'സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്'?; പാചകം അറിയില്ലെന്ന് പറഞ്ഞ് കളിയാക്കിവരുടെ വായടപ്പിച്ച് വിദ്യാ ബാലന്‍
Entertainment
'സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്'?; പാചകം അറിയില്ലെന്ന് പറഞ്ഞ് കളിയാക്കിവരുടെ വായടപ്പിച്ച് വിദ്യാ ബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th June 2021, 8:35 am

മുംബൈ: അഭിനയം കൊണ്ടും നിലപാട് കൊണ്ടും ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്‍. തുടക്കകാലത്ത് ചലച്ചിത്ര മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെപ്പറ്റിയും തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിംഗിനെപ്പറ്റിയും വിദ്യ തുറന്നു സംസാരിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് നേരെയുണ്ടായ ഒരു സ്റ്റിരീയോടൈപ്പ് ചോദ്യത്തെ നേരിട്ട അനുഭവത്തെപ്പറ്റി തുറന്നുപറയുകയാണ് വിദ്യ. ടൈംസ് നൗ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യയുടെ പരാമര്‍ശം.

പലരും പൊതുവേദികളും പാര്‍ട്ടിയ്ക്കിടയിലും വെച്ച് തന്നോട് ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ് പാചകം അറിയില്ലേ എന്നതെന്ന് വിദ്യ പറയുന്നു. അതിന്റെ പേരില്‍ തന്നെ പലരും കളിയാക്കിയിട്ടുണ്ടെന്നും എന്നാല്‍ എന്തിനായിരുന്നു ആ കളിയാക്കലുകള്‍ എന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും വിദ്യ പറയുന്നു.

‘ഞാനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് കപൂറും പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പലരും ചോദിച്ച ചോദ്യമായിരുന്നു പാചകം അറിയില്ലേ എന്നത്. നിരവധി പേരാണ് എന്നെ കളിയാക്കിയത്. എനിക്ക് മാത്രമല്ല സിദ്ധാര്‍ത്ഥിനും പാചകം അറിയില്ലായിരുന്നു. അങ്ങനെ തന്നെയാണ് ഞാന്‍ മറുപടി നല്‍കിയത്,’ വിദ്യ പറയുന്നു.

അപ്പോള്‍ താന്‍ തീര്‍ച്ചയായും പാചകം പഠിച്ചിരിക്കണം തുടങ്ങിയ ഉപദേശങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും വിദ്യ പറയുന്നു. അതിനും തന്റെ പക്കല്‍ കൃത്യമായ ഉത്തരമുണ്ടായിരുന്നു.

‘സിദ്ധാര്‍ത്ഥിന് അറിഞ്ഞില്ലേലും കുഴപ്പമില്ല. ഞാന്‍ മാത്രം പാചകം പഠിച്ചിരിക്കണമെന്ന് പറഞ്ഞവരോട് ഒന്നേ ചോദിക്കാനുള്ളു. സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്,’ വിദ്യ പറഞ്ഞു.

സമൂഹത്തില്‍ ലിംഗ വിവേചനം ഒരു സാധാരണ സംഭവമായി മാറിയെന്നും എല്ലാവരും അത് അനുഭവിക്കുന്നുണ്ടെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനത്തിന് മൂര്‍ച്ചകൂടുകയാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

മുമ്പ് തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിംഗിനെപ്പറ്റിയും വിദ്യ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. തന്റെ തടിയെപ്പറ്റി വളരെ മോശമായി തന്നെ ചിലര്‍ കമന്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിച്ചതേയില്ലെന്നും വിദ്യ പറഞ്ഞു.