നേപ്പാളില്‍ തകര്‍ന്ന വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും 23 കുട്ടികളുമുണ്ടെന്ന് സൂചന; വിമാനം തകര്‍ന്നത് റണ്‍വേയില്‍
World News
നേപ്പാളില്‍ തകര്‍ന്ന വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും 23 കുട്ടികളുമുണ്ടെന്ന് സൂചന; വിമാനം തകര്‍ന്നത് റണ്‍വേയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 12:12 pm

കാഠ്മണ്ഡു: നേപ്പാളില്‍ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 30 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോയ യതി എയര്‍ലൈന്‍സിന്റെ എ.ടി.ആര്‍72 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പായി റണ്‍വേയില്‍ തകര്‍ന്നത്.

വിമാനം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

72 സീറ്റുകളുണ്ടായിരുന്ന വിമാനത്തില്‍ 68 യാത്രക്കാരും നാല് വിമാന ജീവനക്കാരുമാണുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 23 പേര്‍ കുട്ടികളാണ്.

വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് സൂചന.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊഖാറ വിമാനത്താവളം പൂര്‍ണമായും അടച്ചിരിക്കുകയാണ്.

എങ്ങനെയാണ് അപകടമുണ്ടായത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂടല്‍ മഞ്ഞുള്ള മോശമായ കാലവസ്ഥയായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്.

Content Highlight: Plane crashed in Nepal