കാരവാൻ വന്നതിൽ പിന്നെ ആരും തമ്മിൽ കാണുന്നില്ല, സംസാരിക്കുന്നില്ല; പണ്ട് അങ്ങനെയല്ലായിരുന്നു: സീനത്ത്
Entertainment
കാരവാൻ വന്നതിൽ പിന്നെ ആരും തമ്മിൽ കാണുന്നില്ല, സംസാരിക്കുന്നില്ല; പണ്ട് അങ്ങനെയല്ലായിരുന്നു: സീനത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 7:51 pm

മലയാള സിനിമാനടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സീനത്ത്. തൊണ്ണൂറുകളിൽ മലയാള സിനിമകളിലെ ശ്രദ്ധേയമായ സഹനടിയായിരുന്നു അവർ. നാടകത്തിൽ നിന്നുമാണ് സീനത്ത് സിനിമയിലേക്ക് എത്തുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങൾ സീനത്തിന് ലഭിച്ചു. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സീനത്ത് സ്വന്തമാക്കി. ഇപ്പോൾ സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സീനത്ത്.

സൗഹൃദങ്ങളൊക്കെ ഉണ്ടെങ്കിലും കാരവാൻ വന്നതിൽ പിന്നെ എല്ലാവരും ഷൂട്ട് കഴിഞ്ഞയുടനെ അതിലായിരിക്കുമെന്നും ആരും അധികം സംസാരിക്കാറില്ലെന്നും സീനത്ത് പറയുന്നു.

എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ലെന്നും എല്ലാവരും ഷൂട്ട് കഴിഞ്ഞാൽ ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നെന്നും അവർ പറഞ്ഞു. അമൃത ടി.വിയിലെ ആനീസ് കിച്ചണിൽ സംസാരിക്കുകയായിരുന്നു സീനത്ത്.

‘സൗഹൃദങ്ങളൊക്കെ ഉണ്ടെങ്കിലും ഇപ്പോള്‍ ഈ കാരവാനൊക്കെ കൂടുതല്‍ വന്നേപ്പിന്നെ എല്ലാവരും അതില്‍ കയറിയിരിക്കും. ഷൂട്ട് കഴിഞ്ഞാല്‍ ഉടന്‍ എല്ലാവരും അതിലായിരിക്കും. ആരെയും കാണുന്നുമില്ല, വര്‍ത്തമാനം പറയുന്നുമില്ല.

പിന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാരവാന്‍ ഒക്കെയുണ്ട്. അപ്പോള്‍ അതില്‍ ആരാ ആദ്യം വരുന്നത് അവര്‍ സ്വന്തമാക്കി വെക്കുന്നത് പോലെയാണ്. പിന്നെ വേറെ ആള്‍ക്കാര്‍ വരുമ്പോള്‍ എന്തോ കുറ്റം ചെയ്യാന്‍ വന്നതുപോലെയാണ്.

പണ്ടൊന്നും അങ്ങനെ അല്ല ഒരു ഷോട്ട് കഴിഞ്ഞാല്‍ എല്ലാവരും ഇരിക്കും ലാല്‍ (മോഹന്‍ലാല്‍) അടക്കം എല്ലാവരും ഇരിക്കും. പിന്നെ തമാശ പറയും, കാര്യങ്ങള്‍ സംസാരിക്കും, ബഹളം വെക്കും അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുന്നതേ ഇല്ല,’ സീനത്ത് പറയുന്നു.

Content Highlight: Actress Zeenath talking about Friendship in Malaayalam Cinema