12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം: ശങ്കര്‍ മോഹന്റെ രാജിയില്‍ വിദ്യാര്‍ത്ഥികള്‍
Kerala News
12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം: ശങ്കര്‍ മോഹന്റെ രാജിയില്‍ വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st January 2023, 4:18 pm

കോട്ടയം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍. 12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തങ്ങളുടെ സമരമെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമെ സമരം വിജയമാണെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ശങ്കര്‍ മോഹന്‍ രാജിവെച്ചത് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതേയുള്ളു. ഞങ്ങള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയേണ്ടതുണ്ട്. 12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടാണ് ഞങ്ങളുടെ സമരം.

ഇ- ഗ്രാന്റ്‌സ് കൃത്യമായി ലഭിക്കണം, ഡയറക്ടറുടെ പ്രതികാര നടപടികള്‍ മൂലം കോഴ്‌സ് നഷ്ടപ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കണം, സംവരണം കൃത്യമായി അടുത്ത വര്‍ഷം പാലിക്കപ്പെടണം തുടങ്ങിയവയാണ് ഞങ്ങളുടെ ആവശ്യം.

ഇതിലൊക്കെ ഒരു ഉറപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായാലെ ഞങ്ങളുടെ സമരം വിജയമായിട്ട് കാണാന്‍ കഴിയുകയുള്ളു.

പ്രായപ്രശ്‌നം ഉന്നയിച്ച് രാജിവെക്കുന്നുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് കാണുന്നത്. അതല്ലല്ലോ വിഷയം. വിഷയം ജാതി അധിക്ഷേപമാണ്, കൃത്യമായ സംവരണ അട്ടിമറിയാണ്, മനുഷ്യത്വ വിരുദ്ധ ചെയ്തികളാണ്. അതിന്റെ പേരിലാണ് രാജിവെക്കേണ്ടത്.

രണ്ട് അന്വേഷണ കമ്മീഷന്‍ വന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പുറത്തുവിടണം. അതിന്റെ പേരിലുള്ള എല്ലാ നിയമ നടപടികളും എടുക്കേണ്ടതുണ്ട്,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി
ശങ്കര്‍ മോഹന്‍ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും രാജിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഡിംസംബര്‍ അഞ്ച് മുതലായിരുന്നു ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം തുടങ്ങിയിരുന്നത്. സമരത്തെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ പറഞ്ഞിരുന്നത്.

അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി, അമല്‍ നീരദ്, വിമണ്‍ ഇന്‍ സിമിമ കളക്ടീവ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

Content Highlight: Protesting students response KR Narayanan Film Institute director Shankar Mohan resigned