എല്ലാത്തിലും പ്രതികരിക്കാന്‍ ഞാന്‍ മന്ത്രിയല്ല, മറ്റാരോടെങ്കിലും ചോദിക്കൂ; ശങ്കര്‍ മോഹന്റെ രാജിയില്‍ അടൂര്‍
Kerala News
എല്ലാത്തിലും പ്രതികരിക്കാന്‍ ഞാന്‍ മന്ത്രിയല്ല, മറ്റാരോടെങ്കിലും ചോദിക്കൂ; ശങ്കര്‍ മോഹന്റെ രാജിയില്‍ അടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st January 2023, 5:43 pm

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍ മോഹന്‍ രാജിവെച്ചതില്‍ പ്രതികരിക്കാനില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ചെയര്‍മാന്‍ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കാണുന്നിടത്തെല്ലാം പ്രതികരിക്കാനില്ല. എല്ലാ വിഷയത്തിലും പ്രതികരിക്കാന്‍ ഞാന്‍ മന്ത്രിയല്ല. രാജിയില്‍ പ്രതികരണം അറിയണമെങ്കില്‍ മറ്റാരോടെങ്കിലും പോയി ചോദിക്കൂ,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ശങ്കര്‍ മോഹന്‍ രാജി സമര്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും രാജിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്നും വിവിധ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാതിവിവേചനം ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടിരുന്ന ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ഡിംസംബര്‍ അഞ്ച് മുതലായിരുന്നു ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം തുടങ്ങിയിരുന്നത്. സമരത്തെയും വിദ്യാര്‍ത്ഥികളെയും അധിക്ഷേപിച്ച
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി, അമന്‍ നീരദ്, മഹേഷ് നാരായണന്‍ തുടങ്ങി സിനിമാ മേഖലയിലെ പല പ്രമുഖരും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും രംഗത്തെത്തിയിരുന്നു.

അതേസമയം, ശങ്കര്‍ മോഹന്റെ രാജിയില്‍ വിദ്യാര്‍ത്ഥി സമര നേതാക്കള്‍ പ്രതികരിച്ചിരുന്നു. 12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തങ്ങളുടെ സമരമെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമെ സമരം വിജയമാണെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Adoor Gopalakrishnan about K R Narayanan Institute Chairman Sankar Mohan’s resignation