പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്; മനുഷ്യത്വമുള്ളയാള്‍, എന്തൊരു എളിമയാണ് അദ്ദേഹത്തിന്: ഷീല
Entertainment news
പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്; മനുഷ്യത്വമുള്ളയാള്‍, എന്തൊരു എളിമയാണ് അദ്ദേഹത്തിന്: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd May 2023, 6:42 pm

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് ഷീല. തനിക്ക് സിനിമയില്‍ നിന്നും ലഭിച്ച വിലപ്പെട്ട അനുഭവങ്ങളെപറ്റി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് മനസുതുറക്കുകയാണ് നടി.

‘സുന്ദരിയായ നടി അല്ലെങ്കില്‍ കഴിവുള്ള നടി’ എന്നിവയില്‍ ഏത് പേരില്‍ അറിയപ്പെടാനാണ് താത്പര്യം എന്ന ചോദ്യത്തിന് സുന്ദരിയായ കഴിവുള്ള നടി എന്നറിയപ്പെടാനാണ് തനിക്കിഷ്ടം എന്ന് ഷീല പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത് താന്‍ അമ്മയായി എന്നുള്ളതാണെന്നും അമ്മയേക്കാള്‍ താഴെയാണ് കലാകാരിയെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളില്‍ പിണറായി വിജയനെയാണ് ഇഷ്ടമെന്നും കലാകാരന്‍മാരെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നത് ഞാന്‍ ഒരു അമ്മ ആയി എന്നുള്ളതാണ്. ഏപ്പോഴും അമ്മയേക്കാള്‍ താഴെയാണ് കലാകാരി.

കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള ഇഷ്ടത്തിന് കാരണം, പണ്ട് എന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ എപ്പോള്‍ നോക്കിയാലും നെഹ്‌റു അവിടെ വന്നു ഇവിടെ വന്നു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയുന്നതൊക്കെ കേട്ടുകേള്‍വിയുണ്ടായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസ് എന്ന വാക്ക് എനിക്കറിയാം. ഉമ്മന്‍ ചാണ്ടിയെ ഒക്കെ എനിക്കിഷ്ടമായിരുന്നു. ഇപ്പോള്‍ പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്.

പിണറായി വിജയന്‍ വളരെ സ്‌നേഹമുള്ള ആളാണ്. മനുഷ്യരോട് മനുഷ്യത്വമുള്ള, കലാകാരന്‍മാരെയൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളാണ്.

ആറ് മാസം മുമ്പ് ഞാന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടെയിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു, ബുക് സ്റ്റാളില്‍ കയറി ബുക്‌സ് ഒക്കെ നോക്കുന്നുണ്ട്. എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ എന്ന് ഞാനിങ്ങനെ ആലോചിച്ചു. ശരിക്ക് നോക്കിയപ്പോള്‍ നമ്മുടെ പിണറായി വിജയന്‍. എന്ത് എളിമയാണ്. ഞാന്‍ ഡിസ്റ്റര്‍ബ് ചെയ്യാന്‍ പോയില്ല. ഞാന്‍ പോയി സംസാരിച്ചിട്ട് പിന്നെ അവിടെ ആള് കൂടിയാലോ? എന്ത് എളിമയാണ് അദ്ദേഹത്തിന്, എനിക്ക് വലിയ ഇഷ്ടമാണ്,’ ഷീല പറഞ്ഞു.

കമലിന്റെ ആമിയില്‍ താനായിരുന്നു മാധവിക്കുട്ടിയുടെ വേഷം ചെയ്യേണ്ടിയിരുന്നതെന്നും ഷീല പറഞ്ഞു.

‘കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തില്‍ ഞാനാണ് അഭിനയിക്കാനിരുന്നത്. അഡ്വാന്‍സ് വരെ എന്റെ കയ്യില്‍ ലഭിച്ചതാണ്, എന്റെ കോള്‍ ഷീറ്റ് കാരണവും പ്രൊഡ്യൂസര്‍ മാറിയതുകൊണ്ടും ആ വേഷം പോയി. പിന്നെ ഭാര്‍ഗവീനിലയത്തിലെ റോള്‍ ചെയ്യാന്‍ എന്നെയാണ് വിളിച്ചത്. അതും എന്റെ കോള്‍ ഷീറ്റിന്റെ പ്രശ്‌നം കൊണ്ടാണ് മുടങ്ങിപ്പോയത്. എന്റെയും മധുവിന്റെയും കോമ്പിനേഷന്‍ സീന്‍ ചെയ്യാന്‍ തീയതി കിട്ടിയില്ല. അങ്ങിനെയാണ് തെലുങ്കില്‍ നിന്നും വിജി നിര്‍മല എന്ന നടിയെ കൊണ്ടുവന്നത്’ ഷീല പറഞ്ഞു.

 

Content Highlight: Actress Sheela about Pinarayi Vijayan