കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിനെ, കോണ്‍ഗ്രസ് എം ആക്കാനാണ് (മമത കോണ്‍ഗ്രസ്) മമത ശ്രമിക്കുന്നതെന്ന് അധിര്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന്റെ വിവിധയിടങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ചും ആകര്‍ഷിച്ചും കോണ്‍ഗ്രസ് എം. ആക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഇതിലൂടെ മോദിയുടെ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമായി മമത മാറുകയാണ്,’ അധിര്‍ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തില്‍ മമത കുഴപ്പങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസില്‍ മമതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരില്‍ മമതയ്ക്ക് മന്ത്രിപദം ലഭിച്ചു,’ അദ്ദേഹം പറഞ്ഞു.
ഇന്ന് അതേ വ്യക്തി തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തുകയാണെന്നും അധിര്‍ കൂട്ടിച്ചേര്‍ത്തു.