരോട് ക്ഷമിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്? പി. സായ്‌നാഥ്
national news
അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത മോദിയെ സ്വാതന്ത്ര്യസമര നേതാവായി കരുതുന്നവരോട് ക്ഷമിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്? പി. സായ്‌നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 3:27 pm

കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കിയുണ്ടാക്കിയ ആസാദി കാ അമൃത് മഹോത്സവ് വെബ്‌സൈറ്റില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര നേതാക്കളുടെയും ഫോട്ടോയോ വിവരമോ ഇല്ലാത്തത് ചരിത്രത്തില്‍ നിന്നും പല കാര്യങ്ങളും മനപൂര്‍വം തുടച്ചുനീക്കുന്നതിന്റെ ഉദാഹരണമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. സായ്‌നാഥ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരങ്ങള്‍ നടക്കുന്ന സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത നരേന്ദ്ര മോദിയാണ് പ്രധാന സ്വാതന്ത്ര്യസമര സേനാനി എന്ന് കരുതുന്ന നമ്മുടെ യുവതലമുറയോട് ക്ഷമിക്കുക മാത്രമേ ചെയ്യാനാകൂ എന്നും സായ്‌നാഥ് പറഞ്ഞു.

The Last Heroes: Foot Soldiers of Indian Freedom എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചും വ്യാജമായി ഇത്തരം ചരിത്രം നിര്‍മിക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ശ്രമങ്ങളെ കുറിച്ചും ഡൂള്‍ന്യൂസിന് വേണ്ടി മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ഷാജി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇന്ത്യയുടെ ചരിത്രത്തിലെ പല സംഭവങ്ങളും വലിയ രീതിയില്‍ ഒഴിവാക്കപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റായ ആസാദി കാ അമൃത് മഹോത്സവില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലുമൊരു സ്വാതന്ത്ര്യസമര സേനാനിയുടെ ഒരു സ്‌റ്റോറിയോ, ഫോട്ടോയോ, ക്വട്ടേഷനോ, ഓഡിയോയോ വീഡിയോയോ നിങ്ങള്‍ക്ക് കാണാനാകില്ല.

എത്ര കോടികളാണ് ഈ വെബ്‌സൈറ്റിന് വേണ്ടി ചിലവഴിച്ചതെന്ന് ദൈവത്തിനറിയാം. വെബ്‌സൈറ്റിന്റെ ആദ്യഘട്ട പേയ്‌മെന്റ് തന്നെ ഏകദേശം 110 കോടിയായിരുന്നു എന്ന് തോന്നുന്നു. ഇതിന് ശേഷം പിന്നെയും കോടികള്‍ ചിലവാക്കിയിട്ടുണ്ട്.

ഇത്രയും പണം ചിലവാക്കി ഉണ്ടാക്കിയ ഒരു വെബ്‌സൈറ്റില്‍ ഇന്നത്തെ ഒരു സ്വാതന്ത്ര്യസമര നേതാക്കളുടെയും വിവരങ്ങളില്ല. പക്ഷെ അതില്‍ വേറെ ഒരുപാട് ഫോട്ടോകളുണ്ട്. റേഷന്‍ കാര്‍ഡ് മുതല്‍ ഗ്യാസ് സിലിണ്ടര്‍ വരെ നിങ്ങള്‍ കാണുന്ന ഫോട്ടോകള്‍.

അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത നരേന്ദ്ര മോദി ആയിരുന്നു പ്രധാന സ്വാതന്ത്ര്യസമര സേനാനി എന്ന് കരുതുന്ന നമ്മുടെ യുവതലമുറയോട് ക്ഷമിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്?

ഇന്ത്യന്‍ ചരിത്രത്തോടുള്ള ഔദ്യോഗിക പക്ഷത്തിന്റെ സര്‍ക്കാരിന്റെ നിലപാടിന്റെ പ്രശ്‌നമാണിത്,” പി. സായ്‌നാഥ് പറഞ്ഞു.

ഗാന്ധി വധിക്കപ്പെട്ട ദിവസം മധുരം വിതരണം ചെയ്യുന്ന സംഘപരിവാറിന് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പങ്കുണ്ടാകുന്നതെങ്ങനെയെന്നും അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്.

ഹിന്ദുത്വവാദികള്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന് നല്‍കിയ ഒരേയൊരു ‘സംഭാവന’ ഗാന്ധിവധമാണെന്നും അതുകൊണ്ടാണ് അവര്‍ 800 വര്‍ഷം പിറകിലേക്ക് പോയി ‘തങ്ങളുടേതായ’ സ്വാതന്ത്ര്യസമര നായകരെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതെന്നും സായ്‌നാഥ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Content Highlight: Jounalist P Sainath about Narendra Modi Freedom Struggle and azadi ka amrit mahotsav