സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാസി, അന്ന് ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു; അവന്റേതായ രീതിയില്‍ ഒരു മറുപടി തന്നു: ധ്യാന്‍ ശ്രീനിവാസന്‍
Movie Day
സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാസി, അന്ന് ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു; അവന്റേതായ രീതിയില്‍ ഒരു മറുപടി തന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd May 2023, 4:57 pm

മലയാള സിനിമയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും എതിരെയുള്ള ആരോപണവും തുടര്‍ന്നുള്ള ചലച്ചിത്ര നിര്‍മാതാക്കളുടെ കടുത്ത തീരുമാനങ്ങളും.

സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും താരങ്ങളുടെ വിലക്കിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ശ്രീനാഥ് ഭാസിയുടെയും ഷെയ്ന്‍ നിഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായ പിഴവുകളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ശ്രീനാഥുമായി നേരത്തെ തന്നെ ഈ വിഷയത്തില്‍ താന്‍ സംസാരിച്ചിരുന്നെന്നും ധ്യാന്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ കോഡ് ഓഫ് കണ്ടക്റ്റും ഡിസിപ്ലിനും ആവശ്യമാണെന്നും അതുകൊണ്ടാണ് തന്നെ സംവിധായകര്‍ വിളിക്കുന്നതെന്നുമായിരുന്നു ചിത്രങ്ങളുടെ ഡേറ്റ് ക്ലാഷുകള്‍ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടി.

‘വെയ്റ്റ് ചെയ്യിപ്പിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല, സീനിയേഴ്‌സിനെയൊക്കെ നമുക്ക് വേണ്ടി വെയിറ്റ് ചെയ്യിപ്പിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഭാസിയുടെ കാര്യത്തിലൊക്കെ എനിക്ക് മനസിലായത് ഭാസിയുടെ ലൈഫ്‌സ്റ്റൈല്‍ തന്നെ അങ്ങനെയാണ്. ഭാസി ഒരു നൈറ്റ് പേഴ്‌സണണാണ്. സ്വാഭാവികമായും രാത്രി ഉറങ്ങാന്‍ കഴിയാതിരിക്കുമ്പോഴാണല്ലോ രാവിലെ എഴുന്നേറ്റ് വരാന്‍ പറ്റാത്തത്.

എനിക്ക് ഭാസിയെ നേരത്തെ അറിയാം. ഗൂഢാലോചന എന്ന ചിത്രത്തില്‍ ഭാസിയോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് ആ സെറ്റിലൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒന്നിച്ചാണ് സെറ്റിലേക്ക് പോയിരുന്നത്. പിന്നീടാണ് ഭാസി സമയം പാലിക്കുന്നില്ല എന്ന കാര്യത്തെ കുറിച്ചൊക്കെ അറിയുന്നത്. അത് എല്ലാ സിനിമയിലും ഇല്ല. ചില സിനിമകളിലാണ്. അവര്‍ക്ക് അവിടെ ആ സ്വാതന്ത്ര്യം കിട്ടുന്നതുകൊണ്ടായിരിക്കും ആ ഉഴപ്പൊക്കെ കാണിക്കുന്നത്. എന്തു തന്നെയായാലും സീനിയേഴ്‌സിനെയൊക്കെ വെയ്റ്റ് ചെയ്യിപ്പിക്കുന്നത് ശരിയല്ല.

ഇതില്‍ ആകെ ചെയ്യാന്‍ കഴിയുന്നത് ഇങ്ങനെയുള്ള ആള്‍ക്കാരുടെ അടുത്ത് സിനിമയുമായി സമീപിക്കാതിരിക്കുക എന്നതാണ്. സമയം പാലിക്കാത്തവരെ വെച്ച് സിനിമ ചെയ്യാതിരിക്കുക. അല്ലാതെ എന്താണ് ചെയ്യുക.

സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അവന്‍. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ അവന്‍ ഒരു മോശം കാര്യം ചെയ്യുമ്പോള്‍ കൂട്ടുനില്‍ക്കില്ല. നല്ലൊരു ആക്ടറാണ് അവന്‍. നമുക്ക് പ്രിയപ്പെട്ടവരെക്കുറിച്ച് ഇത്തരത്തില്‍ ഒരു വാര്‍ത്ത വരുമ്പോള്‍ വിഷമം തോന്നും. അന്ന് ഞാന്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ അവന്റെ രീതിയില്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. എന്താ പറയുക, നമുക്ക് ഒരാളെ അടിമുടി മാറ്റാനൊന്നും കഴിയില്ലല്ലോ.

പ്രത്യേകിച്ചും സിനിമയില്‍ പങ്ച്വാലിറ്റി വേണം. ഒരു പ്രായം വരെ ഉഴപ്പൊക്കെ ഓക്കെയാണ്. ഇവരൊന്നും ഇനിയും ന്യൂ ജനറേഷനല്ല. 30 വയസിന് മുകളിലായി. സിനിമയില്‍ എത്തി 12 വര്‍ഷം കഴിഞ്ഞിട്ടും ഇങ്ങനെ ഒരു സംഭവം വരുന്നത് ശരിയല്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.