സിനിമയിലില്ലാത്ത സീനുകള്‍ എന്നെകൊണ്ട് ചെയ്യിപ്പിച്ചു, ഇത്തരം റാഗിങ്ങുകള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്: നിത്യ ദാസ്
Entertainment news
സിനിമയിലില്ലാത്ത സീനുകള്‍ എന്നെകൊണ്ട് ചെയ്യിപ്പിച്ചു, ഇത്തരം റാഗിങ്ങുകള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 10:04 am

സിനിമ ഷൂട്ട് നടക്കുന്നതിനിടയില്‍ സംഭവിച്ച് രസകരമായ ചില അനിഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി നിത്യ ദാസ്. തന്റെ ആദ്യത്തെ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശി തന്നെ പറ്റിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞെന്നും അത് സത്യമാണെന്ന് കരുതി താന്‍ ചെയ്‌തെന്നും നിത്യ ദാസ് പറഞ്ഞു.

താന്‍ സിനിമയില്‍ പുതിയ ആളായത് കൊണ്ട് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതൊക്കെ റാഗിങ്ങായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും നിത്യ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അന്ന് രാത്രി മുഴുവന്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അവിടെ ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. എനിക്കാണെങ്കില്‍ നന്നായിട്ട് ഉറക്കം വരുന്നുണ്ട്. എനിക്ക് ആണെങ്കില്‍ ഒറ്റ സീന്‍ മാത്രം ഷൂട്ട് ചെയ്യാനുണ്ടായിരുന്നുള്ളു. അതാണെങ്കില്‍ ആ ഫൈറ്റ് നടക്കുമ്പോള്‍ വെറുതെ ഒന്ന് പാസ് ചെയ്താല്‍ മാത്രം മതിയായിരുന്നു.

ഇന്നത്തെ പോലെ ഒന്നുമല്ല, അന്ന് കാരവാനൊന്നുമില്ല. അവിടെ താമസിക്കാന്‍ ഒരു വീടുണ്ട്, അവിടെ എന്തോ പായ കെട്ടിയാണ് കിടന്നുറങ്ങുന്നത്. അവരിങ്ങനെ ഫൈറ്റ് എടുത്ത് കൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ ഞാന്‍ ചെന്ന് ചോദിക്കും എന്റെ സീനായോ എന്ന്. അതിന്റെ ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങള്‍ക്ക് ഒരു സീന്‍ ചെയ്യാനുണ്ടെന്ന്.

ഇതിന് മുകളില്‍ ഒരു സ്ഥലമുണ്ട് അതിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടണമെന്ന്. നിങ്ങള്‍ ഇവിടെയിരുന്ന് പ്രാക്ടീസ് ചെയ്‌തോളു. അപ്പോള്‍ ഏകദേശം ഷോട്ട് എടുക്കാന്‍ സമയമാകുമെന്നും പറഞ്ഞു. എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ലല്ലോ. ഞാന്‍ മുകളിലേക്ക് കയറുന്നു താഴേക്ക് ചാടുന്നു, കയറുന്നു ചാടുന്നു. അങ്ങനെ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു.

ശരിക്കും പറഞ്ഞാല്‍ അങ്ങനെയൊരു ഷോട്ടൊന്നും സിനിമയിലില്ലായിരുന്നു. എന്റെ ഉറക്കമൊക്കെ പോയി ഞാന്‍ ഫ്രഷാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യിച്ചത്. അത് കഴിഞ്ഞ് അദ്ദേഹം എന്നോട് ചോദിച്ചു ഇപ്പോള്‍ എല്ലാം ശരിയായില്ലേയെന്ന്. അങ്ങനെ കുറേ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ ആളായിരുന്നല്ലോ ഞാന്‍ ഇങ്ങനെ റാഗ് ചെയ്യുന്ന പോലെയുള്ള കുറേ സംഭവങ്ങള്‍ നടന്നിട്ടുണ്ട്,’ നിത്യ ദാസ് പറഞ്ഞു

content highlight: actrss nithya das about mafia sasi