രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. ഇടക്കാല വിധിക്ക് സ്റ്റേയില്ല. വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി ഗുജറാത്ത് ഹൈക്കോടതി
Rahul Gandhi
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. ഇടക്കാല വിധിക്ക് സ്റ്റേയില്ല. വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി ഗുജറാത്ത് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 6:07 pm

അഹമ്മദാബാദ്: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീര്‍ത്തി കേസിലെ സൂറത്ത് കോടതിയുടെ വിധിയില്‍ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ വേനലവധിക്ക് ശേഷമായിരിക്കും ഗുജറാത്ത് ഹൈക്കോടതി വിധി പറയുക. ഇതോടെ വേനലവധി കഴിയുന്നത് വരെ രാഹുല്‍ ഗാന്ധി അയോഗ്യനായി തന്നെ തുടരും.

വിധി പറയല്‍ വേനലവധിക്ക് ശേഷമായിരിക്കുമെന്ന് പ്രഖ്യാപിച്ച സമയത്ത് തന്നെ വിധിക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അയോഗ്യത വിഷയമായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ അയോഗ്യത കല്‍പിച്ചത് കോടതിയോ പരാതിക്കാരനോ അല്ലെന്നും, പാര്‍ലമെന്റ് ആണെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.

ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിശദമായ വിധി പറയല്‍ വേനലവധിക്ക് ശേഷമാകാമെന്ന് കോടതി പറഞ്ഞത്. എന്നാല്‍ എത്രയും പെട്ടെന്നു തന്നെ ഒരു ഇടക്കാല സ്റ്റേ രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. വാദം പൂര്‍ത്തിയായതിനാല്‍ തന്നെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വേനലവധിക്ക് ശേഷം അന്തിമ ഉത്തരവ് വരുന്നതുവരെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കാത്തിരുന്നേ മതിയാകൂ.

മനു അഭിഷേക് സിങ്‌വി

രാഹുല്‍ ഗാന്ധിക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയും പരാതിക്കാരനായ പൂര്‍ണേഷ് മോദിക്ക് വേണ്ടി അഡ്വ. നിരുപം നാനാവദുമാണ് ഹാജറായിരുന്നത്. ജസ്റ്റിസ് ഹേമന്ദ് പ്രഗക്കായിരുന്നു കേസ് പരിഗണിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാഹുല്‍ ഗാന്ധിയുടെയും ഇന്ന് പരാതിക്കാരന്റെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയല്‍ വേനലവധിക്ക് ശേഷം മതിയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് കൂടിയായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്.

ഈ പരാതിയില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതിയില്‍ നിന്ന് വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് പാര്‍ലമെന്റ് നോട്ടീസ് ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹിയിലെ തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിനെ തുടര്‍ന്ന് രാഹുല്‍ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തിരുന്നു.

content highlights: Rahul Gandhi’s disqualification will continue. Interim judgment has no stay. Gujarat High Court adjourned to pronounce judgment after summer vacation